സിനിമാ പ്രേമികൾക്ക് കാഴ്ച വിരുന്നൊരുക്കി കൊച്ചി.
- Posted on February 17, 2021
- Cinemanews
- By Sabira P
- 79 Views
21 വർഷങ്ങൾക്കു ശേഷം കൊച്ചിയുടെ വെള്ളിത്തിരയിൽ ദൃശ്യങ്ങളെത്തുന്നു...

25 മത് രാജ്യാന്തര ചലച്ചിത്രമേള (IFFK) യുടെ കൊച്ചി വിഭാഗത്തിന് ഇന്ന് തിരശീല ഉയരും. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വെകീട്ട് ആറിന് മേള ഉദ്ഘാടനം ചെയ്യും.ഐ എഫ് എഫ് കെ പിന്നിട്ട വഴികളുടെ പ്രേതീകമായി 25 തിരി തെളിയിച്ചുകൊണ്ടാണ് മേളയുടെ തുടക്കം. മലയാള ചലച്ചിത്രരംഗത്തെ 25 പ്രമുഖ വ്യക്തികൾ ചേർന്നാണ് ദീപം തെളിയിക്കുന്നത്. ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത് 1995 ലെ സ്രെബ്രെനിക്ക കൂട്ടകൊലയുടെ കഥ പറയുന്ന ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ? ആണ് ഉദ്ഘാടന ചിത്രം. ഈ ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതുകൂടിയാണ്.
46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ ലിജോ ജോസ് പല്ലിശേരിയുടെ ചുരുളിയും ജയരാജന്റെ ഹാസ്യവും മലയാള സിനിമയെ പ്രതിനിധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രതേക പാക്കേജ് ആയ കലൈഡോസ്കോപ് വിഭാഗത്തിൽ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിന്റെ ആറ് സിനിമകൾ മേളയിൽ ഉൾപ്പെടുത്തീട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാവും മേളയുടെ നടത്തിപ്പ്. തിയറ്ററിനുള്ളിലും മാസ്ക് നിർബന്ധമാണ്.കോവിഡ് സാഹചര്യത്തിലും തിരുവനന്തപുരത്ത് നടന്ന മേള പൂർണ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചിട്ടുമുണ്ട്.ഇന്ന് ആരംഭിക്കുന്ന മേള 21ആം തിയതി അവസാനിക്കും. തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമായി മേള സംഘടിപ്പിക്കും.