വാക്സീന്‍ എന്ത്? കുത്തിവച്ചാല്‍ പിന്നെയും മാസ്ക് വേണോ? അറിയേണ്ടതെല്ലാം

റജിസ്ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്സീന്‍ ലഭിക്കുമോ?

കോവിഡ് വാക്സീന് പാര്‍ശ്വഫലങ്ങളുണ്ടാകുമോ? ആര്‍ക്കൊക്കെ? എത്ര ഡോസ് ? വാക്സീന്‍ കുത്തിവച്ചാല്‍ പിന്നെയും മാസ്ക് ധരിക്കണോ? ലോകം കോവിഡ് വാക്സീനായുള്ള കാത്തിരിപ്പിലാണ്. ഇന്ത്യയും മഹാമാരിയെ ചെറുക്കാനുള്ള കുത്തിവയ്പ്പിന് ഒരുങ്ങിക്കഴിഞ്ഞു. വാക്സീനുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കുന്നു.


വാക്സീന്‍ എപ്പോള്‍ കിട്ടും?

ഉത്തരം : ആദ്യ ഘട്ട വാക്സിൻ കേരളത്തിൽ എത്തിച്ചു.


വാക്സീന്‍ എല്ലാവര്‍ക്കും ഒന്നിച്ച് ലഭിക്കുമോ?

ഉത്തരം : മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം നല്‍കുക. 50 വയസ് കഴിഞ്ഞവര്‍ക്ക് രണ്ടാമത്തെ പരിഗണന. ഒപ്പം 50 വയസില്‍ താഴെ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കും.


എല്ലാവരും കുത്തിവയ്പ്പ് എടുക്കണമെന്ന് നിര്‍ബന്ധമാണോ?

ഉത്തരം : നിര്‍ബന്ധമില്ല. ആളുകള്‍ക്ക് സ്വമേധയാ തീരുമാനിക്കാം. അവനവന് രോഗം വരാതിരിക്കാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും രോഗം പടരാതിരിക്കാനും വാക്സീന്‍ കുത്തിവയ്ക്കുന്നതാണ് ഉചിതം.


വളരെ കുറഞ്ഞ സമയത്തിനകം പരീക്ഷണം പൂര്‍ത്തിയാക്കി പുറത്തിറക്കുന്നതിനാല്‍ വാക്സീന്‍ സുരക്ഷിതമാണോ?

ഉത്തരം : സുരക്ഷയും ഗുണമേന്മയും കൃത്യമായി ഉറപ്പാക്കിയശേഷമേ വാക്സീന്‍ വിതരണം ആരംഭിക്കൂ.


കോവിഡ് രോഗികള്‍ക്ക് വാക്സീന്‍ എടുക്കാമോ?

ഉത്തരം : കോവിഡ് രോഗബാധിതന്‍ കുത്തിവയ്പ്പ് കേന്ദ്രത്തില്‍ വന്നാല്‍ മറ്റുള്ളവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാറി 14 ദിവസത്തിന് ശേഷം വാക്സീന്‍ കുത്തിവയ്ക്കുന്നതാണ് നല്ലത്.


രോഗം മാറിയവര്‍ വാക്സീന്‍ എടുക്കണോ?

ഉത്തരം : വേണം. കോവിഡ് വന്നുപോയവരും വാക്സീന്‍ എടുക്കുന്നതാണ് ഉചിതം. പ്രതിരോധശേഷി മെച്ചപ്പെടാന്‍ സഹായിക്കും.


ഒന്നിലധികം വാക്സീനുകളുടെ പരീക്ഷണം നടക്കുന്നു. ഏത് തിരഞ്ഞെടുക്കും?

ഉത്തരം : പരീക്ഷണത്തിലെ ഫലപ്രാപ്തി കൃത്യമായി പരിശോധിച്ചാകും അനുമതി നല്‍കുക. ലൈസന്‍സ് ലഭിക്കുന്ന വാക്സീനുകളുടെ പരീക്ഷണ ഫലപ്രാപ്തിയില്‍ വ്യത്യസ്തകളുണ്ടാകും. ഒരേ വാക്സീന്‍റെ ഡോസ് പൂര്‍ത്തിയാക്കണം. മാറിമാറി കുത്തിവയ്ക്കരുത്.


വാക്സീനുകള്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ അതിനുള്ള സൗകര്യമുണ്ടോ? സംഭരണം, വിതരണം എന്നിവ താളം തെറ്റുമോ?

ഉത്തരം : ലോകത്തിലെ ഏറ്റവും വിപുലമായ പ്രതിരോധ കുത്തിവയ്പ്പ് സംവിധാനം ഇന്ത്യയിലുണ്ട്. 2.6 കോടി നവജാത ശിശുക്കള്‍ക്കും 2.9 കോടി ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നു. രാജ്യത്തെ വലിയൊരു വിഭാഗത്തിന് വാക്സീന്‍ ലഭ്യമാക്കാന്‍പോന്ന സംവിധാനം രാജ്യത്തുണ്ട്.


