മികവിൻ്റെ കേന്ദ്രങ്ങൾ' അന്താരാഷ്ട്രവത്കരിക്കാൻ ലോകബാങ്ക് പിന്തുണ

കേരളത്തിൽ ആരംഭിക്കാൻ പോകുന്ന സെന്റേഴ്‌സ് ഓഫ് എക്സലൻസിന്റെ അന്താരാഷ്ടവത്കരണത്തിന് ലോകബാങ്ക് പിന്തുണ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ലോകബാങ്കിന്റെ എജ്യൂക്കേഷൻ ഗ്ലോബൽ പ്രാക്ടീസ് പദ്ധതിയുടെ ചുമതലക്കാരുമായുള്ള കൂടിക്കാഴ്ചയിലാണീ ധാരണ - മന്ത്രി അറിയിച്ചു. 


സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമാണ് ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് ആരംഭിക്കുന്നത്.  അന്താരാഷ്ടതതലത്തിൽ വിദ്യാർത്ഥികളെയും ഗവേഷകരെയും ആകർഷിക്കുന്ന വിധത്തിൽ ഈ മികവിന്റെ കേന്ദ്രങ്ങളെ വികസിപ്പിക്കാൻ ലോകബാങ്ക് സഹകരിക്കും. നിലവിൽ ഭരണാനുമതി ലഭിച്ച് തുടർനടപടികളിലേക്ക് പ്രവേശിച്ചുകഴിഞ്ഞ ഏഴ് കേന്ദ്രങ്ങളിൽ മൂന്നാറിൽ സ്ഥാപിക്കാനൊരുങ്ങുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ കാര്യത്തിൽ ലോകബാങ്ക് സംഘം പ്രത്യേകം താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി പറഞ്ഞു.   


ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളുമായി നടക്കുന്ന സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പദ്ധതികൾക്കും വിദേശ രാജ്യങ്ങളിൽ കേരളീയ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ട്വിന്നിങ് പ്രോഗ്രാമുകൾക്കും ഇതോടൊപ്പം ലോകബാങ്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് - മന്ത്രി അറിയിച്ചു. 


സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള ലോകബാങ്ക് പദ്ധതിയിൽ ('മെറിറ്റ്' - MERITE) ഇന്ത്യയിൽനിന്ന് തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ കേരളത്തെ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് വാഗ്ദാനം ചെയ്‌ത സഹകരണം വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിൽ ആക്കം പകരും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 


എജ്യൂക്കേഷൻ ഗ്ലോബൽ പ്രാക്ടീസ് പദ്ധതിയുടെ മേധാവികളായ നീന ആൻഹോൾഡ്, ഡെന്നിസ് മിഖലെവ്, ഇന്ത്യയിലെ കൺസൾട്ടന്റായ അംബരീഷ് അംബുജ്  എന്നിവരാണ് മന്ത്രി ഡോ. ബിന്ദുവുമായി കൂടിക്കാഴ്‌ചക്കെത്തിയത്. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്‌പെഷ്യൽ ഓഫീസർ എൽദോ മാത്യുവും കൂടെയുണ്ടായി.




Author

Varsha Giri

No description...

You May Also Like