കാലാവസ്ഥ മുൻകൂട്ടി അറിഞ്ഞ് ജാഗ്രത പുലർത്താം, വയനാട്ടിൽ റഡാർ വരുന്നു

കൽപ്പറ്റ: ദുരന്തം ഒന്നിന് പിറകെ ഒന്നായി വയനാട്ടിൽ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരുന്ന 

സൂക്ഷ്മമായ മാറ്റങ്ങൾ അറിയാൻ കഴിയുന്ന റഡാറുകൾ വയനാട്ടിൽ സ്‌ഥാപിക്കുന്നു.


 ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ദുരന്ത പശ്ചാത്ത ലത്തിൽ കൂടിയാണ്,

 വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നത്.കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ കീഴിലാണ് 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡാർ സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളാണ് ബാക്കിയുള്ളത്.

കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർകൊണ്ട് പ്രയോജനമുണ്ടാവും. ഓരോ 10 മിനിറ്റിലും പ്രവചനം നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റഡാറുള്ളത്. 



കൊച്ചിയിലെ റഡാറിന്റെ പരിധിയിലാണിപ്പോൾ കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകൾ.

കാലാവസ്ഥാവ്യതിയാനം കാരണം 2018 മുതൽ വയനാട്ടിൽ അതിതീവ്രമഴയാണ് പെയ്യുന്നത്. ഉരുൾപൊട്ടലുണ്ടായ ജൂലായ് 29- ന് 327 മില്ലിമീറ്റർ മഴയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പെയ്‌തത്‌. ഇതാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചത്. പക്ഷേ, മുന്നറിയിപ്പുനൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.


ആറ് ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളും ഹ്യൂംസെന്ററിന്റെ 200 മഴമാപിനികളും വയനാട് ജില്ലയിൽ പലഭാഗത്തായി ഉണ്ടെങ്കിലും ഓരോ ദിവസത്തെ അളവുകൾ മാത്രമാണ് ലഭിക്കുന്നത്. റഡാർ സ്ഥാപിക്കുന്നതോടെ മഴമേഘങ്ങളുടെ ചലനം മനസ്സിലാക്കാൻ കഴിയുന്നതിനാൽ എവിടെയാണ് അതിതീവ്രമഴ പെയ്യുക എന്ന് മുൻകൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയും.

മേഘങ്ങൾ രൂപപ്പെടുന്നത് കണ്ടെത്താൻ കഴിയുന്നതിനാൽ മേഘവിസ്ഫോടനത്തിനുള്ള സാധ്യതകളും മുൻകൂട്ടി അറിയാനാവും. റഡാർ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, സിഗ്നൽ ലഭിക്കാൻ പശ്ചിമഘട്ടമലനിരകൾ തടസ്സമാവും എന്നതുകൊണ്ടാണ് വയനാട്ടിലേക്ക് മാറ്റിയത്.



പ്രയോജനം ഇങ്ങനെ


 മേഘത്തിലെ ജലകണികകളെയും ജലകണങ്ങളെയും കണ്ടെത്താൻ കഴിയും എന്നതാണ് റഡാറിൻ്റെ പ്രത്യേകത.


മഴ എത്ര തീവ്രതയിലാണ് പെയ്യുക എന്ന് മുൻകൂട്ടി അറിയാൻ കഴിയും.


മഴമേഘങ്ങളുടെ ചലനം മനസ്സിലാക്കാം. കൂടുതൽ മഴവർഷിക്കുന്ന മേഘങ്ങൾ എവിടേക്കാണ് ചലിക്കുന്നതെന്ന് കണ്ടെത്താം.


 എത്ര ഉയരത്തിലാണ് മേഘങ്ങൾ രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കാം.


 കാറ്റിന്റെ ഗതിയും തീവ്രതയും മനസ്സിലാക്കാനാവും.



 

Author

Varsha Giri

No description...

You May Also Like