വായനാ കുറിപ്പ് - കപ്പിത്താന്റെ ഭാര്യ, ഒരു നിപ്പനടിച്ച കഥ

കൊറച്ചൊന്നുവല്ല, നല്ലോണം തലയ്ക്ക് പിടിച്ചിട്ടൊണ്ട്. സിനിമാറ്റിക് ആയ പുസ്തകങ്ങൾ വായിച്ച കെട്ടെറങ്ങാൻ അതിലും നല്ലൊരെണ്ണം ഇനി വരണം

നിച്ച കൊണ്ട് കപ്പലിനെപ്പറ്റി ആലോചിക്കുമ്പഴെല്ലാം എനിക്കോർമ്മ വരണത് 'മൊബൈഡിക്കും, 'ടൈറ്റാനിക്' സിനിമയിൽ പറേന്ന അതേ പേരുള്ള മുങ്ങിപ്പോണ കപ്പലുമൊക്കെയാണ്. അങ്ങനൊക്കെയാണേലും ആരോടേലും അതൊക്കെ പറയാൻ സങ്കടവാരുന്നു. ഇത്രയൊക്കെ ആയിട്ടും ഒരു കപ്പൽ അടുത്ത് കണ്ടിട്ടില്ലന്ന്‌ പറേന്നത് കൊറച്ചിൽ ആണെന്ന് തന്നെ വച്ചോ. അങ്ങനെ ഉള്ളിലീ വക വെഷമങ്ങളൊക്കെ വച്ചോണ്ടിരിക്കുമ്പഴാ നുമ്മടെ ബിപിനേട്ടൻ ' സ്വപ്നമൊരു ചാക്ക്, തലയിലത് താങ്ങിയൊരു പോക്ക് ' എന്നും പാടിക്കൊണ്ട് വരണത്. എന്നാപ്പിന്നെ പാട്ട് കേൾക്കാമെന്നു കരുതി ഇരുന്നപ്പോ ദേ കഥ പറയുന്നു. "കപ്പിത്താന്റെ ഭാര്യ " ടെ കഥ.. മറ്റാരുമല്ല നുമ്മടെ തേക്കുംതോട്ടത്തെ റോസിലിയാന്റി. അസൂയ തീരെയില്ലാത്ത നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ഡൽഹീലും, ബോംബേലും പഠിച്ച റോസിലിയാന്റി, കരാട്ടെ അറിയാവുന്ന, എരട്ടക്കുഴൽ തോക്കിനു ലൈസൻസ് ഒള്ള, നല്ല ഹാഷ് പോഷെന്നു ഇംഗ്ലീഷ് പറേന്ന, അടിപൊളി ഫാഷൻ വേഷമിടുന്ന, കടുവായെ പ്പോലുള്ള പട്ടിയെ വളർത്തുന്ന, സർവോപരി നല്ല തോതിൽ വട്ടുള്ള റോസിലിയാന്റി.

അയിനിപ്പ അവരുടെ ഭാഗത്തു തെറ്റ് എന്നതാ. കടലിപ്പോയ കെട്ടിയോനെ കാണാതെ പോയെന്നു കേട്ടൊടനെ അങ്ങേരു ചത്തു കേട്ടു പോയെന്നു വിശ്വസിക്കാൻ അവർക്ക് സൗകര്യം ഇച്ചിരെ കൊറവാ. അല്ലേലും നാട്ടുകാർക്ക് എല്ലില്ലാത്ത നാവ് തോന്നും പോലെയൊക്കെ അങ്ങ് വളച്ചു എന്നാ വേണേലും പറയാവല്ലോ. പറഞ്ഞു വന്ന കാര്യവതൊന്നുവല്ല. മഞ്ഞപ്പള്ളിലെ ബേബിടെ പെങ്ങൾ ആനിയമ്മ ഇപ്പൊ റോസിലിയാന്റിയെ നോക്കാൻ നിക്കുവാണെന്ന്. ആ ശാന്തി ആശുപത്രിയിൽ ജോലിക്ക് പോക്കൊണ്ടിരുന്ന കൊച്ചാ. എടയ്ക്ക് വച്ച് സിനിമായുടെ അന്നൗൺസ്‌മെന്റ് നടത്തുന്ന തോമസുകുട്ടിയുമായി ആ കൊച്ചങ്ങു അടുപ്പത്തിലുമായി. അത് ബേബിച്ചനത്ര സുഖിച്ചു കാണില്ല. തന്നെയുമല്ല പെങ്ങടെ കയ്യിന്നു ശമ്പളപ്പൈസാ വാങ്ങി സമ്മാളിക്കുന്ന സുഖം ഒന്ന് വേറെയല്ലിയോ. അങ്ങനാവുമ്പം റോസിലിയാന്റിടവിടാകുന്നതാ അയാക്ക് സൗകര്യം. കാശ് കൂടുതൽ കൈയിൽ വരുന്നത് കൈക്കത്തൊന്നുവില്ലല്ലോ.

