വിദ്യാര്‍ഥികള്‍ക്കായുള്ള കേരള ടൂറിസത്തിന്‍റെ മൂന്നാമത് അന്താരാഷ്ട്ര ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

132 രാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തം; ലഭിച്ചത് 57,308 രചനകള്‍.


തിരുവനന്തപുരം: ടൂറിസം വിപണനത്തില്‍ കേരളത്തെ ബ്രാന്‍ഡായി നിലനിര്‍ത്തുന്നതിനായി നടപ്പാക്കിവരുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിച്ച കുട്ടികളുടെ മൂന്നാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചിത്രരചനാ മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. 'കേരളത്തിന്‍റെ ഗ്രാമജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ 132 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.



കേരളം, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, വിദേശം എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. ഇതില്‍ ഏറ്റവും മികച്ച ചിത്രങ്ങളായി വിദേശ വിഭാഗത്തില്‍ നിന്ന് സ്റ്റീവന്‍ ഡേവിഡ് (ബംഗ്ലാദേശ്), മറ്റ് സംസ്ഥാന വിഭാഗങ്ങളില്‍ നിന്ന് മാധുരി സിംഗ് (രാജസ്ഥാന്‍), വര്‍ണന രതീഷ് (കേരളം) എന്നിവരുടെ രചനകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കള്‍ക്കും കുടുംബത്തിനും 5 ദിവസം കേരളത്തില്‍ വിനോദസഞ്ചാരത്തിന് അവസരം ലഭിക്കും.


നാല് മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. 132 രാജ്യങ്ങളില്‍ നിന്നായി 46,066 കുട്ടികള്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തു. 57,308 രചനകളാണ് ലഭിച്ചത്. ഇതില്‍ വിദേശത്ത് നിന്ന് 4620 രചനകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 46,464 രചനകളും കേരളത്തില്‍ നിന്ന് 6224 രചനകളുമാണ് ലഭിച്ചത്. 2023 ജനുവരി 1 മുതല്‍ നവംബര്‍ 30 വരെ ആയിരുന്നു മത്സരം.


വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചനാ മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ഉണ്ടായതെന്നും ഇതിലൂടെ ലോകമെങ്ങും കേരള ടൂറിസത്തിന്‍റെ നല്ല സന്ദേശമെത്തിക്കാന്‍ സാധിച്ചുവെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗ്രാമീണമേഖലയില്‍ ഉത്തരവാദിത്ത ടൂറിസം നല്‍കിയ ഉണര്‍വിന് കേരളത്തിന് ഒട്ടേറെ ആഗോള അംഗീകാരങ്ങള്‍ ലഭിച്ചു. കേരളത്തിന്‍റെ ഗ്രാമജീവിതമെന്ന മത്സരത്തിന്‍റെ വിഷയം ടൂറിസത്തിന്‍റെ ഗുണപരമായ കാര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ സഹായകമായെന്നും മന്ത്രി പറഞ്ഞു.


നിക്ക ഹ്രിസ്റ്റിക് (സെര്‍ബിയ), മാര്‍ട്ടിന്‍ ലാംബേവ് (ബള്‍ഗേറിയ), ഐറിന ബരാബനോവ (റഷ്യ), മാക്സെറ്റോവ അല്‍മിറ (ഉസ്ബെസ്ക്കിസ്ഥാന്‍), ലിലിയാന ബ്രിട്ടോ സാഞ്ചസ് (ക്യൂബ), സിനാലി പെയ്റിസ് (ശ്രീലങ്ക), അലക്സാണ്ടര്‍ മെറ്റിസ്ഗര്‍ (ജര്‍മനി), കാര്യവാസം ഇടിപാലഗേ സെനുദി (ശീലങ്ക), സിയു യെ (ചൈന), ക്ളോ മാര്‍ഷ് (യുകെ) എന്നീ 10 കുട്ടികളെ ഇന്ത്യക്ക് പുറത്ത് നിന്ന് മികച്ച രചന നടത്തിയവരായി തെരഞ്ഞെടുത്തു. വിജയികള്‍ക്ക് രണ്ട് കുടുംബാംഗങ്ങളോടൊപ്പം കേരളത്തില്‍ അഞ്ചുദിവസം താമസിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവസരം നല്‍കും.


മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡോള്‍ബി റാണി പരിദ (ഒറീസ), കൃതിക കുശ്വാഹ (മഹാരാഷ്ട്ര), സ്കന്ദ ആര്‍, എസ്.ബി ശ്രാവന്തിക, ദിയ എച്ച് (തമിഴ് നാട്) എന്നിവര്‍ വിജയികളായി. ഇവര്‍ക്ക് കുടുംബത്തിനൊപ്പം താമസിച്ച് അഞ്ചുദിവസം കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം.


