ആറളം വന്യജീവി സങ്കേതം ചിത്രശലഭ - വന്യജീവി സങ്കേതമാകും
- Posted on June 19, 2025
- News
- By Goutham prakash
- 407 Views

സി.ഡി. സുനീഷ്.
ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ - വന്യജീവി സങ്കേതമാക്കി പുനഃര്‍നാമകരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു.
വന്യ ജീവി ട്രോഫികളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരുടെ മരണശേഷം അവരുടെ നിയമപരമായ അനന്തരാവകാശികള്‍ക്ക് ഇത്തരം ട്രോഫികള്‍ വിവിധ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ സാധിക്കാത്ത കേസുകള്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
പമ്പയില്‍ നിന്നും ശബരിമല സന്നിധാനം വരെ ചരക്ക് നീക്കത്തിനായി റോപ്പ് വേ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിര്‍ദ്ദിഷ്ട ഇക്കോ സെന്‍സിറ്റീവ് സോണുകളുടെയും പുറത്തും എന്നാല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതുമായ വിവിധ സംയോജിത ഉത്പാദന ശൃംഖല, 21 ക്വാറികള്‍ എന്നിവ അംഗീകരിച്ചു.
വയനാട് വന്യ ജീവി സങ്കേതത്തിലെ വനാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന 5 കമ്യൂണിറ്റി സെന്‍ററുകളും 5 റോഡുകളും ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ,
വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.