ബഹിരാകാശത്തേക്ക് യാത്രപോയ സമൂസ !!
- Posted on April 07, 2021
- Kitchen
- By Sabira Muhammed
- 246 Views
ബഹിരാകാശത്തേക്ക് ഒറ്റക്ക് യാത്രപോയ ആദ്യ പലഹാരം സമൂസയാണെന്നു പറഞ്ഞാൽ നമ്മൾക്ക് വിശ്വാസം വരില്ല . കൊറോണ കാലത്തെ മുശിപ്പിൽ നിന്നും സന്തോഷം കണ്ടെത്തൻ വേണ്ടിയാണ് ബ്രിട്ടനിലെ ബാത്ത് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ചായ് വാല എന്ന് പേരുള്ള ഇന്ത്യൻ ഭക്ഷണശാലയുടെ ഉടമ നീരജ് ഗഥേർ സമൂസയെ ബഹിരാകാശത്തേക്ക് യാത്രയാക്കിയത് . ഒരിക്കൽ സമൂസയെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് നീരജ് ഗഥേർ തമാശയായി സുഹൃത്തുക്കളോട് പറഞ്ഞു . അത് സുഹൃത്തുക്കൾക്കിടയിൽ വലിയൊരു ചിരി പടർത്തി . ഈ ചിരിയിൽ നിന്നാണ് സമൂസയെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഊർജ്‌ജം അവർക്ക് ലഭിച്ചത് .
പിന്നെ ഒന്നും നോക്കിയില്ല ബലൂണും ഹീലിയവും സമൂസയുമായി നീരജും കൂട്ടുകാരും ഒരു തുറസ്സായ സ്ഥലത്തെത്തി. ഒരു തെർമോക്കോൾ ബോക്‌സിൽ സമൂസയും ഒപ്പം ഗോപ്രോ വീഡിയോ കാമറയും ജിപിഎസ് ട്രാക്കറും ബന്ധിപ്പിച്ച് ബലൂണിൽ ഹീലിയവും നിറച്ചു. പക്ഷെ പണി പാളി. ഹീലിയം ബലൂൺ സമൂസയുള്ള ബോക്‌സുമായി ബന്ധിപ്പിക്കുന്നതിന് മുൻപുതന്നെ ആകാശത്തേക്ക് പൊങ്ങി. ആദ്യ ശ്രമം പാളിയെങ്കിലും കുറച്ചു ദിവസത്തിനു ശേഷംവീണ്ടും ശ്രമിച്ചു. പക്ഷെ ബലൂണിൽ ആവശ്യത്തിന് ഹീലിയം കയറാതെ സമൂസ വിക്ഷേപണം പിന്നെയും പാളി. മൂന്നാം തവണ വിജയം നേടി. ഹീലിയം ബലൂണിൽ പറന്നു പൊങ്ങിയ സമൂസ കാഴ്‌ച മറയുന്നതുവരെ നോക്കി നിന്ന നീരജും കൂട്ടുകാരും പിന്നീട് ജിപിഎസ് ട്രാക്കർ വഴിയും സാമൂസയുടെ യാത്ര നിരീക്ഷിച്ചു. പക്ഷെ കുറച്ച് ഉയർന്നപ്പോൾ ജിപിഎസ് ട്രാക്കറിന്റെ പ്രവർത്തനം നിലച്ചു. സമൂസയുമായുള്ള ബന്ധം നഷ്പ്പെട്ടെങ്കിലും അടുത്ത ദിവസം ട്രാക്കർ പിന്നെയും പ്രവർത്തിക്കാൻ തുടങ്ങി. അപ്പോഴേക്കും ഫ്രാൻസിലെ പികാർഡിയിൽ കൈയക്സിലെ പാടത്ത് ബലൂൺ ക്രാഷ് ലാൻഡ് ചെയ്തിരുന്നു. സംഭവ സ്ഥലം കാണാൻ പോയ നീരജും കൂട്ടരും സംഭവം കണ്ട് അന്തംവിട്ടു. പാടത്തിലെ മരത്തിൽ ഒരു ബലൂണും ഗോ പ്രോയും ജി പി എസും ഉൾപ്പെടുന്ന ബോക്സും കണ്ടെത്തി. പക്ഷെ സമൂസ മാത്രം കാണാനില്ല . ആരാണ് സമൂസ എടുത്ത വിദ്വാൻ എന്ന് മാത്രം കണ്ടുപിടിക്കാനായില്ല . കാടിനോട് ചേർന്ന പ്രദേശം ആയതിനാൽ വന്യജീവികൾ ഒരുപക്ഷെ സമൂസ ശാപ്പിട്ട്കാണും എന്നാണ് അനുമാനം.