കഥ - #ന്റെ #ആമിയുടെ #നാമത്തിൽ

ഒരു പതിമൂന്നുകാരിയായി പുള്ളിപ്പാവാടയുടുത്ത് അവളെന്റെ അടുത്തേക്ക് മെല്ലെ മെല്ലെ നടന്ന്  വരുന്നു... 

നാണിച്ച് തുടുത്ത മുഖം തട്ടത്തിനുള്ളിലായതോണ്ട് ശരിക്കും അങ്ങട്ട് കാണണില്ല... 

കോലായിലെ, നരച്ച തുണി വിരിച്ച, നീണ്ട കൈകളുള്ള ആ പഴയ ചാരുകസേരയിൽ ചാരിയിരുന്ന് കണ്ണടച്ചപ്പോൾ അറിയാതെ നീട്ടി വിളിച്ചു പോയി.. 

"ആമിയേ ഒരു ഗ്ലാസ് കട്ടൻ ഇങ്ങട്ടെടുത്തോ.."

വിളി കേട്ട് നിറകണ്ണുകളോടെ വാതിൽക്കൽ മരുമോൾടെ മുഖം... "എന്തേ ബാപ്പാ... വയ്യേ... ?"

ഒന്നു മൂളുക മാത്രം ചെയ്തു.. 

നെഞ്ചിലെ കുറ്റി രോമങ്ങൾ തഴുകി വീണ്ടും കസേരയിലേക്ക് തന്നെ ചാരിയിരുന്നു... 

കണ്ണടച്ച് കിടന്നപ്പോൾ മുന്നിൽ ആമി മാത്രം...

ഒരു വിളക്കായിരുന്നു ഓള്.... 

ഈ വീട് മുഴുവൻ വെളിച്ചം പരത്തി തെളിഞ്ഞു നിന്നിരുന്നവൾ..

കണ്ണടച്ച് കിടന്നപ്പോൾ കണ്ണില് മുഴുവൻ ആ പ്രകാശം മാത്രമായി..

ഒരു പതിമൂന്നുകാരിയായി പുള്ളിപ്പാവാടയുടുത്ത് അവളെന്റെ അടുത്തേക്ക് മെല്ലെ മെല്ലെ നടന്ന്  വരുന്നു... 

നാണിച്ച് തുടുത്ത മുഖം തട്ടത്തിനുള്ളിലായതോണ്ട് ശരിക്കും അങ്ങട്ട് കാണണില്ല... 

അവിടുന്നിങ്ങോട്ട് നീണ്ട അമ്പത്തഞ്ച് വർഷങ്ങൾ...

ആകെ പതിനൊന്ന് പെറ്റു ന്റ ആമി.. 

അതില് അഞ്ചെണ്ണം മാത്രം ബാക്കിയായി...

അവളുടെ പുളച്ചിലിന്റെ പിടപ്പിൽ ഒസാത്തിയെത്തുമ്പോഴേക്കും ചിലത് രക്ഷപ്പെടും... 

ചിലത് ആദ്യത്തെ ആ കരച്ചിലോടെ തീരും.... 

എന്നാലും രണ്ടാണും മൂന്നു പെണ്ണും അള്ളാന്റെ സുകൃതം കൊണ്ട് കേടുകൂടാതെ ബാക്കിയായി... 

നല്ല സ്നേഹമുള്ള മക്കൾ... 

ഒരു ബാപ്പയുടെ സ്നേഹവും കരുതലും ഓര്ക്കാർക്കും  കൊടുക്കാഞ്ഞിട്ടും, ആമി ഓരെയൊക്കെ നല്ല വാക്ക് പറഞ്ഞ് വളർത്തി... 

ബാപ്പ സൂര്യനാണെന്നും തണലാണെന്നും ഒക്കെ പറഞ്ഞ് പഠിപ്പിച്ചു...

കുറെയൊക്കെ നാട്ടില് പല പണീം ചെയ്ത് പിടിച്ച് നിക്കാൻ നോക്കിയെങ്കിലും, 

പെങ്ങന്മാരും അനിയന്മാരും മക്കളുമടങ്ങുന്ന കുറേ ജന്മങ്ങൾക്ക് രണ്ടുനേരമെങ്കിലും വയറ്റിലെ കത്തലണയണമെങ്കിൽ കടല് കടക്കാതെ വയ്യെന്നായി....

