ചെറുകഥ : 'കുരുടാൻ' ഔത

അയാളുടെ പ്രായം കണക്കിലെടുത്ത് 'ഇനി മേലാൽ ഈ പണിക്ക് പോകരുത്' എന്നൊരു താക്കീത് നൽകുകയും ചെയ്തു

കുഴീക്കലെ ജോപ്പന്റെ പുതിയ വീട് കാണാൻ മാളിക പോലെയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു നടന്നപ്പോൾ ജോപ്പനോ ഭാര്യ കത്രീനയോ അത് കഴിഞ്ഞ് വരാൻ പോകുന്ന നാണക്കേടിനെ പറ്റി ചിന്തിച്ചു പോലുമില്ല. ജോപ്പനും കുടുംബവും വെഞ്ചരിപ്പ് കഴിഞ്ഞ പുതിയ വീട്ടിൽ താമസം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആ സംഭവം.

വേനൽക്കാലമാണ്. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ട്.എന്തോ ദുഃസ്വപ്നം കണ്ടു കത്രീന ഞെട്ടി ഉണർന്നു. കുരിശു വരച്ചിട്ടും, 'നന്മ നിറഞ്ഞ മറിയമേ' ചൊല്ലിയിട്ടുമൊന്നും ഞെട്ടൽ മാറിയില്ല. അവൾ മെല്ലെ എണീറ്റ് ഊണ് മേശയ്‌ക്കരികിലേക്ക് നടന്നു.

ജഗ്ഗിൽ ഇരുന്ന വെള്ളം  'ഗ്ലും ഗ്ലും ' എന്ന് കുടിക്കുന്നതിനിടയിൽ അവൾ മറ്റൊരു ശബ്ദം കേട്ടു. 'ഗ്വാ, ഗ്വാ '. കത്രീന ആദ്യം ഒന്നമ്പരന്നു.പിന്നെ ശബ്ദം വരുന്ന സൈഡിലേക്ക് നടന്നു. വീടിന്റെ പുറത്തെ ചായ്‌പ്പിനരികിൽ കുന്തിച്ചിരിക്കുന്ന ജോപ്പന്റെ അപ്പൻ ഔത. പുറം തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് കത്രീന വന്നത് അയാൾ അറിഞ്ഞില്ല. വീണ്ടും ഒരിക്കൽ കൂടി 'ഗ്വാ, ഗ്വാ ' എന്ന് കേട്ടപ്പോൾ കത്രീനയ്ക്ക് ഉറപ്പായി. അപ്പൻ വാള് വയ്ക്കുകയാണ്.

വാള് വച്ചു കഴിയുമ്പോൾ അകത്തു വരട്ടെ എന്ന് കരുതി തിരിഞ്ഞു നടക്കുമ്പോഴാണ് 'ധിം ' എന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ശബ്ദം അവൾ കേട്ടത്. ഓടിച്ചെന്നു നോക്കുമ്പോൾ ഔത നിലത്ത് വീണു കിടക്കുന്നു. ഒരു വിധത്തിൽ അയാളെ പിടിച്ചെണീപ്പിച്ച് ചായ്‌പ്പിന്റെ ഭിത്തിയിലേക്ക് ചാരി ഇരുത്തി. ഔതയുടെ ചുറ്റും എന്തോ വല്ലാത്ത മണം നിറഞ്ഞു നിൽക്കുന്നതായി കത്രീനയ്ക്ക് തോന്നി. ഇത് അപ്പൻ സ്ഥിരം കഴിക്കുന്ന ബ്രാണ്ടി യുടെ മണം അല്ല. പിന്നെ എന്താവും ഇത്. ഇനി അപ്പനെങ്ങാൻ ബ്രാൻഡ് മാറ്റിയോ. അവൾക്ക് ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടിയില്ല. അപ്പൻ എണീറ്റ് വരുന്നില്ല എന്ന് കണ്ടപ്പോൾ ജോപ്പനെ വിളിക്കാനായി അവൾ വീടിനുള്ളിലേക്ക് നടന്നു.

'ജോപ്പാ ദേ എണീറ്റേ, അപ്പൻ ദാണ്ടേ ചായ്പ്പിനടുക്കേ ഇരുന്ന് വാള് വയ്ക്കുവാരുന്നു. ഇടയ്ക്ക് മറിഞ്ഞു വീഴുകേം ചെയ്തു. ഞാൻ ഒരു വിധത്തി എണീപ്പിച്ച് ഇരുത്തി. പക്ഷേ നടക്കാൻ പറ്റണില്ലന്നാ തോന്നണേ'

കഴിഞ്ഞയാഴ്ച എടുത്ത കാരുണ്യാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കിട്ടുന്ന സ്വപ്നത്തിൽ മുഴുകിക്കിടന്നിരുന്ന ജോപ്പൻ കത്രീനയുടെ വിളിയും മറ്റും കേട്ടില്ല. ഒടുക്കം കത്രീന അറ്റ കൈ പ്രയോഗം നടത്തി.

