മുണ്ടക്കൈ ചൂരല്‍മല ദുരന്തം ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടന്‍: മന്ത്രി കെ.രാജന്‍

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ ഗുണഭോക്താക്കളുടെ  ആദ്യ പട്ടിക  ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്  റവന്യൂ-ഭവന വകുപ്പ് മന്ത്രി കെ. രാജന്‍. ആദ്യ ലിസ്റ്റ് തയ്യാറാണെങ്കിലും  ലിസ്റ്റിലെ 15 ഓളം കാര്യങ്ങളില്‍ ജില്ലാ ഭരണകുടം വ്യക്തത ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ  നേതൃത്വത്തില്‍  യോഗം ചേര്‍ന്ന്  വ്യക്തത വരുത്തുകയും നിയമ വിഭാഗം അത് അംഗികരിക്കുകയും ചെയ്തിട്ടുണ്ട്  ഉടന്‍ തന്നെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വയനാട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന   മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ  നേതൃത്വത്തില്‍ ദുരന്തപ്രദേശത്തെ ഗോ, നോഗോ സോണ്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്‍പ്രകാരമുള്ള രണ്ടാമത്തെ ലിസ്റ്റിലെ (എ)  നോഗോ സോണില്‍ നേരിട്ട് ഉള്‍പ്പെടുന്ന ആളുകളും ബി ലിസ്റ്റില്‍  നോഗോ  സോണ്‍ ഉള്ളതിനാല്‍ ഒറ്റപ്പെട്ടുപോകുന്ന പ്രദേശത്തെ  ആളുകളുടെ ലിസ്റ്റുമാണ്. അതിന്റെയും കരട് തയ്യാറായിക്കഴിഞ്ഞു. 


രണ്ടാമത്തെ ലിസ്റ്റിലെ ബിയില്‍ ഉള്‍പ്പെടുന്നരുടെ പ്രശ്‌നം  ചിലയിടങ്ങളില്‍ വഴിയില്ലാത്തതിനാല്‍ ഒറ്റപ്പെട്ടു പോയി എന്നതാണ്.  അവിടേയ്ക്ക് വഴി ശരിയാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അവരുടെ പ്രശ്‌നം പഠിക്കുന്നതിനായി അടുത്ത ദിവസങ്ങളിലായി പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, പി ബ്ല്യു.ഡി  നിരത്ത് വിഭാഗം, കെ.ആര്‍.എഫ്.ബി യുടെ എഞ്ചിനീയറിംഗ് വിഭാഗം എന്നിവര്‍ ചേര്‍ന്ന്  റോഡ് നിര്‍മ്മിക്കുന്നതിനുള്ള ചെലവ്, നിര്‍മ്മാണത്തിന് എത്ര ദിവസം വേണം, നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കണമോ എന്നീ കാര്യങ്ങള്‍ പഠിച്ച് ശനിയാഴ്ച  ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  റിപ്പോര്‍ട്ട് കിട്ടിയാല്‍   നാലാം തീയതി തന്നെ  റവന്യുവിന്റെയും പഞ്ചായത്തിന്റെയും ഡിസാസ്റ്റര്‍ മനേജ്‌മെന്റിന്റെയും  ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.


ഗുണഭോക്തൃ  ലിസ്റ്റില്‍ ഉള്‍പ്പെട്ട്  ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുകയോ, നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്യുന്നവര്‍ക്ക്  വീണ്ടും ദുരന്ത പ്രദേശത്ത് നിലനില്‍ക്കുന്ന വീടും കെട്ടിടവും  ഉപയോഗിക്കാന്‍ അനുവാദം ഉണ്ടാവില്ല. നഷ്ടപരിഹാരം  വാങ്ങി  ലിസ്റ്റില്‍ നിന്നും  പിന്‍മാറാന്‍ താല്‍പര്യമുള്ളവരുടെ അഭിപ്രായവും തേടിയ ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.  ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് വീടുണ്ടെങ്കില്‍ ഏത് ലിസ്റ്റില്‍പ്പെടുത്തും എന്നതും പരിശോധിക്കേണ്ടതാണ്. വീട്ടിലെല്ലാവരും നഷ്ടപ്പെട്ടവരുടെ തുടര്‍ച്ചാവകാശികളെ എങ്ങനെ നിശ്ചയിക്കും എന്നുള്ളതും പരിഹരിക്കേണ്ട വിഷയമാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഉടന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ആക്ഷേപം സ്വീകരിക്കാന്‍ 10 ദിവസം നല്‍കുന്നതാണ്.  സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കളക്ടര്‍ ഡി ആര്‍ മേഘശ്രി, സബ് കള്ക്ടര്‍  മിസാല്‍ സാഗര്‍ ഭാരത്, എ ഡി എം. കെ. ദേവകി, സ്‌പെഷ്യല്‍ ഓഫീസര്‍  ഡോ. ജെ.ഒ. അരുണ്‍ എന്നിവര്‍  പങ്കെടുത്തു. 



