കേരളത്തിന് എന്താണ് സംഭവിക്കുന്നത്? - ഡോ. ദീപ്തി സാത്വിക്
- Posted on June 24, 2021
- Ezhuthakam
- By Dr. Deepthi
- 476 Views
വിദ്യാഭ്യാസവും, സാക്ഷരതയും ഒക്കെ ഉയർന്ന നിലയിൽ നിൽക്കുമ്പോൾ സമൂഹത്തിലെ ഇത്തരം പ്രവണതകൾ നടന്നുകൊണ്ടേയിരിക്കുന്നു എന്നത് എവിടെയോ എന്തിനൊക്കെയോ അപചയം സംഭവിക്കുന്നു എന്നല്ലേ സൂചിപ്പിക്കുന്നത്???

ഇതൊരു സമൂഹ മനസ്സിന്റെ പൊതു ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണല്ലോ. ആ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മാത്രം തീരാ നഷ്ടവും, ബാക്കി എല്ലാവർക്കും ഞെട്ടൽ ഉളവാക്കി വിശകലനങ്ങൾക്ക് ഒടുവിൽ ഉപസംഹാരത്തിലേക്ക് വരുന്ന ഒരു സാധാരണ സംഭവം.
മാധ്യമലോകത്തിന് ആവേശപൂർവ്വം വിക്കിവിക്കി അടുത്ത ഒരു വാർത്ത കിട്ടുന്നതുവരെ എരിവും പുളിയും കലർത്തി ആഘോഷിക്കാനുള്ള വെറും ഒരു വാർത്ത.!!!
സ്ത്രീവിമോചനക്കാർക്കെല്ലാം സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം ഇനിയുമിനിയും ഉദ്ഘോഷിക്കാനുള്ള ഒരു ഉപാധി....
പടിഞ്ഞാറൻ സംസ്‌കാരത്തെ നെഞ്ചിലേറ്റി അതനുകരിച്ചു നടക്കുന്ന കേരള യുവത്വം അതിനെ പിന്താങ്ങുന്ന സോഷ്യൽ മീഡിയകളും, സിനിമ-മാധ്യമ ലോകങ്ങളും.
ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒരു നിമിഷം നിൽക്കൂ.. ഒന്നാലോചിക്കൂ..
നമുക്കെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? ഇതിന്റെയെല്ലാം ഉത്തരവാദികൾ നമ്മൾ ഓരോരുത്തരുമാണ്.
ആഘോഷവും ആഡംബരവും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പരിഷ്കാരങ്ങളിൽ ഉള്ളതാണ്. മഹത്തായ പൈതൃകത ഒക്കെ അവകാശപ്പെടാനുണ്ടെങ്കിലും ഇത് രണ്ടും എങ്ങനെ കൂട്ടിയിണക്കാം എന്ന് നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസവും, സാക്ഷരതയും ഒക്കെ ഉയർന്ന നിലയിൽ നിൽക്കുമ്പോൾ സമൂഹത്തിലെ ഇത്തരം പ്രവണതകൾ നടന്നുകൊണ്ടേയിരിക്കുന്നു എന്നത് എവിടെയോ എന്തിനൊക്കെയോ അപചയം സംഭവിക്കുന്നു എന്നല്ലേ സൂചിപ്പിക്കുന്നത്???
ഇവിടെ അടിച്ചേൽപ്പിച്ച പല തരത്തിലുള്ള ഉപഭോഗ സംസ്ക്കാരം നമ്മുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യം കൂടി കളഞ്ഞിരിക്കുന്നു. ഓരോരുത്തരും എത്രമാത്രം ആർജ്ജിത അറിവുകൾക്ക് പകരം ഉള്ളറിവുകളിലേക്ക്, യഥാർത്ഥ അറിവുകളിലേക്ക് പോകാൻ കഴിയുന്നോ അത്രയും നാം ആരോഗ്യമുള്ളവരായി മാറും...
സഹയാത്രികരെ അനുതാപത്തോടെ, കരുതലോടെ, സ്വാർത്ഥതയില്ലാതെ ഒന്ന് പരിഗണിക്കാനും തെറ്റുകളോട് പൊറുക്കാനും നമുക്ക് ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ കഴിയൂ...
വിദ്യാസമ്പന്നരായ വിഢികളെ വാർത്തെടുക്കുന്ന, വൈകാരിക ആരോഗ്യത്തെ ഒരിക്കലും ബാലൻസ് ചെയ്യാൻ സഹായിക്കാത്ത, അസ്തിത്വത്തിന്റെ അനിശ്ചിതത്വം എന്നൊരു അവസ്ഥ കുത്തിനിറക്കുന്ന ഒന്നിനും കൊള്ളാത്ത നമ്മുടെ വിദ്യാഭ്യാസ രീതിക്കു സമാന്തരമായെങ്കിലും നല്ല തെളിമയാർന്ന ബോധത്തിനും സത്യവും നീതിബോധവും ഉണർവ്വും ഉൾക്കാഴ്ചയും നൽകുന്ന ശരിയായ കാഴ്ചപ്പാട് രൂപം കൊള്ളാൻ തക്കതായ ഒരു പഠനം അവനവൻ തന്നെയെങ്കിലും നടത്തിയേ തീരൂ...
അതിനായി ഓരോ കുടുംബങ്ങളുടെ പശ്ചാത്തലം നമ്മുടെ പഴമയുടെ അറിവുകളെ നടപ്പാക്കിയാലും വേണ്ടില്ല...
ഒരു ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമല്ലോ....
ഇനി ഇങ്ങനെയൊക്കെ നടക്കാതിരിക്കട്ടെ.