ആഗ്രയുടെ യഥാർത്ഥ ചരിത്രവുമായി നിവർന്ന് നിൽക്കുന്ന കോട്ട

പ്രണയത്തിന്റെ അടയാളമായ താജ്മഹലാണ് ആഗ്ര എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യം ഓടിയെത്താറുള്ളത്. താജ്മഹലുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നാണ് ആഗ്ര എന്ന് നമ്മളിൽ പലർക്കുമുള്ള ഒരു ധാരണയാണ്. എന്നാൽ ആഗ്രയുടെ യഥാർത്ഥ ചരിത്രം താജ്മഹലിൽ നിന്നും രണ്ടര കിലോമീറ്റർ മാറി തലയുയർത്തി നിൽപ്പുണ്ട്.  

നീണ്ട 200 വർഷത്തെ മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവുമായി നിവർന്ന് നിൽക്കുന്ന ആഗ്രാ കോട്ട. ഉത്തർ പ്രദേശിലെ യമുന നദിയുടെ തീരത്താണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ആഗ്രാ കോട്ട സ്ഥിതി ചെയ്യുന്നത്. മുഗൾ ഭരണ കാലത്തേ രാജകീയ വസതിയും സൈനിക സ്ഥാനവും ഈ കോട്ട ചെങ്കോട്ട എന്നാണറിയപ്പെടുന്നത്. പിന്നീട് 1638 ല്‍ മുഗള്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനം ഡെല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. 

കോട്ടയ്ക്കുള്ളിലെ കെട്ടിട സമുച്ചയം പേർഷ്യൻ തിമൂറിഡ് ശൈലിയിലുള്ള വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്നതാണ്. കോട്ടയുടെ നിർമാണം ഒരു നഗരത്തിനുള്ളിൽ മറ്റൊരു നഗരം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്. ഇവിടെ നിന്നാണ്‌ ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ തങ്ങളുടെ സാമ്രാജ്യം ഭരിച്ചത്.

ആഗ്രാ കോട്ട നൂറ്റാണ്ടുകൾ നീളുന്ന ചരിത്രത്തിന്റെ അടയാളമാണ്. ഈ കോട്ട നിരവധി രാജവംശങ്ങളുടെ  ഉയർത്തെഴുന്നേൽപ്പിനും പഠനത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. സികർവാർ ഗോത്രത്തിൽ നിന്നുമാണ് ആഗ്ര കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. ഇവരുടെ കാലത്ത് ചുടുക്കട്ടയിൽ നിർമ്മിച്ചിരുന്ന ഈ കോട്ട, ഗസ്നവികൾ 1080 ൽ പിടിച്ചെടുത്തതോടെ ഇതിന്റെ ചരിത്രവും മാറിമറയുവാൻ തുടങ്ങി. 

പിന്നീട് കോട്ട സിക്കന്ദർ ലോദിയുടെ അധീനതയിൽ ആയിരുന്നു കോട്ട. സിക്കന്ദർ മേധാവി ഇബ്രാഹിം ലോദി ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങുന്നത് വരെ കോട്ട ഭരിച്ചിരുന്നു. കോട്ടയ്ക്കകത്ത് കൊട്ടാരങ്ങളും മറ്റു നിര്‍മ്മിതികളും പൂര്‍ത്തികരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. പാനിപ്പത്ത് യുദ്ധത്തില്‍ മുഗള്‍ ഭരണാധികാരികള്‍ ജയിച്ചതോടെ കോട്ടയുടെ ഭരണവും അവരേറ്റെടുത്തു. 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺ നേതാവായ ഷേർഷാ സൂരി അഞ്ച് വര്‍ഷമാണ് കോട്ട ഭരിച്ചത്. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗൾ വംശജരുടെ അധികാരത്തിലെത്തി.


പിന്നീട് കോട്ടയുടെ ചരിത്രം മാറിമറിയുന്നത് അക്ബർ ചക്രവർത്തിയുടെ കാലത്താണ്. 1558 ലാണ് ആഗ്രയെ മുഗള്‍ ഭരണത്തിന്റെ തലസ്ഥാനമാക്കി അക്ബര്‍ മാറ്റിയത്. അക്കാലത്ത് ബാദൽഗഢ് എന്നായിരുന്നു കോട്ട അറിയപ്പെട്ടത്.  അദ്ദേഹം തന്നെയാണ് ഇവിടുത്തെ പുതിയ കോട്ടയുടെ നിര്‍മ്മാണങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഏകദേശം എട്ടു വര്‍ഷക്കാലം സമയമെടുത്താണ് കോട്ടയുടെ നിര്‍മ്മാണം അക്ബര്‍ ചക്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. 