വേറൊന്നുമല്ല, കട്ടിലിന്റെ അരികത്ത് കിടന്ന തോർത്തിന്റെ ഒരറ്റം ചുരുട്ടി അയാളുടെ മൂക്കിൽ ഇട്ടു നല്ലപോലെ രണ്ടു വശത്തേക്കും ഒറ്റ തിരി. 'ഹാഛീ, ഹാഛീ യെന്നു തുമ്മിക്കൊണ്ട് ജോപ്പൻ പിടഞ്ഞെഴുന്നേറ്റു.

'എടീ കത്രീനേ, എന്നാത്തിനാ നീയെന്നെ ഈ പാതിരായ്‌ക്ക് വിളിച്ചെണീപ്പിച്ചേ? അയിനും വേണ്ടി ഇവിടെന്നാ ഉണ്ടായേ?'

ചുരുങ്ങിയ വാക്കുകളിൽ കത്രീന നടന്ന കാര്യങ്ങൾ ജോപ്പനെ ധരിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ ജോപ്പൻ വേഗം തന്നെ ഭാര്യയോടൊപ്പം അപ്പന്റെ അരികിലേക്ക് ചെന്നു.

അവരടുത്തു ചെല്ലുമ്പോഴേക്ക് വാളുവച്ചും, ചുമച്ചും, അതിലുമുച്ചത്തിൽ തുമ്മിയും ഔത നന്നേ അവശനായിരുന്നു.

ഔതയുടെ അടുത്തേക്ക് ചെന്നപ്പോൾ വാള് വച്ചതിന്റെയല്ലാതെ മറ്റൊരു മണം അവിടെയുണ്ടെന്ന കത്രീനയുടെ അഭിപ്രായം ജോപ്പൻ ശരിവച്ചു.

'അപ്പാ, അപ്പോയ് ഇതെന്നാ സാധനമാ എടുത്തടിച്ചേ. വല്ലാത്ത വാടയാണല്ലോ.' ജോപ്പൻ ഔതയെ കുലുക്കി വിളിക്കുന്നതിനിടയിൽ ചോദിച്ചു.

'മക്കളേ അസ്ത് അസ്ത്…. അസ്ത് കുരുടാനാ ' കുഴഞ്ഞു വ്യക്തതയില്ലാത്ത സ്വരത്തിൽ ഔതയുടെ മറുപടി.

'ചതിച്ചല്ലോ മാതാവേ! എടീ കത്രീനേ നീ വേഗമാ കാറിന്റെ ചാവിയിങ്ങെടുത്തേ. അപ്പൻ ഫ്യൂരിഡാൻ ബ്രാണ്ടിയിൽ മിക്സ്‌ ചെയ്ത് അടിച്ചെന്നാ പറേന്നെ.ആശുപത്രിയിൽ കൊണ്ടു പോകണം. അതുമല്ല. പോലീസ് കേസുമാകും.'

കത്രീന അധികം വൈകാതെ കാറിന്റെ ചാവിയുമായി എത്തി.അവർ രണ്ട് പേരും കൂടി ഔതയെ താങ്ങിയെടുത്തു കാറിന്റെ പിൻ സീറ്റിൽ കിടത്തി.

'ജോപ്പാ, ഞാനും കൂടി വരട്ടേ ആശുപത്രിയിലോട്ട്??'

'വേണ്ടാ, നീയകത്തു കേറി കതകടച്ചു ഇരുന്നോ. ഇത് ഞാനൊറ്റയ്ക്ക് നോക്കിക്കോളാം.ഞാൻ പോകും വഴിക്കു സതീഷ് ഡോക്ടറെ വിളിച്ചിട്ട് കാര്യം പറയാം. അതാവുമ്പോ നേരെ പുള്ളിയുടെ ആശുപത്രിയിലോട്ട് കൊണ്ടുപോകാം.തന്നേമല്ല പുറമേക്കാര് അറിയത്തുമില്ല.'

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലും ജോപ്പന്റെ ചിന്ത അപ്പനെന്തിനാവും ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നായിരുന്നു. പുതിയ വീട് പണിതു കൊണ്ടിരിക്കുമ്പോൾ പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് അവരുടെ പുറകിൽ നിന്ന് മാറാതെ നടന്നിരുന്ന അപ്പന്റെ മുഖം അയാൾക്ക് ഓർമ്മ വന്നു. അപ്പൻ ഒരിക്കൽ പോലും സങ്കടപ്പെട്ടു കണ്ടിട്ടില്ല.

