വായനാ കുറിപ്പ് - മഞ്ഞ്, എം. ടി
- Posted on November 26, 2021
- Ezhuthakam
- By Swapna Sasidharan
- 1017 Views
മലയാളഭാഷയിൽ എം ടി വാസുദേവൻനായർ നടത്തിയ വലിയൊരു പരീക്ഷണമാണ് ചെറു കഥയോ നോവലോ അല്ലാതെ നോവെല്ല ആയിട്ടെഴുതിയ മഞ്ഞ്. നൈനിറ്റാളിന്റെ പ്രകൃതിഭംഗി ഗംഭീരമായി വർണ്ണിച്ചിരിക്കുന്നത് കൊണ്ട് നോവെല്ല വായിക്കുന്നതിനൊപ്പം ഒരു യാത്രാ വിവരണവും വായിച്ച ഫീൽ ഉണ്ടാകാം ചിലർക്കെങ്കിലും.

നൈനിറ്റാളിലെ ഒരു ബോർഡിങ് സ്കൂൾ അധ്യാപികയാണ് വിമല. അവരുടെ ജീവിതത്തിൽ അവർ പരിചയപ്പെടുന്ന ആളുകളിലൂടെയാണ് 'മഞ്ഞ്' മുന്നോട്ടു പോകുന്നത്. സുധീർ മിശ്ര എന്ന തന്റെ പ്രിയപ്പെട്ടവനെ കാത്തിരിക്കുന്ന പ്രണയിനി ആയിട്ടാണ് വിമല നമുക്ക് മുന്നിൽ എത്തുന്നത്.
പ്രണയത്തിന്റെ കാത്തിരുപ്പിനും, വിരഹവേദനയ്ക്കും അപ്പുറം മഞ്ഞിൽ പറഞ്ഞിരിക്കുന്ന ജീവിതം ഒരു പ്രഹേളികയാണ്.. മഞ്ഞിലെ പശ്ചാത്തലം നൈനിറ്റാൾ വിനോദ യാത്രികരെ കാത്തിരിപ്പാണ്, എന്നാൽ വിമല കാത്തിരിക്കുന്നത് സുധീർ മിശ്രയെ, അവൾ ആയിടയ്ക്ക് പരിചയപ്പെടുന്ന സർദാർജി മരണത്തെ കാത്തിരിക്കുന്നു.ബുദ്ദു ഒരിക്കലും കണ്ടിട്ടില്ലാത്ത അവന്റെ വെള്ളക്കാരൻ പിതാവിനെ കാത്തിരിക്കുന്നു. എത്ര വിനോദ യാത്രികർ നൈനിറ്റാളിൽ വന്നുപോയാലും, മരണമെന്ന രംഗബോധമില്ലാത്ത കോമാളി സർദാർജിയെ തേടിയെത്തിയാലും, സുധീർ മിശ്രയും, ഗോരാ ബാബുവും വ്യാമോഹങ്ങളായി അവസാനിച്ചേക്കാം.
അല്ലെങ്കിൽ സർദാർജി പറഞ്ഞ തമാശ പോലെയെടുക്കാം ജീവിതം..
"എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല."
"ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ... വെറുതെ... എനിക്കു നിങ്ങളെ ഇഷ്ടമാണ് "
©സ്വപ്ന