ഈന്തപ്പഴം, മതഗ്രന്ഥം വിതരണ കേസിൽ നിർണായക നീക്കങ്ങൾക്ക് അനുമതി
- Posted on January 28, 2022
- News
- By NAYANA VINEETH
- 115 Views
നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും

ഈന്തപ്പഴം, മതഗ്രന്ഥം വിതരണ കേസിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കി.
മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മന്ത്രി കെ.ടി. ജലീലിനേയും പ്രോട്ടോക്കോൾ ഓഫിസറേയുമടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
നയതന്ത്ര ചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തു വിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.