ഇന്ത്യയിലെ വാക്സീന്‍ മറ്റു രാജ്യങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെട്ടതാകുമോ?

ഉത്തരം : തീര്‍ച്ചയായും. ലോകത്ത് എവിടെയുമുള്ള കോവിഡ് വാക്സീന്‍റെ അതേ മേന്മ ഇന്ത്യയിലെ വാക്സീനുമുണ്ടാകും. പരീക്ഷണത്തിന്‍റെ ഒാരോ ഘട്ടത്തിലും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട്.


കോവിഡ് വാക്സീന്‍ കുത്തിവയ്പ്പിന് എന്തു ചെയ്യണം?

ഉത്തരം : പ്രഥമ പരിഗണന നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സീന്‍ എടുക്കേണ്ട ദിവസം, സമയം, സ്ഥലം എന്നിവ റജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പറിലേയ്ക്ക് എസ്എംഎസ് വഴി അറിയിക്കും.


റജിസ്ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്സീന്‍ ലഭിക്കുമോ?

ഉത്തരം : ഇല്ല. റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. മറ്റ് നടപടികള്‍ ഇതിന് ശേഷമേ ആരംഭിക്കൂ.


റജിസ്ട്രേഷന് എന്തൊക്കെ വേണം?

ഉത്തരം : ഡ്രൈവിങ് ലൈസന്‍സ്, തൊഴില്‍ മന്ത്രാലയത്തിന്‍റെ വിവിധ പദ്ധതികള്‍ വഴി നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ജനപ്രതിനിധികളുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, വോട്ടര്‍ െഎഡി, കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയില്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാം.


വാക്സീന്‍ എടുക്കാന്‍ എത്തുമ്പോള്‍ എന്തുവേണം?

ഉത്തരം : ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം.


തിരിച്ചറിയല്‍ രേഖ കൈയിലില്ലെങ്കില്‍?

ഉത്തരം : തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. റജിസ്റ്റര്‍ ചെയ്ത വ്യക്തിക്കു തന്നെയാണോ വാക്സീന്‍ ലഭിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.


വാക്സീനേഷന്‍ നടപടി എങ്ങിനെയാണ്?

ഉത്തരം : കുത്തിവയ്പ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്എംഎസ് വഴി അറിയിക്കും. ഒാരോ ഡോസ് പൂര്‍ത്തിയാക്കുമ്പോഴും അടുത്ത ഡോസിന്‍റെ വിവരങ്ങളും അറിയിക്കും. ഡോസുകള്‍ പൂര്‍ത്തിയായാല്‍ ക്യുആര്‍ കോഡ് രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.


മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് വാക്സീന്‍ സ്വീകരിക്കാമോ?

ഉത്തരം : തീര്‍ച്ചയായും. കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കും വാക്സീന്‍ സ്വീകരിക്കാം.


കുത്തിവയ്പ്പ് സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം?

ഉത്തരം : കുത്തിവയ്പ്പ് കഴിഞ്ഞാല്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ അരമണിക്കൂര്‍ വിശ്രമിക്കണം. മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, ശാരീരിക അകലം പാലിക്കല്‍ തുടങ്ങി കോവിഡ് പ്രതിരോധ നടപടികള്‍ തുടര്‍ന്നും പാലിക്കണം.


പാര്‍ശ്വഫലങ്ങളുണ്ടാകുമോ?

ഉത്തരം : മറ്റ് വാക്സീനുകളെപ്പോലെ തന്നെയാകും കോവിഡ് വാക്സീനും. സുരക്ഷ ഉറപ്പാക്കും. ചെറിയ പനിയും കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദനയും അനുഭവപ്പെടാം. പാര്‍ശ്വഫലങ്ങള്‍ നേരിടാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.


എത്ര ഡോസ്? എങ്ങിനെ?

ഉത്തരം : രണ്ട് ഡോസ്. 28 ദിവസത്തെ ഇടവേളയില്‍

 

ആന്‍റിബോഡി എപ്പോള്‍ ശരീരത്തിലുണ്ടാകും?

ഉത്തരം : രണ്ടാമത്തെ ഡോസ് കുത്തിവച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം ശരീരത്തില്‍ ആന്‍റിബോഡി രൂപപ്പെടും.





കോവിഷീൽഡ്‌ ,കൊവാക്‌സിൻ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും....

https://www.enmalayalam.com/news/yN1D3rJA



Author
No Image

Naziya K N

No description...

You May Also Like