റോസിലിയാന്റി എന്നാന്നറിയത്തില്ല  ആനിയമ്മയുമായി വല്ലാതെയങ്ങു സൊരുമിപ്പായി.തോമസുകുട്ടീമായി ആന്റിയും കൂടറിഞ്ഞോണ്ട് സൗകര്യമായി പ്രേമിച്ചോണ്ടിരിക്കുമ്പഴാ നാട്ടിലെ തലതിരിഞ്ഞ ആ സോണി തോമസുകുട്ടിയോട് കാണിച്ച കന്നന്തിരിവിന് തിരിച്ചു പണി കൊടുത്തു തോമസുകുട്ടി നാട്ടീന്നു മാറി നിക്കാൻ തീരുമാനിക്കുന്നത്. എന്നതായാലും ആന്റീടെ കൂടെ നിന്ന് ആനിയമ്മ തന്റേടത്തോടെ ബേബിച്ചനെ എതിർത്തു പറയാനൊക്കെ തൊടങ്ങി. അധ്വാനിച്ചു ഒണ്ടാക്കിയ കാശ് അക്കൗണ്ടിലിടാൻ തീരുമാനിച്ചപ്പ തന്നെ ബേബിച്ചന്റെ അടിച്ചുപൊളി ജീവിതമൊക്കെ തീരുമാനവായി.റോസിലിയാന്റി മോളിയാന്റി റോക്‌സ്സിലെ രേവതിയെപ്പോലെ ആണെന്ന് തോന്നുവേലും പാവമാണെന്നറിയാവുന്ന കാരണം തോമസുകുട്ടി ഒളിവിൽ പോയാലും മനഃസമാധാനത്തോടിരുന്നു.

അങ്ങനെ സോണിക്ക് പണി തിരിച്ചു കൊടുത്തു കഴിഞ്ഞ് ഒന്ന് മാറിനിക്കാൻ തോന്നിയപ്പോ, കൂട്ടുകാരൻ ജിബിച്ചന്റെ അമ്മാച്ചന്റെ ബോട്ടിൽ പോകാൻ അവനങ്ങു തീരുമാനിച്ചു.മേരീദാസനെന്ന ബോട്ടിൽ അവന് കൂട്ടായി, ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടി ക്കു കിട്ടിയ നെടുമുടി വേണുവിന്റെ ഡെൻവർ ആശാനെപ്പോലെ ഒരു ലോപ്പസും കൂട്ടരുമൊണ്ടാരുന്നു. കടലിക്കോടെ അമ്മാനമാടിപ്പോയ മേരീദാസൻ ഒടുക്കം എത്തിപ്പറ്റിയത് നുമ്മടെ മറിയം റഷീദാടെ മാലി ദ്വീപിൽ ആരുന്നു. കാലം കാലനായ കഷ്ടകാലം തോമസുകുട്ടീടെ പൊറകെ ആരുന്നോണ്ട് അവടെ ജയിലിൽ കഴിയാനാരുന്നു അവന്റെ യോഗം. മറിയം റഷീദ ചാരക്കേസിൽ പെട്ട് കേരളത്തിൽ ജയിലിക്കെടക്കുമ്പോ, തോമസുകുട്ടി മാലിദ്വീപിലെ ജയിലിക്കെടപ്പൊണ്ടാരുന്നു.