ദുരന്തബാധിതരോട് അവഗണന


  ഐ എം സി ടി പരിശോധിച്ച്  അതി തീവ്രദുരന്തം എന്ന്  സാക്ഷ്യപ്പെടുത്തിയിട്ടും അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഉരുള്‍ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിച്ചതെന്ന്  മന്ത്രി  പറഞ്ഞു. ദുരന്തം നടന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ  ഐ.എം.സി.ടി റിപ്പോര്‍ട്ട്  നല്‍കിയിട്ടും  ഹൈ ലെവല്‍ കമ്മിറ്റി കൂടാന്‍ പിന്നെയും  രണ്ടു മാസമെടുത്തു. അതി തീവ്ര ദുരന്തത്തില്‍പെടുന്ന  ഒരു പ്രദേശത്തെ ദുരന്തബാധിതരായ ആളുകളുടെ കടങ്ങള്‍ എഴുതിതള്ളാന്‍  ദുരന്ത നിവാരണ നിയമം  2005 സെക്ഷന്‍ 13 അനുസരിച്ചുള്ള അവകാശം  ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെ  ദുരന്തബാധിതരെ  അവഗണിക്കുകയാണ്.   കടത്തെ സിബില്‍ സ്‌കോറില്‍ പെടുത്താതെ പുതിയ ജീവനോപധിക്ക് വേണ്ടി  കടമെടുക്കാന്‍ അവകാശപ്പെടുത്തുകയും ചെയ്യാവുന്നതാണ്. എന്നാല്‍ അതിലേക്ക് ഒരു നടപടിയും ഇതുവരെ  ഉണ്ടായിട്ടില്ല. നിലവില്‍ 32 കോടി രൂപയോളമാണ് ദുരന്തബാധിതരുടെ കടബാധ്യത. ദുരന്തബാധിതരുടെ കടബാധ്യത പൂര്‍ണമായ പട്ടിക ഫെബ്രുവരി 5 ന് കളക്ടര്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.


ടൗണ്‍ഷിപ്പ്  പ്രവര്‍ത്തനങ്ങള്‍ അതിവേഗം 


ദുരന്തബാധിതരെ  പുനരധിവസിപ്പിക്കുന്നതിനുള്ള  ടൗണ്‍ഷിപ്പ്  പ്രവര്‍ത്തനങ്ങള്‍ അതിവേഗം പരോഗമിക്കുയാണ്.  രണ്ട് എസ്റ്റേററിലേയും ടോപ്പോ ഗ്രാഫിക്ക് സര്‍വ്വേ പൂര്‍ണ്ണമായിട്ടുണ്ട്. ജിയോ ഗ്രാഫിക്കല്‍ സര്‍വ്വേയുടെ മുഖ്യഭാഗം കഴിഞ്ഞിട്ടുണ്ട്.  ഹൈഡ്രോളജിക്കല്‍ സര്‍വ്വേ 50 ശതമാനം വീതം പൂര്‍ത്തിയായി. സോയില്‍ ടെസ്റ്റ് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 11 ഭാഗത്ത് നടത്തി കഴിഞ്ഞു. വെള്ളത്തിന്റെ സംപിള്‍ കളക്ഷനുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഫെബ്രുവരി 5 നകം  പൂര്‍ത്തികരിക്കും. ഭൂമി ലഭ്യമായിട്ടുള്ള 30 ദിവസത്തിനുള്ളില്‍ തന്നെ കിഫ്ബി, കിഫ്‌കോന്‍, യുഎല്‍സിസി, റവന്യു വിഭാഗം പ്രത്യേകം ഓഫീസറെ തന്നെ നിയമിച്ച്  കളക്ടറുടെ  നേതൃത്വത്തില്‍ റവന്യു വിഭാഗവും ചേര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുകയാണ്.


ജൂലൈ 30ന് ദുരന്തമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 3ന് മന്ത്രിസഭ ചേരുകയും നെടുമ്പാല, എല്‍സ്റ്റണ്‍  എസ്റ്റേറ്റുകളിലെ ഭൂമി എറ്റെടുക്കുന്നതിന് തത്വത്തില്‍ അംഗീകരം നല്‍കി ഒക്ടോബര്‍  നാലിന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയും ചെയ്തതാണ്.  അപ്രതിക്ഷിതമായ  ചില വ്യവഹാരങ്ങള്‍ ഇടയില്‍ വന്നതിനാലാണ്  ഡിസംബര്‍ 27 വരെ സര്‍ക്കാരിന് കോടതിയുടെ അനുവാദത്തിനായി കാത്തിരിക്കേണ്ടി വന്നതെന്നുംമന്ത്രിപറഞ്ഞു.




.

Author
Citizen Journalist

Goutham prakash

No description...

You May Also Like