ടാറ്റൂ പീഡനക്കേസ്; സുജീഷ് വിദേശവനിതയേയും ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി
- Posted on March 12, 2022
- News
- By NAYANA VINEETH
- 124 Views
ആദ്യം സോഷ്യല്‍മീഡിയയിലൂടെ ആരോപണമുന്നയിച്ച ശേഷമാണ് യുവതികള്‍ പൊലീസിനെ സമീപിച്ചത്.

കൊച്ചി ടാറ്റൂ പീഡനക്കേസില്‍ സുജീഷിനെതിരെ പരാതിയുമായി ഒരു വിദേശവനിത കൂടി പൊലീസില്‍ പരാതി നല്‍കി. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ -മെയില്‍ ചെയ്തത്.
2019ല്‍ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി.
അതേസമയം പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.
‘നിലവില്‍ 3 പീഡന പരാതികളാണ് പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. ആദ്യം സോഷ്യല്‍മീഡിയയിലൂടെ ആരോപണമുന്നയിച്ച ശേഷമാണ് യുവതികള്‍ പൊലീസിനെ സമീപിച്ചത്. അത് തന്നെ പ്രതിക്ക് രക്ഷപെടാനുള്ള പഴുതായിരുന്നു’.
ടാറ്റൂ കേസില്‍ പുതുതായി പരാതി നല്‍കിയ ഫ്രഞ്ച് യുവതിയുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും കൊച്ചി ഡിസിപി പറഞ്ഞു.