യുവത്വത്തിന്റെ പ്രസരിപ്പിൽ കടല് കടന്നു.... 

ചെയ്യാത്ത പണികളില്ല,  എങ്കിലും കുടുംബത്തെ ഓർത്ത് മടുക്കാതെ നിന്നുചെയ്തു എല്ലാ പണികളും...

അന്നൊന്നും ആമിക്കൊരു പ്രത്യേകതയുമില്ലായിരുന്നു. രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് നാല്പതോ അറുപതോ ഒക്കെ ദിവസം ഒരു വിരുന്നുകാരനെപ്പോലെ വരുമ്പോ,  രണ്ട് മുറികളിലായിരിക്കും കിടത്തം.... 

ഓള് മക്കളേം കൊണ്ട് അപ്പുറത്തും ഞാനൊരു ഗൾഫുകാരൻ സുജായി ആയി ഇപ്പുറത്തും... 

ഗൾഫിന്റെ മണമുള്ള പെട്ടി തുറക്കുമ്പോളും ഒരിക്കലും അതിന്റെ പങ്ക് പറ്റാൻ കൈ നീട്ടി വന്നിട്ടില്ല ഓള്... 

ഓൾക്കെന്നും പറഞ്ഞ് ഞാനൊന്നും പ്രത്യേകം കൊടുന്നിട്ടുമില്ല... 

മക്കളുറങ്ങിക്കഴിഞ്ഞ്, എന്റെ ദേഹത്തിന്റെ ചൂടു പറ്റാൻ എന്റടുത്തേക്ക് വരുമ്പോൾ എത്ര കൊല്ലം കഴിഞ്ഞിട്ടും ആ പണ്ടത്തെ പതിമൂന്നുകാരിയുടെ  നാണമുണ്ടാവും ആ മുഖത്ത്....

അധികം വൈകാതെ എന്റെ വിയർപ്പിൽ അവളും നനയുമ്പോൾ,  കൊട്ടിപ്പിടഞ്ഞെഴുന്നേറ്റ്  മക്കളടുത്ത് പോയി കിടക്കും...

പെങ്ങന്മാരും അനിയന്മാരും അവരുടെ ഭാര്യമാരും എല്ലാരുമുള്ള ആ കൂട്ടുകുടുംബത്തിൽ,  ഒരു അടുക്കളക്കാരത്തി  മാത്രമായിരുന്നു ഓള്...

എല്ലാർക്കു മുന്നെ ഉണർന്നാലും എല്ലാരും ഉറ ങ്ങീട്ടേ ഓളുറങ്ങു... 

എല്ലാരും തിന്ന്കഴിഞ്ഞ്  പാത്രങ്ങളൊക്കെ തട്ടിയും തുടച്ചും കിട്ടുന്ന വറ്റിൽ വെള്ളമൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചിറക്കും...

എന്നിട്ടും ഒരിക്കെ പോലും പരാതിയോ പരിഭവമോ ഓള് ന്നോട് പറഞ്ഞിട്ടില്ല...

ഓൾക്ക് പറയാനും ഇന്ക്ക് കേൾക്കാനും നേരമില്ലായിരുന്നു എന്നതാണ് സത്യം...

പെങ്ങമ്മാരെയൊക്കെ കെട്ടിച്ചു വിട്ടെങ്കിലും, ഇടയ്ക്ക് ഓലൊക്കെ മക്കളേം കൊണ്ടു വന്നു നിക്കും... അനിയന്മാരൊക്കെ കല്യാണം കഴിച്ച് ഓലെ പെണ്ണ്ങ്ങളേം കൊണ്ട് വേറെ പോയി...

ഉമ്മയും ഉപ്പയും പെങ്ങമാരും മക്കളും ഓളൊരു അടുക്കളക്കാരത്തീം...

ഫോൺ വന്ന കാലത്ത് ഫോൺ വിളിക്കുമ്പോ ഉമ്മാനോട് മാത്രം രണ്ട് വർത്താനം പറഞ്ഞ് വെക്കും... 

ഓൾക്ക് സുഖാണോന്ന് പോലും തിരക്കീട്ടില്ല ഒരിക്കൽപോലും...

രണ്ടും മൂന്നും കൊല്ലം എന്നത് പിന്നെ കൊല്ലത്തിലായി വരവും പോക്കും.

