സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു ഇന്നോവയും ഡ്രൈവറും ജനഹൃദയങ്ങളിലേക്കാണ് ഓടിക്കയറിയത്.

റോഡരികില്‍ നടപ്പാതയോട് ചേര്‍ന്ന് ചെറിയൊരു സ്ലാബ്. രണ്ടു പേര്‍ക്ക് നന്നായൊന്നു നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ സ്ലാബിനുമുകളില്‍ പാര്‍ക്ക് ചെയ്‍തിരിക്കുകയായിരുന്നു ആ ടൊയോട്ട ഇന്നോവ. ചിത്രം എഡിറ്റ് ചെയ്തതാണെന്നും ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യണമെങ്കിലും എടുക്കണമെങ്കിലുമൊക്കെ ക്രെയില്‍ തന്നെ വേണ്ടി വരുമെന്നൊക്കെയായിരുന്നു പലരുടെയും ആദ്യ കമന്റുകള്‍.

ഈ സംശയത്തിനു മറുപടിയായി മറ്റൊരു വീഡിയോ തൊട്ടുപിന്നാലെ എത്തി. പച്ച ടീഷര്‍ട്ടിട്ട ഒരാള്‍ ആ ഇന്നോവയിലേക്ക് കയറുന്നു. വണ്ടി മൂന്ന് വട്ടം മുന്നോട്ടും പിന്നോട്ടും അനക്കുന്നു.

പിന്നോട്ട് എടുക്കുമ്ബോള്‍ ടയറിന്റെ പകുതിയും സ്ലാബിന്റെ പുറത്തെ കുഴിയിലേക്കു പോകുന്നു. എന്നിട്ടും കൂസാതെ, രണ്ടാമതൊരാളുടെ സഹായമില്ലാതെ, അക്ഷരാര്‍ത്ഥത്തില്‍ പുഷ്‍പം പോലെ റോഡിലേക്കിറക്കി അയാള്‍ അത് ഓടിച്ചങ്ങു പോകുന്നു. ജനം കയ്യടിയോടെയാണ് ആ വീഡിയോയെ ഏറ്റെടുത്തത്.

അതോടെ ഇപ്പോള്‍ എല്ലാവരുടെയും സംശയം മാറിക്കാണുമല്ലോ, ഗ്രേറ്റ് ഡ്രൈവിങ്ങ് എന്നിങ്ങനെയായി പ്രതികരണങ്ങള്‍. നീ തങ്കപ്പനല്ലെടാ പൊന്നപ്പനാണെന്നായി പലരും. ആ ഡ്രൈവറെപ്പറ്റിയുള്ള ചോദ്യങ്ങളായി, അദ്ദേഹത്തെ ഒന്നു കാണണമെന്നുമൊക്കെയായി പല വാഹന പ്രേമികളും.

ഒടുവില്‍ ആ മിടുക്കനായ ഡ്രൈവറെ ഇതാ കണ്ടുകിട്ടിയിരിക്കുന്നു. മാനന്തവാടി സ്വദേശിയായ പി ജെ ബിജുവാണ് 15 അടിയോളം നീളവും ആറടിയിലധികം വീതിയുമുള്ള ഇന്നോവയെ വിരലിലിട്ട് ആറാടിച്ച മിടുക്കനായ ആ ഡ്രൈവര്‍. മാഹി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാ ക്വാര്‍ട്ടേഴ്‍സില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ബിജു ആ ഇന്നോവക്കഥയെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനിനോട് സംസാരിച്ചു.

ആ ഇന്നോവ ബിജുവിന്‍റെ സുഹൃത്ത് ലിബിയുടെതാണ്. ലിബി മറ്റൊരു യാത്ര പോയപ്പോള്‍ വണ്ടി സര്‍വ്വീസ് സെന്ററില്‍ കൊടുക്കാനായി ബിജുവിനെ ഏല്‍പ്പിച്ചിരുന്നു. ഓണാവധി കഴിഞ്ഞ ശേഷമേ വര്‍ക്ക്ഷോപ്പ് തുറക്കൂ എന്നതിനാല്‍ വാഹനം തന്റെ ക്വാര്‍ട്ടേഴ്സിന് മുന്നിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. റോഡിലെ കനാലിന്റെ പണി നടക്കുന്നതിനാലാണ് കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ കാരണം.

