ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം സമഗ്ര നിയമ നിര്‍മ്മാണം: മന്ത്രി വീണാ ജോര്‍ജ് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി.

  • Posted on April 04, 2023
  • News
  • By Fazna
  • 116 Views

തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നിയമമായിരിക്കുമത്. ഒപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ നിര്‍മ്മാണത്തിനായുള്ള വിവിധ സംഘടനകളുടെ പ്രാഥമിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാര്‍ പാടില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പിലാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവരുടെ മീറ്റിംഗും നടത്തിയിരുന്നു. പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ വിമുക്ത ഭടന്‍മാരായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളില്‍ സംഘര്‍ഷ സാധ്യതകളെ ലഘൂകരിക്കുകയും പ്രധാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന രോഗികളുടെ തീവ്രത അവരുടെ ബന്ധുക്കളെ അറിയിച്ചിരിക്കണം. ഐസിയുവിനടുത്ത് രോഗികളുടെ കൂട്ടിരുപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള സ്ഥലം കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതിയ്ക്കായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംഘടനകള്‍ ഏകകണ്ഠമായി അഭിനന്ദിച്ചു. ശാരീരികമായ അക്രമം കൂടാതെ മാനസികമായ പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും, സോഷ്യല്‍ മീഡിയ അധിഷേപവും ബില്ലില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ഭൂരിഭാഗം സംഘടനകളും പറഞ്ഞു. നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി ഉണ്ടായിരിക്കണമെന്ന് ചിലര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like