ആ കാണുന്ന കാലം, ആ കാണുന്ന കാഴ്ച കണ്ടറിയുന്ന വിശേഷം അല്ലാതെ ഒന്നും ചോദിക്കാനും  പറയാനും ഉണ്ടാകില്ല...

ഉമ്മയും ഉപ്പയും  മരിച്ചു കഴിഞ്ഞപ്പോ പെങ്ങമ്മാരുടെ വരവും നിന്നുതുടങ്ങി.  അപ്പോഴേക്കും മക്കളൊക്കെ വലുതായി...

പെൺമക്കളെ കെട്ടിക്കാനും ആൺമക്കളെ പഠിപ്പിക്കാനും പിന്നെയും വർഷങ്ങൾ കഴിച്ചുകൂട്ടി മണലാരണ്യത്തിൽ..

മക്കളൊക്കെ വലുതായിട്ടും ഓള് അടക്കളീലന്നെ...

പിന്നെ മക്കളോടായി ഫോൺ വിളീം വർത്താനോം... 

അപ്പൊഴും ഓൾക്കൊന്നും പറയാനില്ലായിരുന്നു... ഇനിക്ക് ചോയ്ക്കാനും..

പെൺമക്കളെയൊക്കെ ഓരോന്നായി കെട്ടിച്ച് വിട്ടു.  ആൺമക്കള്  ബാപ്പാന്റെ പാരമ്പര്യം കാക്കാൻ ഗൾഫീക്ക് കേറിയപ്പോ,  മുപ്പത് കൊല്ലങ്ങൾ നീണ്ട പ്രവാസം നിർത്തി ഞാൻ നാട്ടിലേക്ക് പോന്നു...

വഴിവിളക്കായി തെളിഞ്ഞ് വഴികാട്ടിയായവൻ ഇനിയൊരു കാവൽ മാടമായി വീടിനു കാവലിരിക്കണം..

ആമി.. ഓള് തളർന്നിരിക്കുന്നു... മക്കളൊക്കെ വലുതായിരിക്കുന്നു..  ഗൾഫുകാരനല്ലാതായതോടെ പെങ്ങമ്മാരുടെയും മക്കളുടെയുമൊക്കെ സ്നേഹവും കുറഞ്ഞു തുടങ്ങി... 

കൂടെ കൂടെ വന്നോണ്ടിരുന്ന ഓരൊക്കെ ഇപ്പൊ തീരെ വരാതായി... 

വീട്ടിൽ  ഞാനും ആമിയും മാത്രം ...

കൂട്ടിന് പിന്നെ  പ്രവാസത്തിന്റെ നിലനിൽക്കുന്ന സമ്പാദ്യങ്ങളായി കുറെ രോഗങ്ങളും....

ആമിയുണ്ടാക്കുന്ന കറികൾക്കും കൂട്ടാനിനുമൊന്നും പണ്ടത്തെ രുചികളില്ലെന്ന് പിന്നെ പിന്നെ മനസിലായി തുടങ്ങി.... 

നീണ്ട,  നരച്ച മുടികളില്ലാത്ത കറിയും കൂട്ടാനുമില്ലാതെയായി... 

ഓൾടെ മുഖത്ത് നോക്കുന്നത് ചീത്ത പറയാനും ഒച്ചയിടാനും മാത്രമായി പിന്നെ. 

അതൊക്കെ കൊണ്ടു തന്നെ വല്ലപ്പോഴുമൊക്കെ വന്നുകൊണ്ടിരുന്ന കെട്ടിച്ചു വിട്ട മക്കളും വീട്ടിൽ വന്നു നിക്കാതെയായി...

ആൺ മക്കൾ അവരുടെ ഭാര്യമാരെ അവരുടെ കൂടെ ഗൾഫിലേക്ക് കൊണ്ടുപോയി...

ഓളെ.... ന്റെ ആമിയെ,  മുപ്പത് കൊല്ലം ഞാൻ അവിടെ.. ആ മണലാരണ്യത്തിൽ നിന്നിട്ടും ഒരിക്കൽ പോലും കൊണ്ടുപോയി കാണിച്ചിട്ടില്ല....

ന്റെ കൂടെ ആ പോരിശയാക്കപ്പെട്ട മണ്ണിലൊന്ന് കാല് വെക്കണം എന്ന്,  എന്നോ ഒരിക്കൽ മാത്രം ഓള് ഒരാഗ്രഹം പറഞ്ഞിരുന്നു. 

