വന്യമൃഗ ശല്യത്തിൽ മുൻ കാലങ്ങളിലുണ്ടായ വസ്തുത നിഷ്ടമല്ലാത്ത പ്രതികരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കിഫ

കടുവയുടെ സാന്നിധ്യം വയനാട്ടുകാർക്ക് കൗതുകമുള്ള കാര്യമല്ലെന്നും അതവരുടെ ദിന ചര്യയുടെ ഭാഗമാണെന്നും കടുവയെ അത്രയധികം സ്നേഹിക്കുന്നവരാണ് വയനാട് കാരെന്നും വയനാട് സൗത്ത് ഡി .എ ഫ് .ഒ ഷജ്ന കരീം.
കടുവയിറങ്ങുന്ന പ്രദേശങ്ങളിലെ നാട്ടുകാരോ രാഷ്ട്രീയപാർട്ടിക്കാരോ പഞ്ചായത്ത് മെമ്പർമാരോ പഞ്ചായത്ത് ഭരണസമിതിക്കോ പരാതിയില്ലാത്തടത്ത് കിഫ പോലുള്ള സംഘടന മാത്രമാണ് പരാതിയുമായി വരുന്നത് എന്നും അത് നാട്ടിൽ മനഃപൂർവം കുഴപ്പമുണ്ടാക്കാനാണെന്നും ഷജ്ന കരിം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വയനാടുകരോടാണ്. കടുവയിറങ്ങുമ്പോൾ രേഖ മൂലം പരാതി നൽകാൻ പോലും നിങ്ങളും നിങ്ങളുടെ ജന പ്രതിനിധികളും തയ്യാറല്ലയെങ്കിൽ, നിങ്ങളുടെ മക്കളെ കടുവക്ക് ഭക്ഷണമാക്കാൻ നിങ്ങൾ തയ്യാറാണ് എന്നാണ് അർത്ഥം. അങ്ങനെ സംഭവിച്ചാൽ പിന്നീട് പരാതിയുമായി വരരുത്.
ഷജ്ന കരീം മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ കത്ത് താഴെ ചേർക്കുന്നു
ഭരണ ഭാഷ മാതൃഭാഷ
ഷജ്‌ന എ
ഡിവിഷണൽ ഫോറസ്റ് ഓഫീസർ സൗത്ത് വയനാട് ഡിവിഷൻ
കല്പറ്റ പിൻ : 673121
നമ്പർ G-1711/2022 തിയ്യതി :07.05.2022
രജിസ്ട്രാർ
ബഹു: കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം
സർ,
വിഷയം : മന്ദംകൊല്ലി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സംബന്ധിച്ച് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച പരാതി.
സൂചന: അങ്ങയുടെ 02/04/2022ലെ കേസ് നമ്പർ 1389 / 22 / ഡബ്ലിയു .വൈ .ഡി
മേൽ സൂചനയിലേക്കു അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ചെതലത്ത് റേഞ്ചിൽ ഇരുളം ഫോറെസ്റ് സ്റ്റേഷൻ പരിധിയിൽ വയനാട് വന്യ ജീവി സങ്കേതത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന മന്ദംകൊല്ലി ജനവാസ മേഖലയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള കുഴിയിൽ 18.02.2022നു കടുവയുടെ കുഞ്ഞു വീഴുകയും ആയതിനെ മേൽ നിർദേശപ്രകാരം എ ൻ .ടി .സി .എ യുടെ മാർഗനിർദേശങ്ങൾ പാലിച്ചു പിടികൂടി വയനാട് വന്യജീവി സങ്കേതത്തിൽ കടുവയുടെ സാന്നിധ്യം ഉള്ള സ്ഥലത്തു വിടുകയും ചെയ്തിട്ടുള്ളതാണ്. ആയതുമായി ബന്ധപ്പെട്ടു കേരള മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ സമർപ്പിച്ച നിവേദനത്തിൽ പറയുന്ന കാര്യങ്ങൾക്കുള്ള മറുപടി ചുവടെ നൽകുന്നു.