കോട്ടയുടെ ഇന്നത്തെ രൂപത്തിന് പിന്നിൽ അക്ബറിന്റെ കൊച്ചുമകനായ ഷാജഹാനാണ്. അക്ബറിന്റെ കാലത്ത് പണിതിരുന്ന എല്ലാ കെട്ടിടങ്ങളും ഷാജഹാൻ പുതുക്കി പണിതു. ചുവന്ന മണൽക്കല്ലിൽ പണിത കെട്ടിടങ്ങളെല്ലാം ഷാജഹാൻ വെണ്ണക്കല്ലിലേക്ക് രൂപ മാറ്റം ചെയ്തു. എന്നിരുന്നാലും ഈ കോട്ടയിലെ ഒരു തടവുകാരനായിട്ടാണ് ഷാജഹാൻ അവസാന നാളുകൾ ചിലവഴിച്ചത്. അദ്ദേഹത്തെ ത‌ടവിലാക്കിയത് പുത്രനായ ഔറംഗസേബായിരുന്നു.

1707 ല്‍ ഔറംഗസേബിന്‍റെ മരണത്തിനു ശേഷം നിരവധി കൊള്ളകള്‍ക്ക് കോട്ട ഇരയായി. ശേഷം ജാ‌ട്ടുകളും മറാഠകളും ഇത് പിടിച്ചടക്കി. രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ മറാത്തകള്‍ പരാജയപ്പെട്ടതോടെ കോ‌ട്ട ബ്രി‌ട്ടീഷ് ഭരണത്തിനു കീഴിലായി. കോട്ടയ്ക്കുള്ളിലെ പല നിര്‍മ്മിതികള്‍ക്കും ബ്രിട്ടീഷുകാര്‍ മാറ്റം വരുത്തി. ഒരു സൈനിക കേന്ദ്രമായാണ് അവര്‍ ഇതിനെ കണക്കാക്കിയത്.

16 – 17 നൂറ്റാണ്ടുകളിൽ മുഗൾ ചക്രവർത്തിമാർ നിർമ്മിച്ച രണ്ട് ഡസനോളം നിർമിതികളുണ്ട് ഇന്നത്തെ ആഗ്ര കോട്ടയിൽ. ഇതിലെ പ്രധാന ആകർഷണം അക്ബർ നിർമ്മിച്ച ജഹാംഗിരി മഹൽ ആണ്. പുരാതനമായ മുഗൾ കൊട്ടാരമാണിത്. സമുച്ചയത്തിലെ ഏറ്റവും വലിയ വസതിയും ഇത് തന്നെയാണ്. മുഗൾ സ്മാരകങ്ങളെക്കുറിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തിയ വാസ്തുവിദ്യാ ചരിത്രകാരൻ എബ്ബ കോച്ച് പറയുന്നത്, ജഹാംഗിരി മഹൽ സെനാനയായിരിക്കാം എന്നാണ്. അല്ലെങ്കിൽ രാജകീയ സ്ത്രീകളുടെ പ്രധാന വസതിയായും ഇതിനെ കരുതുന്നവരുണ്ട്.


ശിഷ്ട സന്ദർശകരെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന ദിവാൻ-ഇ-ഖാസാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഹാളിനുള്ളിൽ 1636-37 കാലഘട്ടത്തിൽ കറുത്ത കല്ലിൽ പതിച്ച ഒരു പേർഷ്യൻ ലിഖിതമുണ്ട്. ഇത് ഹാളിനെ സ്വർഗമായും ചക്രവർത്തിയെ ആകാശത്തിലെ സൂര്യനുമായി താരതമ്യപ്പെടുത്തുന്നു. ആഗ്ര കോട്ടയിലെ പൊതു സഭയാണ് ദിവാൻ-ഇ-ആം, സാധാരണക്കാർക്കായാണ് ഇത് നിർമ്മിച്ചത്. 1631-40 കാലഘട്ടത്തിൽ ഷാജഹാനാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കയുന്നത്. ചിഹിൽ സുതുൻ ശൈലിയിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 

ദിവാന്‍ ഇ ഖാസിനു സമീപത്താണ് മൂസമ്മൻ ബുർജ് സ്ഥിതി ചെയ്യുന്നത്. മുംതാസ് മഹലിനു വേണ്ടി ഷാജഹാന്‍ നിർമ്മിച്ചതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത് ഇവിടെയാണെന്നാണ് കരുതപ്പടുന്നത്. അതി മനോഹരമായി നിർമ്മിക്കപ്പെട്ട പള്ളികളും കോട്ടയ്ക്കുള്ളിലുണ്ട്. മോതി മസ്ജിദ്, നാഗിന മസ്ജിദ്, മിനാ മസ്ജിദ് എന്നിങ്ങനെ നിരവധി പള്ളികൾ ഇവിടെ ഷാജഹാൻ നിർമ്മിച്ചു. ഇവ മൂന്നും മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മതിലുകളും മേൽക്കൂരയും ആയിരക്കണക്കിന് ചെറിയ കണ്ണാടികളാൽ പതിച്ച ഷീശ് മഹലും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

ചാരായത്തിന് വേണ്ടി അസ്സൽ നാടൻ തല്ല്

Author
Sub-Editor

Sabira Muhammed

No description...

You May Also Like