ഭൂമിയിലെ മാലാഖക്ക് പ്രണാമം
- Posted on May 21, 2021
- Ezhuthakam
- By Sabira Muhammed
- 403 Views
ധീരതയോടെ നിപാ വൈറസിനെതിരെ പൊരുതിയ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

ഒരു നീറ്റലായി മലയാളിയുടെ മനസ്സിൽ ഇപ്പോഴും സിസ്റ്റർ ലിനിയുടെ ഓർമ്മകളുണ്ട്. ആത്മാർത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ് കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട സിസ്റ്റർ ലിനി. ലിനിയുടെ കൈ പടയിൽ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ലിനിയുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു എന്നും ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
അസാധാരണമായ പ്രതിസന്ധികളെ മാനവരാശി മറികടക്കുന്നത് മനുഷ്യരുയർത്തുന്ന അസാമാന്യമായ പോരാട്ടങ്ങളിലൂടെയാണ്. സ്വജീവതത്തേക്കാൾ വലുതാണ് തൻ്റെ നാടിൻ്റെ സുരക്ഷയും അതിജീവനവുമെന്നു കരുതുന്ന അവരുടെ ത്യാഗോജ്ജ്വലമായ ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി നിന്നു പോരാടാൻ പ്രചോദിപ്പിക്കും. അതുവരെയില്ലാത്ത ഊർജ്ജവും ധീരതയും ദിശാബോധവും നമുക്ക് കൈവരും.
അത്തരത്തിൽ, നിപ്പാ മഹാമാരിയ്ക്കു മുൻപിൽ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തത്. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് നമ്മൾ മറികടന്നത്. ആ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റി.
സിസ്റ്റർ ലിനിയുടെ ഓർമ്മകൾ കോവിഡിനെതിരെ നമ്മൾ പോരാടുന്ന ഈ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്. അനേകായിരങ്ങൾ ഈ നാടിനു വേണ്ടി, ഇവിടത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവതത്തേക്കാൾ വില നൽകി പ്രവർത്തിക്കുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിൻ്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.