എൻ .ടി .സി .എ യുടെ എ സ് .ഓ .പി മാർഗനിർദേശങ്ങൾ പാലിച്ചാണ് കുഴിയിൽ വീണ കടുവക്കുഞ്ഞിനെ പിടികൂടുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ചിട്ടിട്ടുള്ളത്. ആയതിൽ തദ്ദേശ സ്വയംഭരണ പ്രതിനിധിയെ ഉള്പെടുത്തിയിട്ടുള്ളതുമാണ്. സുമാർ 6 മാസം പ്രായമുള്ള കടുവയുടെ കുഞ്ഞാണു ജനവാസമേഖലയിൽ കുഴിയിൽ അകപ്പെട്ടിരുന്നത്. ദേശീയ മൃഗത്തിന്റെ ജീവൻ രക്ഷിക്കുന്നതിനായി അടിയന്തിരമായി വനം ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജനവാസ മേഖലയിൽ എത്തി മനുഷ്യനോ വളർത്തു മൃഗങ്ങൾക്കോ നിരന്തരം ഭീഷണി ഉയർത്തുന്നതോ അല്ലെങ്കിൽ ഏതെങ്കിലും അപകടം മൂലം ഒറ്റപ്പെടുന്നതോ ആയ കടുവയെ പിടികൂടിയാൽ മാത്രമാണ് റേഡിയോ കോളർ ഘടിപ്പിച്ചു വനത്തിൽ തുറന്നു വിടാറുള്ളത്. ടി രണ്ടു കാര്യങ്ങളും മന്ദംകൊല്ലിയിലെ കടുവയെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നില്ല. കൂടാതെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ടി കടുവയുടെ കുഞ്ഞിനെ ആയതിന്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിടുന്നതിനായിരുന്നു. ഏതെങ്കിലും ഏജൻസികളുടെ നിർദേശാനുസരണം റേഡിയോ കോളർ ഘടിപ്പിക്കുവാൻ നിലവിൽ പ്രാബല്യത്തിലുള്ള നിയമപ്രകാരം സാധ്യമല്ല. ആയതിനാലാണ് കിഫ യുടെ നിർദേശം വനം വകുപ്പ് സ്വീകരിക്കാതിരുന്നത്.
ദേശീയ മൃഗമായ കടുവ, റെഡ് ഡാറ്റ ബുക്കിൽപ്പെട്ട വംശനാശം നേരിടുന്ന ജീവിയാണ്. ടി ജീവിയുടെ ഫോട്ടോ പഠന ആവശ്യങ്ങൾക്കോ വനം വകുപ്പിന്റെ നിരീക്ഷണങ്ങൾക്കോ മാത്രമാണ് എടുക്കാറുള്ളത്. കൂടാതെ കടുവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ കടുവയുടെ ചിത്രം പുറത്തു വിടാറില്ല. 19.04.2022-ലെ എല്ലാ പത്രങ്ങളിലും കടുവയുടെ ചിത്രം, കടുവയെ ഉൾവനത്തിൽ അതിന്റെ അമ്മയുടെ കൂടെ വിട്ട വാർത്തയും വന്നിട്ടുണ്ട്. കടുവയെ ഉൾവനത്തിൽ വിടുന്ന പ്രവൃത്തിക്കു ഉന്നത വനം ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സ്റ്റാഫും മാത്രമാണ് പങ്കെടുക്കാറുള്ളത്. ആയതിന്റെ ചിത്രം, ലൊക്കേഷൻ എന്നിവ പുറത്തു വിടാറില്ല. ആയതു ചെയ്യുന്നത് കടുവയുമായി ബന്ധപ്പെട്ട നിലവിലെ നിയമ സംവിധാനത്തിന് വിരുദ്ധമാണ്. ഉൾവനത്തിൽ കടുവയുടെ സാന്നിധ്യമുള്ള സ്ഥലത്തു മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമായതിനാലും, 'അമ്മ കടുവ മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞു കടുവ കുഞ്ഞിനെ സ്വീകരിക്കുവാൻ എത്താതിരിക്കുന്നതും ഒഴിവാക്കുന്നതിന് ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ മൊബൈൽ ഫോൺ എടുക്കാതിരുന്നിട്ടുണ്ടാവാം. ആയതു കടുവയുടെ സംരക്ഷണത്തിന് വേണ്ടി മാത്രം ചെയ്ത പ്രവൃത്തിയാണ്.
