ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ
- Posted on September 23, 2024
- News
- By Varsha Giri
- 87 Views
കൊച്ചി ബിനാലെ ഫൗണ്ടേഷൻ്റെ (കെബിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി കേരള സർക്കാരിൻ്റെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്ന് ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ, കലാപ്രേമികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ അഭികാമ്യമായ ഇന്ത്യയിലെ പ്രധാന മെഗാ കലാപരിപാടി എന്ന നിലയിൽ ദേശീയ അന്തർദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഇതിനായി ഫൗണ്ടേഷനും കേരള സർക്കാരും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. വേണു ആദ്യ പതിപ്പ് മുതൽ കൊച്ചി-മുസിരിസ് ബിനാലെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്നുള്ള പതിപ്പുകളിലും ബിനാലെ ഫൗണ്ടേഷന് അദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
1990-ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന ഡോ വേണു ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൻ്റെ മുൻ ഡയറക്ടർ ജനറലെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെയായി സംസ്ഥാന- കേന്ദ്ര സർക്കാരുകളിൽ വിവിധ പദവികളിലെ സേവന മികവ് ഫൗണ്ടേഷൻ്റെ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും.
സംസ്ഥാന സർക്കാരിൻ്റെ (2007-2011) സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചപ്പോൾ ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള സ്ഥാപിതമായി. 'കേരളം' എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും ക്യൂറേറ്റ് ചെയ്യുന്നതിലും അദ്ദേഹം പ്രധാനിയായി. കേരളത്തിലെ മ്യൂസിയങ്ങളും ആർക്കൈവുകളും മെച്ചപ്പെടുത്തുന്നതിലും നവീകരിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. പ്രാദേശിക പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി മ്യൂസിയങ്ങൾ വികസിപ്പിക്കുന്നതിലുള്ള താൽപ്പര്യം അദ്ദേഹം തുടരുന്നു.
ഡോ വേണു, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ ജോയിൻ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചപ്പോൾ ഉന്നത സാംസ്‌കാരിക സ്ഥാപനങ്ങൾ, ലൈബ്രറികൾ, ആർക്കൈവ്‌സ്, മ്യൂസിയങ്ങൾ എന്നിവയുടെ ദൃശ്യപരത വർദ്ധിപ്പിക്കാനും സന്ദർശകരുടെയും പങ്കാളികളുടെയും എണ്ണം കൂട്ടാനുമായി ഉത്തരവാദിത്തത്തോടെ നിരവധി പദ്ധതികൾ ആരംഭിച്ചു. ഒപ്പം അക്കാദമിക് സമൂഹത്തെയും ചേർത്തു നിർത്തി. നാഷണൽ മ്യൂസിയത്തിൻ്റെ ഡയറക്ടർ ജനറൽ എന്ന നിലയിൽ ദേശീയ മ്യൂസിയത്തിൻ്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിച്ചു. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജി വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഒരു മെഗാ ആർട്ട് ഇവൻ്റ് എന്ന നിലയിൽ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് കേരളത്തിലെ ടൂറിസവുമായി അവിഭാജ്യ ബന്ധമുണ്ട്. കേരള ടൂറിസം ഡയറക്ടറായും തുടർന്ന് കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പ് സെക്രട്ടറിയായും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡോ വേണുവിൻ്റെ നേതൃപരമായ സംരംഭങ്ങൾ പരാമർശിക്കുന്നത് പ്രസക്തമാണ്. പ്രത്യേകിച്ചും നയപരമായ സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ, ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മാർട്ടായ കേരള ട്രാവൽ മാർട്ട്
ആരംഭിച്ചതു കൂടാതെ സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും മറ്റ് ഭാവനാപരമായ പ്രചാരണങ്ങളും നടത്തിയതായി ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേർത്തു