സുഡാനിൽ നിന്നും മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി രണ്ടുപേർ രാത്രി തിരുവനന്തപുരത്തെത്തും.

  • Posted on April 28, 2023
  • News
  • By Fazna
  • 63 Views

തിരുവനന്തപുരം: സൈനിക - അർദ്ധസൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്നും  മലയാളികളായ 9 പേരടങ്ങുന്ന ആദ്യം സംഘം കേരളത്തിലെത്തി. സുഡാനിൽ നിന്നും  ഡൽഹിയിലെത്തിയി ആദ്യ ഇന്ത്യൻസംഘത്തിലെ കേരളീയരായ ആറു പേർ കൊച്ചിയിലും, മൂന്നു പേർ തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തിയത്.  ബിജി ആലപ്പാട്ട്, ഷെരോൺ ആലപ്പാട്ട്, ഡാനിയേൽ ആലപ്പാട്ട്, മിഷേൽ ആലപ്പാട്ട്, റോഷലേ ആലപ്പാട്ട്, ജയേഷ് എന്നിവരാണ് രാവിലെ 8.30 ന് കൊച്ചിയിലെത്തിയത്. എയർഇന്ത്യയുടെ എ.ഐ 833 വിമാനത്തിലാണ് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്. വിസ്താരയുടെ യു.കെ 895 നമ്പർ വിമാനത്തിൽ രാവിലെ 11.30 ഓടെ ഷെറിൻ തോമസ്, ഷീലാമ്മ തോമസ് വർഗ്ഗീസ്, തോമസ് വർഗ്ഗീസ് എന്നിവർ തിരുവനന്തപുരത്തുമെത്തി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിയവരെ നോർക്ക റൂട്ട്സ് പ്രതിനിധികൾ ചേർന്ന് സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഡൽഹിയിൽ നിന്നും നാട്ടിലേ്ക്കുളള യാത്രാചെലവുകൾ ഉൾപ്പെടെ സംസ്ഥാനസർക്കാർ വഹിച്ചു. ജിദ്ദയിൽ നിന്നും വൈകിട്ട് അഞ്ച് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ സംഘത്തിലെ ഏഴു മലയാളികളെ നോർക്ക അധികൃതർ സ്വീകരിച്ചു. പത്തനംതിട്ട സ്വദേശികളായ ജോസ് ജോർജ്ജ്, തോമസ് മാത്യു, കൊല്ലം സ്വദേശി രാജു ബേബി, തിരുവനന്തപുരം സ്വദേശികളായ ഷബീൻ സുദേവൻ, രജിത്ത് സുധ, മലപ്പുറം സ്വദേശി ശിവൻ പട്ടേൽ, കാസർഗോഡ് സ്വദേശി അജു മൂളയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.  രണ്ടുപേർ രാത്രി 10.50 ന്റെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. അഞ്ചുപേർക്ക് മുംബൈയിലെ കേരളാഹൗസിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരെ നാളെ ഇൻഡിഗോ വിമാനത്തിൽ (ഏപ്രിൽ 28 ന്) നാട്ടിലെത്തിക്കും. മൂന്നുപേർ തിരുവനന്തപുരത്തും ( സമയം 17.55 ന്) രണ്ടു പേർ കണ്ണൂർ (സമയം 18.05 ന്), കോഴിക്കോട് ( സമയം 19.30 ന്) വിമാനത്താവളങ്ങളിലുമെത്തും. ആഭ്യന്തര കലാപത്തിനിടെ കണ്ണൂർ സ്വദേശിയായ ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരണപ്പെട്ടിരുന്നു.  ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും, മകളും രാവിലെ കൊച്ചിയിലെത്തിയിരുന്നു. ഇരുവരേയും എറണാകുളം റീജിയണൽ പാസ്സ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ സ്വീകരിച്ച്  നാട്ടിലെത്തിച്ചു. സുഡാനിൽ നിന്നെത്തുന്നവരെ നാട്ടിൽ വീടുകളിലെത്തിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എല്ലാവരേയും നാട്ടിൽ തിരിച്ചെത്തിക്കുംവരെ സംസ്ഥാനസർക്കാർ നടപടികൾ  തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഡൽഹിയിലും, മുംബൈയിലും പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഡൽഹി, മുംബൈ വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും പി. ശ്രീരമകൃഷ്ണൻ അറിയിച്ചു. യാത്രക്കാർക്കായി വാഹനങ്ങൾ  താമസം ഭക്ഷണം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഡൽഹി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പർ - 011 23747079. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിണ് ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നതിനുളള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സുഡാൻ മലയാളികളെ സഹായിക്കുന്നതിനായി  നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ്പ് ലൈനും നിലവിൽ വന്നിട്ടുണ്ട്. നമ്പർ +91-88020 12345.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like