കടുവക്കുഞ്ഞിനെ പിടികൂടിയ മന്ദംകൊല്ലി പ്രദേശത്തു തുടർന്നും കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടുവയെ നിരീക്ഷിക്കുന്നതിനായി ക്യാമറാട്രാപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ടി ക്യാമെറയിൽ പതിഞ്ഞ കടുവയുടെ ഫോട്ടോ കിഫ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാൻ സാധിക്കില്ല. ഇത്തരത്തിൽ ഫോട്ടോകൾ നൽകിയാൽ ആയതുമായി ബന്ധപ്പെടുത്തി വാർത്തകൾ മെനയുകയും പ്രദേശവാസികളെ ഭീതിപ്പെടുത്തുകയും ചെയ്യും കൂടാതെ കടുവയുടെ സുരക്ഷയുമായി ബന്ധപ്പെട്ടു ഫോട്ടോകൾ പ്രദര്ശിപ്പിക്കാറില്ല. കടുവയെ തിരിച്ചറിയുന്നത് ആയതിന്റെ ദേഹത്തുള്ള വരകൾ പരിശോധിച്ചാണ്. കടുവയുടെ ചിത്രം മറ്റൊരു ഏജൻസിക്കു നൽകിയാൽ ആയതു കടുവ വേട്ടക്കാർക്കു ലഭിക്കുന്നതിനും കടുവയുടെ ജീവന് ഭീഷണിയാവുകയും ചെയ്യും.
കടുവയെ പിടികൂടിയ 18.02.2022 മുതൽ ഒരു മാസത്തോളം സൗത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ജീവനക്കാർ 24 മണിക്കൂറും മന്ദംകൊല്ലി പ്രദേശത്തു ക്യാമ്പ് ചെയ്യുകയും കടുവയെ നിരീക്ഷിക്കുകയും ചെയ്തു വന്നിരുന്നു. വയനാട് വന്യജീവി സങ്കേതത്തോടു ചേർന്ന് കിടക്കുന്ന മന്ദംകൊല്ലി പ്രദേശത്തു കടുവയുടെ സാന്നിധ്യം മുൻപും ഉണ്ടായിട്ടുണ്ട്. ടി ഭാഗത്തു കടുവ മനുഷ്യജീവനോ സ്വത്തിനോ യാതൊരുവിധ ഭീഷണിയും നാളിതുവരെയായും ഉണ്ടാക്കിയിട്ടില്ല. വളരെ പ്രായം കുറഞ്ഞ ഒരു കടുവാക്കുഞ്ഞു അകപ്പെട്ടപ്പോൾ ആയതിനെ നിലവിലെ നിയമപ്രകാരം പിടികൂടി ആയതിന്റെ ആവാസവ്യവസ്ഥയിൽ വിടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നു കാണാം.
കടുവയുടെ കുഞ്ഞിനെ ആയതിന്റെ അമ്മയുടെ സാന്നിധ്യം ഉള്ള വനപ്രദേശത്തു 19.02.2022-നു തുറന്നു വിട്ടിട്ടുള്ളതും ആയതിനു വനം ഉദ്യോഗസ്ഥർ സാക്ഷികളായിട്ടുള്ളതുമാണ്. ടി വാർത്ത 19.02.2022 ,20.02.2022 തീയതികളിൽ കേരളത്തിൽ പ്രചാരത്തിലുള്ള മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ വന്നിട്ടുള്ളതുമാണ്. ആയതിനാൽ രഹസ്യ സ്വഭാവത്തോടു കൂടിയല്ല ടി പ്രവൃത്തി വനം വകുപ്പ് പൂർത്തിയാക്കിയതെന്നു കാണാം.
