വനിതാ ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ താലിബാന് മുന്നറിയിപ്പ് നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ
- Posted on September 09, 2021
- Sports
- By Sabira Muhammed
- 429 Views
നവംബര്‍ 27ന് ഹൊബാര്‍ട്ടില്‍ വെച്ച് ടെസ്റ്റ് മത്സരം നടക്കാനിരിക്കവെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിഷേധം അറിയിച്ചത്.

താലിബാന് വനിതാ ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ പ്രതിഷേധം അറിയിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. താലിബാന്റെ തീരുമാനം വനിതാ ക്രിക്കറ്റ് നിരോധിക്കണമെന്നാണെങ്കിൽ അഫ്ഗാന്‍ പുരുഷ ടീമിനൊപ്പമുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് താലിബാന്‍ പ്രതിനിധി സ്ത്രീകളെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണ് ശരീരവും മുഖവും മുഴുവനായി മറക്കാതെ സ്ത്രീകള്‍ പൊതുഇടങ്ങളില്‍ എത്തുന്നതെന്നും, മത്സരത്തില്‍ വനിതകള്‍ പങ്കെടുക്കുന്നത് അനാവശ്യമാണെന്നുമായിരുന്നു താലിബാന്‍ പ്രതിനിധിയുടെ വാദം. ഇതിന് പിന്നാലെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണം. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കായിക വിനോദമാണ്, സ്ത്രീകള്‍ എല്ലാ തലത്തിലും പങ്കെടുക്കുന്നതിനെ പിന്തുണക്കുന്നതായും, ക്രിക്കറ്റ് ബോര്‍ഡിന് വനിതാ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് നയിക്കുകയെന്നത് പ്രധാനമാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉള്‍പ്പടെ ഇതിനെതിരെ നടപടിയെടുക്കണമെന്നും താലിബാന്റെ നിലപാട് ആശങ്കാജനകമാണെന്ന് ഓസ്‌ട്രേലിയന്‍ കായിക മന്ത്രി റിച്ചാര്‍ഡ് കോള്‍ബെക്കും പ്രതികരിച്ചു. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും, ആശങ്കയുണ്ടാക്കുന്നതാണ് താലിബാന്‍ നിലപാടെന്നും ഐ.സി.സി. ബോര്‍ഡും പ്രതികരിച്ചു.