ചെറുപ്പം മുതൽക്കേ താൻ കണ്ടിട്ടുള്ളത് വീടിനോട് ചേർന്നുള്ള പറമ്പിൽ കഠിനാധ്വാനം ചെയ്യുന്ന അപ്പനെയാണ്. കപ്പ, കാച്ചിൽ, ചേന, ചേമ്പ് അങ്ങനെ അപ്പൻ നട്ടുണ്ടാക്കിയ കാർഷിക വിളകൾ കൊണ്ട് സമൃദ്ധമായിരുന്നു അന്ന് വീട്ടിലെ ഊണ്‌ മേശ. 

പ്രായമേറിയിട്ടും മണ്ണിനോട് മല്ലിടുന്നത് ഔതയ്ക്ക് പ്രിയപ്പെട്ട കാര്യമായിരുന്നു. കപ്പയ്ക്കോ, ചേനയ്‌ക്കോ ഇടവിളയായി പയറോ, ബീൻസോ നടാനും, കാച്ചിലും, ചേമ്പും കുത്തിമറിച്ചിട്ടു പോകുന്ന കാട്ടുപന്നിക്ക് കെണി വയ്ക്കാനുമൊക്കെ അയാൾ ഉത്സാഹിച്ചു.

ഓർമ്മകളിൽ മുഴുകിയിരുന്നു ഡ്രൈവ് ചെയ്തത് കൊണ്ട് ഹോസ്പിറ്റലിന്റെ ഗേറ്റ് എത്തിയപ്പോഴാണ് ജോപ്പന് ബോധം വന്നത്. റിസെപ്ഷനിൽ സതീഷ് ഡോക്ടർ പറഞ്ഞേൽപ്പിച്ച അറ്റെൻഡർമാരും മറ്റുള്ളവരും കാത്തുനിൽപ്പുണ്ടായിരുന്നു.

'ജോപ്പാ ഇത് ആകെ സീൻ ആണ് ട്ടാ. പോലീസ് കേസാണ്. എനിക്ക് റിപ്പോർട്ട്‌ ചെയ്യാണ്ട് പറ്റില്ല്യ ട്ടാ. പണി പോകണ കേസാണ്.' സതീഷ് ഡോക്ടർ ഉള്ള കാര്യം തുറന്നു പറഞ്ഞു.

'അതൊന്നും സാരമില്ല ഡോക്ടറെ, നിങ്ങൾ എങ്ങനെയേലും അപ്പനെ രക്ഷിക്കാൻ നോക്ക്. ബാക്കിയൊക്കെ വരുന്നേടത്ത് വച്ച് കാണാം.' ജോപ്പൻ ഡോക്ടർക്ക് ധൈര്യം നൽകാൻ തനിക്കാവുന്ന പോലെ ശ്രമിച്ചു.

സതീഷ് ഡോക്ടറും സംഘവും കിണഞ്ഞു പരിശ്രമിച്ചു. ഔതയുടെ വയർ കഴുകി വൃത്തിയാക്കി ഒരു വിധത്തിൽ വിഷാംശം ശരീരത്തിൽ നിന്ന് നീക്കം ചെയ്തു. പക്ഷേ ഫ്യൂരഡാൻ പോലെയുള്ള കീടനാശിനികൾ മനുഷ്യശരീരത്തിൽ ചെന്നാൽ മരണമോ, ശരീരം തളർന്നു പോവുകയോ ഒക്കെ സംഭവിക്കാമെന്ന് ഡോക്ടർമാർക്ക് ഉറപ്പായിരുന്നു. ഔതയെ കുറച്ചു ദിവസം ഒബ്സെർവേഷനിൽ കിടത്താൻ തീരുമാനമായി.

അപ്പനെ വാർഡിലേക്ക് മാറ്റിയ ശേഷം ജോപ്പൻ വീട്ടിലേക്ക് പോയി. അപ്പന് വേണ്ട വസ്ത്രങ്ങളും മറ്റും എടുത്ത് കത്രീനയേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങിയെത്തി.

കൃത്യമായി പറഞ്ഞാൽ ഒരു മാസം ഔത ആശുപത്രിയിൽ തന്നെ ആയിരുന്നു. അതിനിടയിൽ സതീഷ് ഡോക്ടർ വിവരമറിയിച്ചതനുസരിച്ച് പോലീസ് വന്ന് ഔതയെ ചോദ്യം ചെയ്യുകയും, അയാളുടെ പ്രായം കണക്കിലെടുത്ത് 'ഇനി മേലാൽ ഈ പണിക്ക് പോകരുത്' എന്നൊരു താക്കീത് നൽകുകയും ചെയ്തു. ജയിലിൽ പോകാതെ രക്ഷപ്പെട്ടല്ലോ എന്ന് കരുതി ജോപ്പനും മറ്റുള്ളവരും സമാധാനിച്ചു.

