മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം;ഉദ്യാഗസ്ഥരുടെ അഭാവമില്ല.
- Posted on November 07, 2024
- News
- By Goutham Krishna
- 60 Views
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.
സ്വന്തം ലേഖകൻ.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും അഭാവത്തില്‍ യഥാക്രമം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍), ജൂനിയര്‍ സൂപ്രണ്ട് (എം) വിഭാഗം എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കളക്ട്രേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിത ബാധിതര്‍ക്കായി ഇവിടെ 1800-233-0221 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപെട്ട് രക്ഷപ്രവര്‍ത്തനങ്ങളും, ദുരന്ത ബാധിതരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയിരുന്നു.
നിലവില്‍ 773 കുടുംബങ്ങള്‍ വാടക വീടുകളിലും 64 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലുമാണ് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചത്. അര്‍ഹരായവര്‍ക്കുള്ള ധനസഹായം യഥാസമയം വിതരണം ചെയ്തു വരികയാണ്. ദുരന്തബാധിര്‍ക്ക് അടിയന്തിര ധനസഹായം,മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, മൃതദേഹംസംസ്‌കരിക്കുന്നതിനുള്ള സഹായം, പരിക്കേറ്റവര്‍ക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പുകള്‍ നടത്തി. ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, തൊഴിലുറപ്പ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി ,വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാരം, പാന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, സ്‌കൂള്‍ രേഖകള്‍, പാസ്പോര്‍ട്ട്, ആധാരം തുടങ്ങിയ രേഖകള്‍ വീണ്ടെടുത്ത് നല്‍കി. കണ്ടെടുത്ത മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവയുടെ ഡി എന്‍ എ സാമ്പിള്‍ ക്രോസ് ചെക്കിംഗിലൂടെ കാണാതായ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ദുരന്തബാധിരായവരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ഗുണഭോക്താക്കളുടെ തയ്യാറാക്കിയ കരട് പട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ദുരന്തബാധിതര്‍ക്കായി ഉപജീവന സഹായം, പോഷക ആവശ്യകതകള്‍, നൈപുണ്യ പരിശീലനം,ആരോഗ്യം, സാമൂഹിക സുരക്ഷ, പാര്‍പ്പിടം, കൃഷി-അനുബന്ധ പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം, പ്രത്യേക വിഭാഗത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് മൈക്രോ പ്ലാന്‍ സര്‍വേ നടത്തിയിട്ടുണ്ട്. ദുരിതബാധിതരുടെ വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും യോഗങ്ങള്‍ നടത്തുകയും ക്ലെയിമുകള്‍ ഇതിനകം തീര്‍പ്പാക്കുകയും ചെയ്തു. ദുരിതബാധിതരുടെ വായ്പാ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, ലോണ്‍ ഡാറ്റ ക്യാമ്പ് നടത്തിയതായും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നേറുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.