കൃഷിയെ രക്ഷിക്കാന്‍ ഉപകാരി ബാക്ടീരിയകള്‍; ഐ.പിസിയില്‍ ചര്‍ച്ച ചെയ്ത് ശാസ്ത്ര സമൂഹം.
സസ്യങ്ങളുടെ വളര്‍ച്ചയും പ്രധിരോധശേഷിയും വര്‍ധിപ്പിക്കുന്ന ഉപകാരി ബാക്ടീരിയകളായ പി.ജി.പിആറിന് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ രക്ഷിക്കാനാകുമെന്ന് സെന്റര്‍ ഫോര്‍ സസ്‌റ്റൈയിനബിള്‍ അഗ്രികള്‍ച്ചര്‍ ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. റാണാ പ്രതാപ് സിംഗ്.
സി.ഡി. സുനീഷ്.
സസ്യങ്ങളുടെ വളര്‍ച്ചയും പ്രധിരോധശേഷിയും വര്‍ധിപ്പിക്കുന്ന ഉപകാരി ബാക്ടീരിയകളായ പി.ജി.പിആറിന് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ രക്ഷിക്കാനാകുമെന്ന് സെന്റര്‍ ഫോര്‍ സസ്‌റ്റൈയിനബിള്‍ അഗ്രികള്‍ച്ചര്‍ ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. റാണാ പ്രതാപ് സിംഗ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തില്‍ (ഐ.പി.സി.) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷികമേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഉപകാരി ബാക്ടീരിയകള്‍ക്കാകും. വരള്‍ച്ച, വെള്ളപ്പൊക്കം, ലവണാംശം കൂടുന്നത്, ഖനലോഹ സാന്നിധ്യം മുതലായവ വിളകളെ പ്രതികൂലമായി ബാധിക്കുന്നത് തടയാന്‍ വിവിധ ബാക്ടീരിയകളെ പ്രയോജനപ്പെടുത്താം. ഇതേക്കുറിച്ച് ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന ഗവേഷണ പുരോഗതികളെക്കുറിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ സംവദിച്ചു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉയര്‍ന്ന സാന്ദ്രതയിലുള്ള എപ്പിജെനറ്റിക്‌സ് പ്രതികരണത്തിന്റെ പരിണാമം മനസിലാക്കുന്നത് വിളകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഉപകാരപ്പെടും എന്ന വിഷയത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. ശ്രീബാഷ് റോയ് സംസാരിച്ചു. ആഗോള താപനത്തിന്റെ ഭാഗമായി അന്തരീക്ഷത്തില്‍ വര്‍ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ സസ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഡി.എന്‍.എ. ക്രമം മാറ്റാതെ കോശങ്ങളുടെ ജീന്‍ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന എപ്പിജെനറ്റിക്‌സ് എന്ന പ്രക്രിയ ഇന്ന് ഏറെ പ്രചാരത്തിലുള്ളതാണ്. ഐ.പി.സി. 18-ന്റെ കോ - ഓര്‍ഡിനേറ്ററായ പ്രൊഫസര്‍ ഓം പര്‍കാശ് ദംഗര്‍ സസ്യശരീരത്തിന്റെ ആന്തരിക അന്തരീക്ഷം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതില്‍ ഗാമ ഗ്ലൂട്ടമൈല്‍ സൈക്കിളിനുള്ള പങ്കിനെക്കുറിച്ച് പ്രഭാഷണം നടത്തി.