ചന്ദ്രകാന്ത, ദേവകി നന്ദൻ ഖത്രി
- Posted on July 28, 2021
- Ezhuthakam
- By Swapna Sasidharan
- 411 Views
ആധുനിക ഹിന്ദി സാഹിത്യലോകത്ത് ജനപ്രിയ കഥകൾക്ക് തന്റെതായ മാനം നൽകിയ എഴുത്തുകാരനാണ് ദേവകി നന്ദൻ ഖത്രി

'ചന്ദ്രകാന്താ കി കഹാനി യേ മാനാ ഹേ കി പുരാനി. യേ പുരാനി ഹോകർ ഭി ബഡി ലഗ്തി ഹേ സുഹാനി'. സ്കൂളിൽ പഠിക്കുന്ന സമയത്ത് നീരജ ഗുലേരിയുടെ സംവിധാനത്തിൽ ദൂരദർശനിൽ ഞായറാഴ്ച പ്രക്ഷേപണം ചെയ്തിരുന്ന ചന്ദ്രകാന്ത എന്ന സീരിയലിന്റെ ശീർഷക ഗാനം ആണിത്. ആധുനിക ഹിന്ദി സാഹിത്യലോകത്ത് ജനപ്രിയ കഥകൾക്ക് തന്റെതായ മാനം നൽകിയ എഴുത്തുകാരനാണ് ദേവകി നന്ദൻ ഖത്രി.
അദ്ദേഹത്തിന്റേതാണ് ചന്ദ്രകാന്ത സീരിയലിന്റെ മൂലകഥ എന്നറിയാമായിരുന്നു. ഹിന്ദി ഭാഷയോടുള്ള ഇഷ്ടം കാരണം സീരിയൽ കണ്ടെങ്കിലും പുസ്തക രൂപത്തിൽ കയ്യിൽ കിട്ടാൻ വർഷങ്ങൾ കഴിഞ്ഞു. ഈയടുത്താണ് ഇൻസൈറ്റ് പബ്ലിക്ക് പുറത്തിറക്കിയ ചന്ദ്രകാന്ത രണ്ട് വാല്യങ്ങളായി കയ്യിലെത്തുന്നത്.
ക്രൈം ത്രില്ലെർ നോവലുകളുടെ വായന കൂടി അവസാനം വായനയേ തന്നെ പാടേ തഴഞ്ഞിരിക്കുന്ന സമയം. ഒരു പരീക്ഷണമെന്ന നിലയിൽ മറ്റു ജനർ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. ആദ്യമൊന്നും വായന അത്ര സുഗമമായി മുന്നോട്ട് പോയില്ല. ഒന്നു രണ്ട് പുസ്തകങ്ങൾ വായിച്ചു തീർന്നപ്പോൾ ശരിയായി. അങ്ങനെയാണ് ചന്ദ്രകാന്ത വായിച്ചു തുടങ്ങിയത്.
കഥയിലേക്ക്,
നൗഗഡിലെ രാജകുമാരനായ വീരേന്ദ്ര സിംഗ് വിജയ്ഗഡിലെ രാജകുമാരി ചന്ദ്രകാന്തയുമായി പ്രണയത്തിലാണ്. ഒരു തെറ്റിദ്ധാരണയുടെ പേരിൽ രണ്ട് രാജ്യങ്ങളും ശത്രുതയിലാവുന്നതോടെ വീരേന്ദ്ര കുമാരനും ചന്ദ്രകാന്തയും പ്രതിസന്ധിയിലാവുന്നു.
സുഹൃത്തും ഒരു അയ്യാറുമായ (പേർഷ്യൻ സാഹിത്യത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് കൊണ്ട് രചിച്ച ഖത്രിയുടെ രചനകളിൽ മായാവികളും അതോടൊപ്പം യുദ്ധമുറകളിൽ പ്രവീണ്യമുള്ളവരുമായ അനേകരെ കാണാം. അയ്യാരി ചെയ്യുന്നതുകൊണ്ട് അയ്യാർ /അയ്യാര എന്നു യഥാക്രമം സ്ത്രീ പുരുഷ ഗണത്തിൽ പെടുന്ന ഇത്തരം ആൾക്കാരെ സംബോധന ചെയ്യുന്നു )തേജ് സിംഗിന്റെയും ചന്ദ്രകാന്തയുടെ തോഴിമാരും അയ്യാരകളുമായ ചപല, ചമ്പ എന്നിവരുടെയും സഹായത്തോടെ വീരേന്ദ്രന്റെയും ചന്ദ്രകാന്തയുടേയും പ്രണയം സഫലീകരിക്കപ്പെടുന്നു.
ഒരു കാലം വരെ പരസ്പരം സ്നേഹത്തിൽ കഴിഞ്ഞു കൊണ്ടിരുന്ന രണ്ട് രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാനായി കരുനീക്കങ്ങൾ നടത്തിക്കൊണ്ട് എതിർപക്ഷത്തു വിജയഗഡിലെ മന്ത്രി കുപഥ് സിംഗിന്റെ പുത്രൻ ക്രൂർ സിംഗ്, ചുനാർ ഗഡിലെ രാജാവ് ശിവദത്ത്, എന്തും ഗണിച്ചു പറയുന്ന പണ്ഡിത് ജഗന്നാഥ് എന്നിവരെയും കാണാനാകും.
ചന്ദ്രകാന്തയുടെ മലയാളം പരിഭാഷ ഹിന്ദിയിൽ നിന്നും പദാനുപദ വിവർത്തനം നടത്തിയിരിക്കുന്നതിനാൽ പലയിടത്തും വാക്യഘടനയിൽ വളരെയധികം പ്രശ്നങ്ങൾ കാണാനുണ്ട്. അയ്യാർ എന്ന വിഭാഗത്തിൽ പെട്ടവരെ മായാവികൾ എന്നാണ് പുസ്തകത്തിൽ പറയുന്നത്.
അതിഷ്ടപ്പെടാത്തത് കൊണ്ടു മനസ്സിൽ അയ്യാർ എന്നു തിരുത്തി വായിക്കുന്ന രീതിയാണ് അവലംബിച്ചത്.
©സ്വപ്ന