കാലം അതിനു തോന്നിയ പോലെ മുന്നോട്ടോടിയപ്പോ ക്രിസ്മസും കഴിഞ്ഞു  നാട്ടിലെ പള്ളിപ്പെരുന്നാള് വന്നു. ഇത്തവണ നാടകത്തിനു പകരം സിനിമ. അതും ടൈറ്റാനിക്. എന്നാപ്പിന്നെ കാണാൻ പൊയ്ക്കളയാമെന്നായി റോസിലിയാന്റി.കാർഷെഡ്‌ഡിക്കെടന്ന പ്രീമിയർ പദ്മിനി പൊറത്തെറക്കി ആന്റിയും ആനിയമ്മയും പള്ളിപ്പറമ്പിലെത്തി. ടൈറ്റാനിക് ലെ പ്രേമരംഗത്ത് അവടെക്കെടന്നു അലമ്പൊണ്ടാക്കിയ പള്ളിക്കമ്മറ്റി മെമ്പറ് നെറ്റിയേക്കാടനെ നല്ല ഉശിരൻ ഡയലോഗ് പറഞ്ഞ് ഞാറക്കാട്ടച്ചൻ അവടിരുത്തി. ളോഹ മടക്കിക്കുത്തി ഒരാനയെപ്പോലെ ചിന്നം  വിളിച്ച ഞാറക്കാട്ടച്ചൻ അന്നാട്ടുകാർ അതുവരെ കണ്ടിട്ടൊള്ള സിനിമകളിലെ നായകന്മാരെ വെല്ലുന്ന പ്രകടനം ആണ് കാഴ്ച വച്ചത്.

ബഹളത്തിന്റെടയ്ക്ക് ആരും പ്രതീക്ഷിക്കാതെയാണ് തോമസുകുട്ടീം, കാണാതെ പോയ ക്യാപ്റ്റൻ ജോൺ ഫെർണാണ്ടസും സിനിമായിലെ പോലെ തിരിച്ചു വരവ് നടത്തിയത്. 

കഥ കേട്ട് കഴിഞ്ഞ് ഇനി വല്ലോം പറയാൻ ബാക്കിയൊണ്ടേൽ അടുത്ത പെരുന്നാളിന് മുന്നേ പറയണേ ബിപിനേട്ടാ എന്ന് പറയാൻ ചുറ്റും നോക്കുമ്പ ആരുവില്ല. ഞാനും കുറേ പുസ്തകങ്ങളും മാത്രം. അപ്പഴാണ് പുസ്തകത്തിന്റെ തൊടക്കത്തിൽ നിപ്പനടിക്കുന്ന മട്ടിൽ വായിക്കുന്ന കാര്യം ബെന്യാമിൻ സാറ് പറഞ്ഞത് ഓർമ്മ വന്നത്. അല്ല എനിക്കിങ്ങനെ തന്നെ വേണം. ഒരു പുസ്തകത്തിന്റേം ആമുഖവും, അവതാരികേം വായിക്കാത്ത ഞാനാ. "കപ്പിത്താന്റെ ഭാര്യ " കണ്ടപ്പം അതിലേക്കൊക്കെ ചാടി വീണത്.

കൊറച്ചൊന്നുവല്ല, നല്ലോണം തലയ്ക്ക് പിടിച്ചിട്ടൊണ്ട്. സിനിമാറ്റിക് ആയ പുസ്തകങ്ങൾ വായിച്ച കെട്ടെറങ്ങാൻ അതിലും നല്ലൊരെണ്ണം ഇനി വരണം

©️സ്വപ്ന

പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ

Author
Citizen journalist

Swapna Sasidharan

No description...

You May Also Like