താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു.

  • Posted on April 06, 2023
  • News
  • By Fazna
  • 127 Views

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നിലവിൽ വന്നു. കോഴിക്കോട് വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന  പ്രധാന ഹൈവേ കടന്നു പോകുന്ന താമരശ്ശേരി ചുരത്തിൽ പൊതു അവധി ദിനങ്ങളിൽ തിരക്കേറാനും പല ഇടങ്ങളിലും വീതികുറഞ്ഞതുമായ ചുരം  റോഡിൽ അപകടങ്ങളും ഗതാഗത കുരുക്കുകളും ഉണ്ടാവാനുള്ള  സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ജില്ലാ കലക്ടർ എ ഗീത ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്.  ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനും യാത്രകൾ സുഗമമാക്കാനുമായി ദുരന്ത നിവാരണ നിയമം 2005 ലെ 26,30,34,71 എന്നീ വകുപ്പുകൾ അനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് കലക്ടർ അറിയിച്ചു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ച്ചകളിൽ രാവിലെ ആറ് മുതൽ ഒമ്പത് മണി വരെയും ചുരത്തിൽ നിയന്ത്രണമുണ്ടാകും. ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെന്റർ സംവിധാനവും ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തിൽ  വാഹനങ്ങളെ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളിൽ നിന്നും പിഴ ഈടാക്കും.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like