ജഗന്നാഥ് കെ.എം, മാളവിക വി.പി, സഹസ്ര വിനു എന്നിവരാണ് കേരളത്തില്‍ നിന്നുള്ള വിജയികള്‍. കെ.ടി.ഡി.സിയുടെ പ്രീമിയം ഹോട്ടലില്‍ രണ്ടുദിവസത്തെ താമസത്തിനുള്ള ബുക്കിംഗ് കൂപ്പണുകള്‍ ഇവര്‍ക്ക് ലഭിക്കും.


കേരള ടൂറിസം നടപ്പാക്കുന്ന ഒട്ടേറെ വ്യത്യസ്ത സംരംഭങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ചിത്രരചനാ മത്സരമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. മത്സരാര്‍ഥികളുടെ പങ്കാളിത്തം കേരളത്തിലെ ടൂറിസം മേഖലയുടെ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


24 ഭാഷകളിലായി മത്സരത്തിന്‍റെ പ്രചാരണം നടത്തിയെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. 70 ലക്ഷത്തോളം ആളുകളില്‍ മത്സരത്തിന്‍റെ വിവരങ്ങള്‍ എത്തിയതായി കണക്കാക്കുന്നു. 10 ഇന്ത്യന്‍ ഭാഷകളിലും 14 വിദേശ ഭാഷകളിലുമായി മത്സരത്തിന്‍റെ പ്രചാരണം നടത്തിതായും അവര്‍ വ്യക്തമാക്കി.


മത്സരത്തിന് ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച പ്രമോട്ടര്‍മാര്‍ക്കും സമ്മാനം നല്‍കും. നഫീസ തബസ്സും ഔതയ് (ബംഗ്ലാദേശ്), ലൈസിയം ഇന്‍റര്‍നാഷണല്‍ സ്കൂള്‍ (ശ്രീലങ്ക), സെര്‍നിയ കാറ്റെറിന യൂജീനിയ (റുമാനിയ), ആന്‍ റോസെങ്കോവ (റഷ്യ), ഡി കോക്ക് (യുകെ) എന്നിവരാണ് വിദേശത്തുനിന്ന് കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചവര്‍. ഡോ. സി. സെന്തില്‍ കുമാര്‍, അരുണാചലം എന്‍ (തമിഴ് നാട്), പോനം ഡി താക്കര്‍, ഡിജോ ജോണ്‍ (കര്‍ണാടക), പ്രസാദ് ദത്താത്രേയ് ചവാന്‍ (മഹാരാഷ്ട്ര) എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള വിജയികള്‍. പ്രമോട്ടര്‍മാര്‍ക്ക് അഞ്ചുദിവസം കേരളം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.


ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും അഞ്ച് ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്ത് വച്ച് സമ്മാനങ്ങള്‍ നല്‍കും. ഇതിനു പുറമേ മികച്ച ചിത്രങ്ങള്‍ രചിച്ച വിദേശികളായ 22  കുട്ടികള്‍ക്കും ഇന്ത്യയില്‍ നിന്ന് 30 കുട്ടികള്‍ക്കും കേരളത്തില്‍ നിന്ന് 20 കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും.


പ്രഗത്ഭര്‍ അടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റിയും ജഡ്ജിംഗ് കമ്മിറ്റിയും രൂപീകരിച്ചാണ് മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. എല്ലാ ചിത്രങ്ങളും പരിശോധിച്ച് അതില്‍ നിന്ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 2000 ചിത്രങ്ങളുടെ സൂക്ഷ്മ പരിശോധനയിലൂടെയാണ് അവസാനഘട്ട വിജയികളെ തെരഞ്ഞെടുത്തത്. പ്രോത്സാഹന സമ്മാനമുള്‍പ്പടെ 103 സമ്മാനങ്ങള്‍ ഈ മത്സരത്തിന്‍റെ ഭാഗമായി നല്‍കുന്നുണ്ട്.


2014 ല്‍ ആണ് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചിത്രരചനാ മത്സരത്തിന്‍റെ ആദ്യ സീസണ്‍ കേരള ടൂറിസം സംഘടിപ്പിച്ചത്. ആദ്യ സീസണില്‍ 37 രാജ്യങ്ങളില്‍നിന്നായി 4169 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ലെ രണ്ടാം സീസണില്‍ 133 രാജ്യങ്ങളില്‍നിന്ന് 48390 പേരായി പങ്കാളിത്തം വര്‍ധിച്ചു.



സി.ഡി. സുനീഷ്


Author
Citizen Journalist

Goutham Krishna

No description...

You May Also Like