പ്രധാൻമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ പദ്ധതി നടപ്പിലാകുന്നു
- Posted on September 19, 2024
- News
- By Varsha Giri
- 90 Views
കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനും അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പ്രധാൻമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ (PM-AASHA) പദ്ധതികൾ തുടരുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ ഇതിനായുള്ള മൊത്തം സാമ്പത്തിക ചെലവ് 35,000 കോടി രൂപയായിരിക്കും.
കർഷകർക്കും ഉപഭോക്താക്കൾക്കും കൂടുതൽ കാര്യക്ഷമമായി സേവനം നൽകുന്നതിനായി PM-AASHAയിൽ നിരക്കു പിന്തുണാപദ്ധതി (PSS), വിലസ്ഥിരത നിധി (PSF) പദ്ധതികൾ ഗവണ്മെന്റ് സംയോജിപ്പിച്ചിട്ടുണ്ട്. PM-AASHAയുടെ സംയോജിത പദ്ധതി നടപ്പിലാക്കുന്നതിൽ കൂടുതൽ ഫലപ്രാപ്തി കൊണ്ടുവരുന്നത്, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില നൽകുമെന്നു മാത്രമല്ല ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യത ഉറപ്പാക്കി അവശ്യസാധനങ്ങളുടെ വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കുകയും ചെയ്യും. നിരക്കു പിന്തുണാ പദ്ധതി (PSS), വിലസ്ഥിരത നിധി (PSF), വിലക്കമ്മി പണമിടപാടു പദ്ധതി (POPS), വിപണി ഇടപെടൽ പദ്ധതി (MIS) എന്നീ ഘടകങ്ങൾ ഇനി PM-AASHAയ്ക്കു ലഭിക്കും.
നിരക്കു പിന്തുണ പദ്ധതിക്കു കീഴിൽ വിജ്ഞാപനം ചെയ്യപ്പെട്ട പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവ കുറഞ്ഞ താങ്ങുവിലയിൽ സംഭരിക്കുന്നത്, 2024-25 കാലയളവുമുതൽ വിജ്ഞാപനം ചെയ്ത ഈ വിളകളുടെ ദേശീയ ഉൽപ്പാദനത്തിന്റെ 25% ആയിരിക്കും. ഇതു കർഷകരിൽനിന്നു കൂടുതൽ വിളകൾ കുറഞ്ഞ താങ്ങുവിലയിൽ സംഭരിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കും. ഇതു ലാഭകരമായ വിൽപ്പന ഉറപ്പാക്കുന്നതിനും സാമ്പത്തികാവശ്യം കണക്കിലെടുത്ത് നഷ്ടത്തിൽ വിളകൾ വിൽക്കുന്നത് ഒഴിവാക്കാനും സഹായിക്കും. എന്നിരുന്നാലും, 2024-25 കാലയളവിൽ തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ കാര്യത്തിൽ ഈ പരിധി ബാധകമല്ല, കാരണം നേരത്തെ തീരുമാനിച്ചതുപോലെ 2024-25 കാലയളവിൽ തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ 100% സംഭരണം ഉണ്ടാകും.
വിജ്ഞാപനം ചെയ്യപ്പെട്ട പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവ കർഷകരിൽനിന്ന് കുറഞ്ഞ താങ്ങുവിലയിൽ, സംഭരിക്കുന്നതിനു നിലവിലുള്ള ഗവണ്മെന്റ് ഗ്യാരന്റി 45,000 കോടി രൂപയായി ഗവണ്മെന്റ് പുതുക്കുകയും വർധിപ്പിക്കുകയും ചെയ്തു. വിപണിവില താങ്ങുവിലയിൽ താഴെയാകുമ്പോഴെല്ലാം ഇന്ത്യയുടെ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷന്റെ (NAFED) ഇ സമൃദ്ധി പോർട്ടലിലും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്റെ (NCCF) ഇ സംയുക്ത പോർട്ടലിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തതുൾപ്പെടെയുള്ള കർഷകരിൽനിന്ന് കൃഷി-കർഷകക്ഷേമ വകുപ്പിന് (DA&FW) പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവയുടെ കൂടുതൽ സംഭരണത്തിന് ഇത് സഹായിക്കും. ഈ വിളകൾ രാജ്യത്ത് കൂടുതൽ കൃഷി ചെയ്യാനും ഈ വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇത് കർഷകരെ പ്രേരിപ്പിക്കുകയും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
