വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി;
- Posted on October 24, 2024
- News
- By Goutham prakash
- 250 Views
ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി.

സി.ഡി. സുനീഷ്.
വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രൂപീകരിച്ച ഓപ്പറേഷന്‍ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ചേര്‍ന്നു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, തിരുവനന്തപുരം, എറണാകുളം പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സ് ശ്യാംചന്ദ്. സി (ഐ.എഫ്.എസ്), എം. രാമ കൃഷ്ണ എന്നിവരും എൻആർഐ സെല്ലില്‍ നിന്നും എസ്പി അശോകകുമാർ. കെ, ഡിവൈഎസ്പി എസ്. ശ്രീകാന്ത്, ഇൻസ്പെക്ടർ പ്രകാശ് കെ.എസ് എന്നിവരും നോര്‍ക്ക റൂട്ട്സ് പ്രതിനിധികളും സംബന്ധിച്ചു. അനധികൃതവും വ്യാജവുമായ വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുളള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍, റഷ്യ, പോളണ്ട്, നെതര്‍ലാന്റ്സ്, തായ്ലന്റ്, കമ്പോഡിയ, ലാവോസ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവയുള്‍പ്പെടെ 07 വിഷയങ്ങളിലുളള നിലവിലുളള പരാതികള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. സ്റ്റുഡന്റ്-വിസിറ്റ് വിസ തട്ടിപ്പുകളില്‍ നടപടി സ്വീകരിക്കുന്നതിന് നിലവില്‍ നിയമപരിമിധിയുണ്ട്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണ്ണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താനും യോഗം തീരുമാനിച്ചു.
റിക്രൂട്ടമെന്റ് തട്ടിപ്പു പരാതികള്‍ കൂടുതലുളള വിവിധ പോലീസ് സ്റ്റേഷന്‍ പരിധികള്‍ (ഹോട്ട് സ്പോട്ടുകള്‍) കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം തീരുമാനിച്ചു. ഇതോടൊപ്പം വീസാതട്ടിപ്പുകള്‍ക്കെതിരെയുളള പ്രചരണപ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ വഴി വിപുലീകരിക്കാനും ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേകം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. കൃത്യമായ സമയത്തും ആവശ്യമായ വിവരങ്ങളോടെയും പരാതിപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവല്‍ക്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.