കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നു: കെ. സുരേന്ദ്രൻ.

  • Posted on March 24, 2023
  • News
  • By Fazna
  • 100 Views

കോഴിക്കോട് : രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമത്തിന്റെ മുന്നിൽ എല്ലാവരു തുല്ല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രാഹുൽഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിലാണെന്ന് കോൺഗ്രസ് പറയുന്നത് അപഹാസ്യമാണ്. 2013ലെ സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ രാഹുൽഗാന്ധിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മനസിലാകുന്നില്ല. കോടതിവിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽക്കോടതികളെ സമീപിക്കുകയാണ് രാഹുൽഗാന്ധിയും കോൺഗ്രസും ചെയ്യേണ്ടത്. അല്ലാതെ കോടതിയെ അവഹേളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഗാന്ധിയെ വധിച്ചത് ആർഎസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതിയിൽ മാപ്പു പറഞ്ഞ വ്യക്തിയാണ് രാഹുൽ. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം നേരിടുന്നത്. ഇന്ത്യയിൽ ഏകാധിപത്യ ഭരണമാണെന്നും വിദേശശക്തികൾ ഇടപെടണമെന്നും രാഹുൽ ആവശ്യപ്പെട്ടത് ദേശവിരുദ്ധമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കുകപ്പെടുകയാണെന്ന് വിദേശത്ത് പോയി പ്രസംഗിച്ച രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീർക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകൾ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവർ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാൽ പൊലീസിൽ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇരവാദം ഉയർത്തുകയാണ് രാഹുൽ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like