പയർവർഗങ്ങളുടെയും ഉള്ളിയുടെയും ഭാവിയിലേക്കുള്ള തന്ത്രപരമായ കരുതൽ നിലനിർത്തുന്നതിലൂടെ കാർഷിക-തോട്ടക്കൃഷി ഉൽപ്പന്നങ്ങളുടെ വിലയിലെ തീവ്രമായ ചാഞ്ചാട്ടത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ അളന്നുതിട്ടപ്പെടുത്തി വിതരണം ചെയ്യുന്നതിന് വിലസ്ഥിരതാ നിധി (PSF) പദ്ധതിയുടെ വിപുലീകരണം സഹായിക്കും. പൂഴ്ത്തിവയ്പ്പ് നിരുത്സാഹപ്പെടുത്താനും അശാസ്ത്രീയമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ വിതരണത്തിനും ഇതു സഹായിക്കും. വിപണിവില താങ്ങുവിലയ്ക്കു മുകളിൽ വരുമ്പോൾ NAFEDന്റെ ഇ-സമൃദ്ധി പോർട്ടലിലും NCCFന്റെ ഇ സംയുക്തി പോർട്ടലിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തതുൾപ്പെടെയുള്ള കർഷകരിൽനിന്ന് ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) വിപണിവിലയ്ക്ക് പയർവർഗങ്ങൾ സംഭരിക്കും. കരുതൽ പരിപാലനത്തിനു പുറമേ, തക്കാളി പോലുള്ള മറ്റ് വിളകളിലും ഭാരത് പരിപ്പുകൾ, ഭാരത് ആട്ട, ഭാരത് അരി എന്നിവയുടെ സബ്‌സിഡി ചില്ലറ വിൽപ്പനയിലും PSF പദ്ധതിക്കു കീഴിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വിജ്ഞാപനം ചെയ്ത എണ്ണക്കുരുക്കൾക്കുള്ള തെരഞ്ഞെടുപ്പിനായി വിലക്കമ്മി പണമിടപാട് പദ്ധതി (PDPS) നടപ്പാക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്, എണ്ണക്കുരുക്കളുടെ സംസ്ഥാന ഉൽപ്പാദനത്തിന്റെ നിലവിലുള്ള 25 ശതമാനത്തിൽനിന്ന് 40 ശതമാനമായി പരിരക്ഷ ഉയർത്തുകയും കർഷകരുടെ നേട്ടങ്ങൾക്കായി നടപ്പാക്കൽ കാലയളവ് 3 മാസത്തിൽനിന്ന് 4 മാസമായി ഉയർത്തുകയും ചെയ്തു. താങ്ങുവിലയും വിൽപ്പനവിലയും തമ്മിലുള്ള വ്യത്യാസത്തിന്റെ നഷ്ടപരിഹാരം കേന്ദ്ര ഗവണ്മെന്റ് വഹിക്കേണ്ടത് താങ്ങുവിലയുടെ 15% ആയി പരിമിതപ്പെടുത്തിട്ടുണ്ട്.
വിപണി ഇടപെടൽ പദ്ധതി (MIS) നടപ്പാക്കുന്നത് മാറ്റങ്ങളോടെ വിപുലീകരിക്കുന്നത് എളുപ്പത്തിൽ കേടാകുന്ന തോട്ടക്കൃഷി വിളകൾ വളർത്തുന്ന കർഷകർക്ക് ലാഭകരമായ വില നൽകും. ഗവണ്മെന്റ് ഉൽപ്പാദനത്തിന്റെ 20% മുതൽ 25% വരെ പരിരക്ഷ വർധിപ്പിക്കുകയും, MIS പ്രകാരമുള്ള ഭൗതിക സംഭരണത്തിനുപകരം വ്യത്യാസം വരുന്ന തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതിനുള്ള പുതിയ സംവിധാനം ചേർക്കുകയും ചെയ്തു. കൂടാതെ, ‘ടോപ്’ (തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്) വിളകളുടെ കാര്യത്തിൽ, ഉയർന്ന വിളവെടുപ്പ് സമയത്ത് ഉൽപ്പാദക സംസ്ഥാനങ്ങളും ഉപഭോഗ സംസ്ഥാനങ്ങളും തമ്മിൽ വിളകളുടെ വിലയിലെ അന്തരം നികത്താൻ, NAFED, NCCF പോലുള്ള കേന്ദ്ര നോഡൽ ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ഗതാഗത-സംഭരണ ചെലവുകൾ വഹിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. ഇതു കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുക മാത്രമല്ല, വിപണിയിൽ ഉപഭോക്താക്കൾക്ക് ‘ടോപ്’ വിളകളുടെ വില കുറയ്ക്കുകയും ചെയ്യും.