ഇന്ത്യയിൽ കടുവകളെയും മറ്റു വന്യജീവികളെയും നിരീക്ഷിക്കുന്നതിനായി ക്യാമറാ ട്രാപ്പുകൾ ഉപയോഗിച്ച് വരുന്നു. ആയതിൽ ഗുണമേന്മയുള്ള ചിത്രങ്ങൾ ലഭ്യമാവുകയും ചെയ്യുന്നുണ്ട്. മന്ദംകൊല്ലി എന്ന പ്രദേശത്തു എത്തിയ കടുവയുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞത് കിഫ എന്ന സംഘടനയ്ക്ക് നൽകിയിട്ടില്ല എന്ന കാരണത്താൽ, ക്യാമറാ ട്രാപ്പുകൾ ഗുണമേന്മ ഇല്ലാത്തതും, വനം വകുപ്പ് തട്ടിപ്പു നടത്തുകയാണ് എന്ന് ആരോപിക്കുന്നതും ശരിയായ നടപടികളല്ല. കടുവയുമായി ബന്ധപ്പെട്ട നിയമങ്ങളും, കടുവയുടെ സുരക്ഷയും മുൻനിർത്തിയാണ് വനം വകുപ്പിന് ലഭ്യമാകുന്ന കടുവയുടെ ചിത്രങ്ങൾ മറ്റു ഏജൻസികൾക്കു നൽകാത്തത്.
കടുവയുടെ സാന്നിധ്യമുള്ള സ്ഥലത്തു നിരീക്ഷണത്തിനായി രാത്രിയിൽ നിൽക്കുന്ന ജീവനക്കാർക്ക് സുരക്ഷക്കായും അതി ശൈത്യത്തിൽനിന്നും രക്ഷ നേടുന്നതിനും തീ കൂട്ടാറുണ്ട്. കൂടാതെ ഏതെങ്കിലും തരത്തിൽ കടുവയോ മറ്റു വന്യ മൃഗങ്ങളോ ടി ഭാഗത്തു എത്തി ചേരാതിരിക്കുന്നതിനായി പടക്കം പൊട്ടിക്കാറുണ്ട്. വന്യമൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിൽ ഭയപ്പെടുത്തുന്നതിനു തീ, പടക്കം എന്നിവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. എന്നാൽ പട്രോളിംഗ് ജീവനക്കാർ ശൈത്യം മാറ്റുന്നതിനായി തീ ഇടുന്നതും സ്വരക്ഷക്കായി പടക്കം പൊട്ടിക്കുന്നതും കുറ്റകരമല്ല.
വനം വന്യജീവി സമ്പത്തു നമ്മുടെ ദേശീയപൈതൃക സ്വത്താണ്.. ആയതിന്റെ സംരക്ഷണം ഇന്ത്യൻ ഭരണഘടന പ്രകാരം ഓരോ പൗരൻറെയും കടമയാണ്. കേരളത്തിൽ കടുവയുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് വയനാട്. ബന്ദിപ്പൂർ കടുവ റിസർവ്വ്, മുതുമല കടുവ റിസർവ്വ് എന്നിവയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിൽ കടുവയുടെ സാന്നിധ്യം ഇവിടുത്തെ താമസക്കാരായ ജനങ്ങൾക്ക് കൗതുകകരമായ കാര്യമല്ല. വയനാട് നിവാസികൾ കടുവയെ അത്രമേൽ സ്നേഹിക്കുകയും പരിപാലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നതിനാലാണ് നമ്മുടെ ദേശീയ മൃഗത്തിന് സുഖകരമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുവാൻ സാധിക്കുന്നത്. കടുവ ജനവാസമേഖലയിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ , ആയതിനെ നിയമപ്രകാരം പിടികൂടുന്നതിനും പുനരധിവസിപ്പിക്കുന്നതിനും നിലവിൽ കേരളം വനം വകുപ്പിന് സംവിധാനങ്ങളുണ്ട്. ആയതു ആവശ്യമായ ഘട്ടത്തിൽ നടപ്പാക്കുന്നുമുണ്ട്.
