വേട്ടക്കാരുടെ പേടി സ്വപ്നമായ ഇര!

വേട്ടക്കാരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ ബറോവിങ് പാമ്പ് ഈലുകൾ  സ്വീകരിക്കുന്ന മാർഗം വിചിത്രമാണ്.

മനുഷ്യൻ ഉൾപ്പടെ ഏതൊരു ജീവിയും സ്വന്തം ജീവൻ രക്ഷിക്കാൻ എന്തുവഴിയും സ്വീകരിക്കും. വേട്ടക്കാരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ സമുദ്രത്തില്‍ കാണപ്പെടുന്ന ബറോവിങ് പാമ്പ് ഈലുകൾ  സ്വീകരിക്കുന്ന മാർഗം വിചിത്രമാണ്. മൂര്‍ച്ചയേറിയ വാലിന്‍ തുമ്പുള്ള കടല്‍ ജീവികളാണ് പാമ്പ് ഈലുകള്‍. ഇവയെ ഏതെങ്കിലും ജീവികൾ അകത്താക്കാന്‍ ശ്രമിച്ചാല്‍ വൈകാതെ തന്നെ ആ ജീവി മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. പാമ്പ് ഈലുകളാകട്ടെ വയറിനുള്ളിലെത്തി അധികം താമസിയാതെ രക്ഷപ്പെടുകയും ചെയ്യും. മൂര്‍ച്ചയേറിയ കൂര്‍ത്ത വാലാണ് ഇവയെ അതിന് സഹായിക്കുന്നത്. ശത്രുവിന്‍റെ വയറ് ഈ വാല്‍ ഉപയോഗിച്ച് തുളച്ചാണ് പാമ്പ് ഈലുകള്‍ രക്ഷപ്പെടുക. പാമ്പ് ഈലുകള വിഴുങ്ങുന്ന ജീവികള്‍ ശരീരം കീറി മുറിക്കപ്പെടുന്നതോടെ  ചത്തു പോവുകയും ചെയ്യും. 

വേട്ടക്കാരുടെ വയര്‍ കീറി മുറിച്ച് രക്ഷപ്പെടുന്ന ഈലുകളെ  ഓസ്ട്രേലിയന്‍ മേഖലയിലുള്ള സമുദ്രങ്ങളിലാണ് ഗവേഷകര്‍ കണ്ടെത്തിയത്. . അതേസമയം എല്ലാ ഈലുകള്‍ക്കും ഇതുപോലെ രക്ഷപ്പെടാന്‍ കഴിയില്ല. ചില ഈലുകളെങ്കിലും വലിയ മത്സ്യങ്ങളുടെ വയര്‍ പൂര്‍ണമായി തുളയ്ക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. ഈ ഈലുകളുടെയും ജീവികളുടെയും അവസ്ഥ ദയനീയമാണ്. രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുന്ന ഈലുകളില്‍ ഭൂരിഭാഗവും വേട്ടക്കാരന്‍റെ വയറ്റില്‍ തന്നെ തുടരും. എന്നാൽ ആമാശയത്തിന് അകത്തല്ല എന്നതിനാല്‍ ജീവനോടെയാകും തുടരുക. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഈ പാമ്പ് ഈലുകള്‍ പാതി വഴിയിലാകും കുടുങ്ങി പോവുക. ഇതോടെ ഇവ പുറത്തേയ്ക്കും അകത്തേയ്കകും ഇല്ല എന്ന അവസ്ഥയിലെത്തും.പിന്നീട് ഇവക്ക് ജീവനുള്ള മമ്മികളായും അവിടെ തുടരേണ്ടി വരിക. സാധാരണ മത്സ്യങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമല്ല പാമ്പ് ഈലുകൾ. മറ്റൊന്നും കിട്ടാതെ വരുമ്പോൾ മാത്രമാണ് വലിയ മത്സ്യങ്ങള്‍ ഇവക്ക് പുറകെ പോവുക. പക്ഷേ ഗവേഷകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായി പാമ്പ്   ഈലുകളെ മത്സ്യങ്ങള്‍ ഭക്ഷണമാക്കുന്നുമുണ്ട്.

പാമ്പ് ഈലുകള്‍ പൊതുവെ ഭൂമധ്യരേഖാ മേഖലയിലാണ് കാണപ്പെടുന്നത്. ഈ മേഖലയിലെ വലിയ മത്സ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് പലതിന്‍റെയും വയറ്റില്‍ പാരാസൈറ്റ് എന്ന പോലെ എന്നാല്‍ അനങ്ങാന്‍ കഴിയാതെ കുടുങ്ങി കിടന്ന് ജീവിക്കുന്ന ഈലുകളെ കണ്ടെത്തിയത്. വടക്ക് പടിഞ്ഞാറന്‍ അറ്റ്ലാന്‍റിക്കിലും മെഡിറ്ററേനിയന്‍ സമുദ്രമേഖലയിലും സമാനമായ അവസ്ഥ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വേട്ടക്കാരുടെ അപൂര്‍വമായുള്ള ഭക്ഷ്യവസ്തുക്കളാണ് ഈലുകള്‍, പക്ഷേ ഇങ്ങനെ ഭക്ഷിക്കപ്പെടുന്ന ഈലുകളില്‍ ഒരു വിഭാഗം അതീവ ദയനീയമായാണ് പിന്നിടുള്ള ജീവിതം കഴിച്ചു കൂട്ടുന്നതെന്ന് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് മ്യൂസിയം ഉള്‍പ്പടെയുള്ള അഞ്ചോളം സമുദ്രഗവേഷണ സ്ഥാനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇങ്ങനെ വിഴുങ്ങപ്പെടുന്ന ഈലുകള്‍ ആമാശയത്തിലെ ദഹന രസത്തില്‍ നിന്ന് രക്ഷപ്പെടുമെങ്കിലും പുറത്തു കടക്കാനുള്ള ശ്രമത്തില്‍ ബോഡി കാവിറ്റിയില്‍ കുടുങ്ങിപ്പോവുകയാണ് മിക്കവാറും ചെയ്യുകയെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്നാണ് ഈ ഈലുകള്‍ മമ്മിഫൈഡ് അവസ്ഥയിലേക്ക് മാറുക. ഈലുകള്‍ വയറ്റില്‍ തുടരുന്നത് ഇവയെ വിഴുങ്ങിയ ജീവികളിലും അവസാനിക്കാത്ത വേദനയ്ക്ക് കാരണമാകുന്നു എന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മലയെ നെറുകെ പിളർത്തിയ പ്രതികാര ദാഹി!

Author
Sub-Editor

Sabira Muhammed

No description...

You May Also Like