ഉണ്ട
- Posted on July 05, 2021
- Timepass
- By Felix Joseph
- 285 Views

മഞ്ഞുമലക്ക് മുകളിൽ വലിയ യന്ത്ര തോക്കും വച്ച് ശത്രുക്കളേയും കാത്ത് അയാളിരുന്നു. അസ്ഥി തുളച്ച് കയറുന്ന തണുപ്പാണ് ചുറ്റിലും. യന്ത്ര തോക്കിൽ പിടിപ്പിച്ചിരുന്ന വെടിയുണ്ടകളിലേക്ക് അയാൾ നോക്കി. ഒരു മാല പോലെ തോക്കിൽ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നിരുന്ന വെടിയുണ്ടകൾ കാണാൻ ചന്തമുണ്ടന്ന് അയാൾക്ക് തോന്നി. അയാളുടെ മുഖമൊന്നു വാടി. ആ മാലയിലെ ഒരോ ഉണ്ടയും ഒരോ ജീവനെടുക്കാൻ നിയോഗിക്കക്കപ്പെട്ടതാണെന്ന് അയാളോർത്തു.
ഈയിടെ ലീവിന് നാട്ടിൽ വന്ന് പോയതിൽ പിന്നെയാണ് അയാൾക്ക് ഇങ്ങനത്തെ ചിന്തകൾ. എട്ട് മാസം പ്രായമുള്ള അയാളുടെ മകനെ കൊഞ്ചിച്ചും താരാട്ട് പാട്ട് പാടിയുറക്കുമ്പോഴൊക്ക അയാളനുഭവിച്ച ആനന്ദം, ആർദ്രത. എത്ര കരുതലോടെയാണ് അയാളും കുടുംബവും ആ കുഞ്ഞിനെ നോക്കുന്നത്. കൊതുക് കടിക്കാതെ, ഉറുമ്പ് കടിക്കാതെ, കുഞ്ഞൊന്ന് കരഞ്ഞാൽ എല്ലാവരും ഓടിക്കൂടും.
“താനെടുക്കേണ്ട ഒരോ ജീവനും ഇങ്ങനെ പരിപാലിക്കപ്പെട്ടതല്ലേ?’’, മഞ്ഞു മലയുടെ മുകളിലിരുന്ന് അയാൾ ഓർത്തു. “താരാട്ട് പാട്ടും ലാളനയും സ്വപ്നങ്ങളും എല്ലാം അവസാനിപ്പിക്കുക, അതല്ലേ തോക്കിലെ ഓരോ ഉണ്ടയുടെയും കടമ. ആ കൃത്യം നടപ്പിലാക്കാനായിട്ട് മാന്യമായി ശമ്പളം പറ്റുന്നവൻ ഞാൻ. ജവാൻ ഓഫ് പാലാരിവട്ടം. എന്റെ അളിയന്റെ ഭാഷയിൽ പറഞ്ഞാൽ “ഏത് തെണ്ടിയാണ്” ഈ ഉണ്ട കണ്ട് പിടിച്ചത്?. രാജ്യം അതിർത്തി ഇതൊക്കെ ഒരു മിഥ്യാധാരണയല്ലേ.
കേരളം മുഴുവൻ നാട്ട് രാജ്യങ്ങൾ ആയിരുന്നല്ലോ. അന്ന് തോക്കിന് പകരം വാളുകളും കുന്തങ്ങളും അമ്പുകളും ഒക്കെ ആണ് കാവൽ നിന്നതും ജീവൻ എടുത്തതും. ഇപ്പോൾ കേരളമെന്ന ഒറ്റ വികാരം എന്നാണ് വയ്പ്. പ്രളയം വന്നപ്പോൾ നമ്മളൊക്കെ അത് തെളിയിച്ചതും ആണ്”, മാലയായി തൂങ്ങിക്കിടക്കുന്ന ഉണ്ടകളെ നോക്കി അയാൾ നെടുവീർപ്പെട്ടു.
അങ്ങ് ദൂരെ മഞ്ഞു മലകൾക്കിടയിൽ ഒരു അനക്കം. “ശത്രുവാണോ…?”. “ആരെ ഭായി”. വിളികേട്ട് അയാൾ തിരിഞ്ഞു നോക്കി, ദില്ലി വാല ബൽറാം ആയിരുന്നു. നമ്മളുടെ അഞ്ച് സഹപ്രവർത്തകരെ ഒരു സൂയിസൈഡ് ബോംബർ കൊന്നു, അതാണ് ദില്ലി വാല അയാളോട് പറഞ്ഞ വാർത്ത. “പട്ടികളെ” എന്ന് ആക്രോശിച്ച് കൊണ്ട് അയാൾ മഞ്ഞു മലകൾക്കിടയിലെ തിരയനക്കത്തിന് നേരെ യന്ത്രത്തോക്കിൽ നിന്ന് നിറുത്താതെ നിറയൊഴിച്ചു. താരാട്ടും ആർദ്രതയും മഞ്ഞു പോലെ അലിഞ്ഞു പോയി.
ഫെലിക്സ് ജോസഫ്
ranimariamedia@gmail.com