വയനാട്ടിലെ ജനങ്ങളെയും വനം വകുപ്പിനെയും തമ്മിൽ തെറ്റിക്കുന്നതിനും, വനം വന്യജീവി മാഫിയകൾക്ക് സഹായകരമാവുന്ന രീതിയിലുമാണ് ചില സംഘടനകൾ പ്രവർത്തിക്കുന്നത്. മന്ദംകൊല്ലി പ്രദേശത്തെ താമസക്കാർ ശക്തമായ രാഷ്ട്രീയ ബോധം ഉള്ളവരും, സംഘടിതരും, വിവിധ തൊഴിലാളി സംഘടനകളിൽ അംഗമായിട്ടുള്ളവരുമാണ്. പ്രദേശവാസികൾ ആരും തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി, തൊഴിലാളി സംഘടനകൾ മുഖാന്തിരം യാതൊരു പരാതി നൽകുകയോ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. പ്രദേശവാസികൾക്ക് കടുവയുമായി ബന്ധപ്പെട്ടു ഭീതി ഒഴിവാക്കുന്നതിന് വനം വകുപ്പിലെ സി.സി.എഫ്./ഡി.എഫ്.ഓ.തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തു എത്തുകയും ക്യാമ്പ് ചെയ്യുകയും, കടുവാ ഭീതി ഒഴിയുന്നതുവരെ 24 മണിക്കൂറും പട്രോളിംഗ് നടത്തുകയും ചെയ്തിട്ടുള്ളതുമാണ്. എന്നാൽ കിഫ എന്ന സ്വതന്ത്ര കർഷക സംഘടന എന്ന് അവകാശമുന്നയിക്കുന്നവർ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കുകയും സി.സി.ടി.വി.പോലുള്ളവ പ്രദേശത്തു സ്ഥാപിച്ചു കടുവയുടെ ചിത്രം ശേഖരിച്ചു പത്രമാധ്യമങ്ങൾക്കു നൽകുകയും, ഓൺലൈൻ മാധ്യമം വഴി പ്രചരിപ്പിക്കുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയുമാണ് ചെയ്തുവരുന്നത്. ടി വിവരങ്ങൾ അങ്ങയുടെ മുൻപാകെ ബോധിപ്പിച്ചുകൊള്ളുന്നു.
വിശ്വസ്തതയോടെ
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ
സൗത്ത് വയനാട് ഡിവിഷൻ
നിയമ നടപടി
നിരന്തരമായി മനുഷ്യ ജീവന് ഭീഷിണിയായി വയനാട്ടിലെ ജനവാസമേഖലകളിൽ കടുവയിറങ്ങുന്നതു തടയാൻ വനംവകുപ്പിന്റെ തന്നെ എസ് .ഓ .പി പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജനപക്ഷത്തു നിന്ന് ആവശ്യപ്പെട്ട കിഫയെ, എന്തോ മുൻവൈരാഗ്യത്തിന്റെ പേരിൽ തൻറെ അധികാര പദവി ദുരുപയോഗം ചെയ്തുകൊണ്ട് അപകർത്തികരമായ പ്രസ്താവന ഔദ്യോഗിക രേഖയുടെ ഭാഗമാക്കി മനുഷ്യാവകാശ മുൻപിൽ സമർപ്പിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഈ ഉദ്യോഗസ്ഥയ്ക്കെതിരെ കിഫ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതാണ്.