ശാസ്ത്ര ലോകത്തിന് കൗതുകമായി പുതിയ ഇനം ചിലന്തി ; നീല രത്‌നങ്ങള്‍ പോലെ തിളങ്ങുന്ന എട്ടു കണ്ണുകള്‍

ശാസ്ത്ര ലോകത്ത് കൗതുകമുണര്‍ത്തി പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ തിര്‍റോളിലെ അമാന്‍ഡ ഡി ജോര്‍ജ് എന്ന സ്ത്രീയാണ് തന്റെ വീട്ടുമുറ്റത്ത് നീല രത്‌നങ്ങള്‍ പോലെ തിളങ്ങുന്ന എട്ടു കണ്ണുകളുള്ള ചിലന്തിയെ ആദ്യമായി കണ്ടെത്തിയത്. 18 മാസം മുന്‍പാണ് അമാന്‍ഡ ഡി ജോര്‍ജ് ആദ്യമായി എട്ട് കണ്ണുള്ള ചിലന്തിയെ കണ്ടത്. സുന്ദരനായ ജമ്പിംഗ് സ്‌പൈഡറിനെ ബിന്നിന്റെ മുടിയില്‍ കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പോടെ അമാന്‍ഡ ചിലന്തിയുടെ ചിത്രങ്ങള്‍ ‘ബാക്ക്യാര്‍ഡ് സുവോളജി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്തു.

ചിലന്തിയുടെ ചിത്രങ്ങളെ സംബന്ധിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ചിലന്തി വിദഗ്ദ്ധനായ ജോസഫ് ഷുബെര്‍ട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കളി കാര്യമായത്. ചിലന്തിയെ പിടിക്കാന്‍ അമാന്‍ഡയോട് ജോസഫ് ഷുബെര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചിലന്തിയെ വീണ്ടും കണ്ടെത്താനായത്. രണ്ട് ചിലന്തികളെയാണ് ജോസഫ് ഷുബെര്‍ട്ടിന് വേണ്ടി അമാന്‍ഡ പിടികൂടി കുപ്പിയിലാക്കിയത്. ചിലന്തികള്‍ പരസ്പരം ഭക്ഷണമാക്കുന്നതിനാല്‍ പ്രത്യേകം കുപ്പികളിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. അമാന്‍ഡ ഇവയെ മെല്‍ബോണിലുള്ള ഷൂബെര്‍ട്ടിനയച്ചു. മ്യൂസിയംസ് വിക്ടോറിയയുടെ ലാബുകള്‍ വീണ്ടും തുറന്നു കഴിഞ്ഞാല്‍ ഇവയ്ക്ക് ഔദ്യോഗികമായി പേര് നല്‍കും. പുതിയയിനം ചിലന്തിയെ കണ്ടെത്തിയതിലൂടെ ശാസ്ത്രലോകത്തിന് എളിയ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അമാന്‍ഡ പറഞ്ഞു.

Author
Resource Manager

Jiya Jude

No description...

You May Also Like