ന്റെ ജീവിത പ്രാരാബ്ദങ്ങളൊക്കെ കണ്ട് അതും പിന്നെ ഓള് ഖൽബിലൊതുക്കി.. 

ചുളിവ് വീണ കൺപോളകൾക്കിടയി ലൂടെ കണ്ണീർ ഊർന്നു നെഞ്ചിലേക്ക് വീഴുന്നു ....

ഒരു തണുത്ത കരസ്പർശം ഏറ്റപ്പോഴാണ് കണ്ണ് തുറന്നത്...

'ബാപ്പ ... ഉറങ്ങിയോ...  ദാ ചായ '

മരുമോള് ചായയും കൊണ്ട് വന്ന് വിളിച്ചതാണ്...

 "എന്തേലും കഴിച്ചിട്ട് ഇവിടെ ഇരുന്നുറങ്ങാതെ അകത്ത് പോയി കിടന്നോളീ ഇങ്ങള്.. ".

അതും പറഞ്ഞ്  ഓള് അകത്തേക്ക് പോയി...

കട്ടൻ ചായ കുടിച്ചപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു...

ഒരു കട്ടൻ ചായ പോലും ഇനി ന്റെ രുചിക്ക്  കിട്ടില്ലായ്ര്ക്കും....

ഞാൻ പറയാതെ തന്നെ  എന്റെ രുചികളും ഇഷ്ടങ്ങളും മനസിലാക്കിയിരുന്നു ആമി.... 

ഞാനെന്തൊക്കെ ചീത്ത പറഞ്ഞിരുന്നു ഓളെ  എന്നിട്ടും... 

എന്റെ ഇഷ്ടങ്ങൾ ഓളുടെ ദിനചര്യകളായിരുന്നു...

ചായ കുടിച്ചെന്നു വരുത്തി  പതുക്കെ എഴുന്നേറ്റ്  അകത്ത് കട്ടിലിൽ പോയിരുന്നു... തൊട്ടപ്പുറത്തെ കട്ടിലിൽ വിരിച്ച വിരിയുടെ ഓള് കിടന്ന ചുളിവ് പോലും അതുപോലെ....

മക്കളൊക്കെ വീടുമാറി പോയപ്പോൾ ഞാൻ പറഞ്ഞിട്ടാണ് ഓള് ന്റെ അട്ത്തേക്ക് കിടക്കാൻ തുടങ്ങിയത്... 

മുഖത്ത് നോക്കി ശരിക്കൊന്ന് ചിരിച്ചിട്ടു പോലുമില്ലാത്ത ഞങ്ങൾ ഒരുമിച്ച് കിടക്കാൻ തുടങ്ങി.....

അങ്ങനെയുള്ള ഒരു രാത്രിയിൽ,  എന്റെ ശ്വാസോഛാസങ്ങളുടെ വ്യതിയാനം മനസിലാക്കി ഓളന്ന് നിലവിളിച്ചു... അല്ലാതെ ഓൾക്കൊന്നിനും കഴിയില്ലായിരുന്നു... അന്നാദ്യമായി ഓളുടെ നിസഹായതയെ ഓർത്ത് ഞാനെന്നെ തന്നെ പഴിച്ചു..

ഒന്നു പുറം ലോകം കാണിക്കാതെ,  ഫോൺ വിളിക്കാൻ പോലുമറിയാതെ ഓളാർത്ത് നിലവിളിച്ച് കൊണ്ടിരുന്നു... 

അത് കേട്ട് അയൽപക്കത്തു നിന്ന് ആളുകൾ വന്നില്ലായിരുന്നുവെങ്കിൽ, ഇന്ന് ഞാൻ...

അത്രയും കാലം അറിയാത്ത ആമിയെ അന്ന്തൊട്ട് ഞാനറിയുകയായിരുന്നു...

ബൈപാസ് കഴിഞ്ഞ ദിവസങ്ങളിൽ ഓളെന്നെ നോക്കിയത് എന്റെ വാക്കുകളിലൊതുക്കാൻ കഴിയാത്ത വേദനയാണ്... ഞാനൊന്ന് മുഖത്ത് നോക്കി ഒരിക്കലെങ്കിലും ഒരു നല്ലവാക്ക്  പറയാത്ത ആമി, ഒരു കുഞ്ഞിനെ നോക്കും പോലെ എന്നെ നോക്കി....

അസുഖമൊക്കെ മാറി കിടക്ക വിട്ട് എണീറ്റപ്പോഴും അവളോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നില്ല... 