കഴിഞ്ഞ കുറേദിവസമായി വാഹനം അവിടെ കയറ്റിയിട്ടിട്ട്. ഇതിനിടയില്‍ ബിജുവിന്‍റെ ഭാര്യ ഇതിന്റെ ചിത്രം എടുത്ത് സഹോദരിക്ക് അയച്ചു കൊടുത്തിരുന്നു. ഇതാണ് ആദ്യം വൈറലായത്. എന്നാല്‍ ഇക്കാര്യം ബിജു അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വര്‍ക്ക് ഷോപ്പ് തുറന്നു എന്നറിഞ്ഞ് കാര്‍ കൊടുക്കാനായി എടുത്തു കൊണ്ടു പോയപ്പോള്‍ ഭാര്യയും മക്കളും ചേര്‍ന്നാണ് രണ്ടാമത്തെ വീഡിയോ പകര്‍ത്തിയത്. പിന്നീട് ഈ വീഡിയോയും സഹോദരിക്ക് അയച്ചു കൊടുത്തു. അവരാണ് ഇതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തത്.

താന്‍ ചെയ്‍തതിനെപ്പറ്റി ബിജുവിന് അത്രവലിയ അമ്ബരപ്പൊന്നും തോന്നുന്നില്ല. ഡ്രൈവിംഗില്‍ കുറേ വര്‍ഷത്തെ പരിചയമുണ്ടായിരുന്നതു കൊണ്ട് മാത്രമാണ് ഇന്നോവ അവിടെ പാര്‍ക്ക് ചെയ്യാനും അനായസം എടുക്കാനുമൊക്കെ കഴിഞ്ഞതെന്ന് പറഞ്ഞ് വിനീതനാകുകയാണ് ബിജു.

1996-ലാണ് ബിജുവിന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നത്. അന്നുമുതല്‍ ബസ് ഉള്‍പ്പെടെ പല വാഹനങ്ങളും ഓടിക്കുന്നു. 2005 -2008 കാലത്ത് മൂന്നര വര്‍ഷത്തോളം കണ്ണൂര്‍ - എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന യുഎഫ്‌ഒ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്‍തിരുന്നു. പിന്നീട് മാഹിയിലെ പ്രഭാത് ട്രേഡ് ലിങ്ക്‍സില്‍ ഡ്രൈവര്‍ കം ഓഫീസ് സ്റ്റാഫായി ജോലിക്ക് കയറി. ഇപ്പോള്‍ 12 വര്‍ഷമായി ഇവിടെത്തന്നെയുണ്ട്.

സ്ളാബിനു മുകളില്‍ നിന്നും ഇന്നോവ പുറത്തേക്കെടുക്കും മുമ്ബ് രണ്ടുകുപ്പി വെള്ളം എടുത്ത് പുറത്തുവയ്‍ക്കുന്നത് ചിലര്‍ വിമര്‍ശിച്ചിരുന്നു. അതിനെപ്പറ്റി ബിജു പറയുന്നത് ഇങ്ങനെ. മുമ്ബ് യാത്ര പോയപ്പോള്‍ വാങ്ങിയ പൊട്ടിക്കാത്ത രണ്ടു കുപ്പി വെള്ളമായിരുന്നു അത്. വണ്ടി സര്‍വീസിന് കൊടുക്കാന്‍ പോകുന്നതു കൊണ്ട് അതെടുത്ത് പുറത്തുവച്ചു, ഭാര്യയോട് വന്നെടുക്കാനും പറഞ്ഞേല്‍പ്പിച്ചിരുന്നു. ബിജു പറയുന്നു.

സ്‍മിതയാണ് ബിജുവിന്‍റെ ഭാര്യ. അന്ന, പ്രഷ്യസ് എന്നിവരാണ് മക്കള്‍. ഇടയ്‍ക്ക് വയനാട്ടിലെ സ്വദേശത്തേക്കു പോകുന്നതും സുഹൃത്തിന്‍റെ ഇതേ ഇന്നോവയിലാണ് ബിജു പറയുന്നു.

Author
Resource Manager

Jiya Jude

No description...

You May Also Like