ഒരു മാസത്തിനു ശേഷം വീട്ടിൽ വന്ന് കയറുമ്പോൾ ഔതയ്ക്ക് ചെറിയ ഓർമ്മക്കുറവ് ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ വേറെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജോപ്പനും കുടുംബവും തിരിച്ചു വന്നതറിഞ്ഞു അയൽക്കാർ ഓരോരുത്തരായി വന്ന് ഔതയെ കണ്ടു മടങ്ങുന്നത് പതിവായി. 

വയസുകാലത്ത് അപ്പൻ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് നാല് പേരറിഞ്ഞാൽ നാണക്കേടാവുമല്ലോ എന്നു കരുതി ജോപ്പനും, കത്രീനയും അയൽക്കാരോട് ഒന്നും വിട്ടു പറഞ്ഞില്ല. എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണോ ജീവിതത്തിൽ സംഭവിക്കുന്നത്?

ആയിടെയാണ് ഔതയുടെ എൺപതാം പിറന്നാൾ ആഘോഷിക്കാൻ ജോപ്പൻ തീരുമാനിച്ചത്. അപ്പന് ഒരു മാറ്റം ആവട്ടെ എന്നായിരുന്നു അയാളുടെ ചിന്ത.

പിറന്നാളിന്റെയന്ന് കുഴീക്കൽ വീടിനു മുൻപിൽ വലിയ പന്തലും മറ്റുമായി ആകെ ഒരുത്സവപ്രതീതി ആയിരുന്നു. ബന്ധുക്കളും, അയൽക്കാരും അവിടെ വന്ന് ഔതയ്ക്ക് പിറന്നാൾ ആശംസകളും, ദീർഘായുസ്സും നേർന്നു.

പിറന്നാൾ ആഘോഷം പ്രമാണിച്ച് കുഴീക്കൽക്കാരുടെ ഇടവകയിലെ വികാരിയച്ചനും ഔതയെ കാണാൻ എത്തിയിരുന്നു.കുശല പ്രശ്നങ്ങൾക്കിടയിൽ ഔതയുടെ ആശുപത്രിവാസവും  സംസാര വിഷയമായി.

'ഔതാച്ചേട്ടൻ ഈയിടെ ആശുപത്രിയിൽ ഒക്കെ കിടന്നാരുന്നു അല്ലിയോ?, ഞാൻ സ്ഥലത്തില്ലാരുന്നു അതാ കാണാൻ വരാഞ്ഞത്.വയസ്സായ ആൾക്കാരെ കണ്ടാൽ ഡോക്ടർമാര് ചുമ്മാ പിടിച്ചു കിടത്തും. പ്രഷർ, ഷുഗർ അങ്ങനെ ഓരോ ന്യായം പറഞ്ഞേച്ച് '.

ഔതയുടെ മറുപടി അച്ചനെ മാത്രമല്ല ആ ഇടവകയിലെ മുഴുവൻ ആൾക്കാരെയും ഞെട്ടിക്കുന്നതായിരുന്നു.

'അതിന് ഔത ആശുപത്രീ കെടന്നത് പഞ്ചാര കൂടീട്ടാണെന്നു അച്ചനോടാരാ പറഞ്ഞേ? ഞാനൊരിക്കെ ബ്രാണ്ടിടെ കൂടെ ഇച്ചിരെ 'കുരുടാൻ ' ചേർത്തടിച്ചു. അതിനാ ഒരുമാസം ആശുപത്രീ കെടന്നേ'.

ഔതയ്ക്ക് പണ്ടേ മൈക്ക് സെറ്റിന്റെ പോലത്തെ ഒച്ചയാണെന്നാ എല്ലാരും പറയാറ്. ഏതായാലും നാട്ടുകാർ അറിയിക്കാതെ മൂടി വച്ചത് നാട് മുഴുവൻ അറിയിക്കാൻ ആ മൈക്ക് സെറ്റ് കാരണമായി.

അന്നുമുതൽ ആ നാട്ടിൽ കുഴീക്കൽ ഔത 'കുരുടാൻ' ഔത എന്നറിയപ്പെട്ടു. ആറ് വർഷങ്ങൾക്ക് ശേഷം അയാൾ മരിച്ചു കിടന്നപ്പോഴും വീട്ടിലേക്കുള്ള വഴി ചോദിക്കുന്നവരോട് 'കുരുടാൻ' ഔതയുടെ വീടല്ലേ എന്ന മറു ചോദ്യമാണ് നാട്ടുകാർ ചോദിച്ചിരുന്നത്.


സ്വപ്ന

പ്രണയം, വഴിപിരിയൽ, വിവാഹം, മരണം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like