എന്റെ വലിയ മനസിന് ഓൾടെ ബുദ്ധിയില്ലാത്ത മനസിനെ അംഗീകരിക്കാൻ കഴിഞ്ഞില്ല...

രോഗാവസ്ഥയിൽ വേദനയുടെ കാഠിന്യം കൊണ്ട്  ഓളെ ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ചാലും ഞാൻ കാണെ ഓള് കരഞ്ഞില്ല... അത്രയ്ക്ക് പാവായ്രുന്നു ന്റെ ആമി...

വാർദ്ധക്യം എന്നെ അവശതയിലേക്ക് നയിച്ചപ്പോഴും ഒരു ബാല്യക്കാരിയുടെ പ്രസരിപ്പോടെ ഓളെന്നെ പരിചരിച്ച് പോന്നു...

എന്റെ ഇടതു ചേർന്നുള്ള കിടപ്പ് പിന്നെ ഓരം ചേർന്ന് കട്ടിലിട്ട് കിടപ്പായി...അന്ന് മുതൽ ഒരു കട്ടിലിൽ ഓളും മറു കട്ടിലിൽ ഞാനും .... എന്റെ ഭാഗത്തേക്ക് ചെരിഞ്ഞല്ലാതെ ഓള് കിടക്കാറില്ലായിരുന്നു... പരസ്പരം വാതോരാതെ സംസാരിച്ച് തുടങ്ങിയ നാളുകൾ... ചിരിച്ചും നാണത്തോടെയും സംസാരിച്ച രാവുകൾ... ആ കിടപ്പിൽ യൗവനത്തിൽ കിട്ടാതെപോയ ഞങ്ങളുടെ പ്രണയം ഞങ്ങൾ പരസ്പരം പങ്കുവെച്ചു... കുറെ നേരം മിണ്ടീം പറഞ്ഞും രാവേറെയാവുമ്പോൾ തളർന്നുറങ്ങും...ആമി എപ്പോഴും പറയുമായിരുന്നു.. പതിമൂന്ന് വയസു വരെയെ ഞാൻ പൂതിതീരെ ഉറങ്ങീട്ടൊള്ളൂ...ഇനിപ്പൊ മക്കളൊക്കെ വല്ലതായില്ലേ... ഓരെ നോക്കാനും ഓര്ക്ക് നോക്കാനും ഓര്ടെ മക്കള് തന്നെയായി... ഇനി നീണ്ടു നിവർന്ന് ഒന്നൊറങ്ങണം... അതിന്റൊരു പൂതിയാ...എന്നാലും ഞാനൊന്ന് ഞരങ്ങിയാൽ ഓള് അറിയും..നിക്ക് വീണ്ടും രോഗാവസ്ഥ കൂടിയപ്പോഴാണ് മക്കളും മരുമക്കളുമൊക്കെ വന്ന് തുടങ്ങിയത്.. രണ്ടീസം നിന്ന് പോകാമെന്ന് കരുതി വന്ന അവർക്ക്, ജീവിതത്തിൽ ആദ്യമായി സൂര്യനുദിച്ചിട്ടും എണീക്കാത്ത എന്റെ ആമി ഒരത്ഭുതമായി....

ആർക്കും വിശ്വസിക്കാൻ കഴിയാത്ത യാത്ര പറച്ചിൽ...

**

ഇനി എനിക്കും ഒന്നുറങ്ങണം.. എന്റെ ആമിയുടെ ഓരം ചേർന്നുറങ്ങി കൊതി തീർന്നിട്ടില്ല... കുപ്പിവള കിലുങ്ങും പോലുള്ള ആ ചിരി കേട്ട് പൂതി തീർന്നിട്ടില്ല.. ആമി പറയും പോലെ,  ഞാനുറങ്ങിയാലും ഉണർന്നിരിക്കാൻ മക്കളായി.... അവർക്ക് വഴി തെളിയിക്കാൻ അവരുടെ മക്കളും...ആമിയുടേത് മാത്രമായി ഉറങ്ങിയ നല്ല രാവുകളെ  നെഞ്ചേറ്റി ഇനി എനിക്കും നീണ്ടുനിവർന്നൊന്ന് ഉറങ്ങണം....

#Faaz_Fasna

ചിന്തകൾ


Author
Sub-Editor

Sabira Muhammed

No description...

You May Also Like