കരപക്ഷികൾക്കിനി ക്വാറന്റൈൻ കേന്ദ്രം.
- Posted on October 24, 2024
- News
- By Goutham prakash
- 287 Views
അടച്ചിട്ട കൂടുകളിൽ മൃഗങ്ങളെ പാർപ്പിച്ചിരുന്ന പഴയ ശൈലിയിൽ നിന്നും മാറി മൃഗങ്ങൾക്കു വേണ്ടി വിശാലമായ തുറന്ന പരിബന്ധനങ്ങൾ ഒരുക്കുക എന്ന ആശയം പ്രാവർത്തികമാക്കുന്നതിനു വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ ഘട്ടങ്ങളിലായി കൂടുകളുടെ നവീകരണ പദ്ധതികൾ കേരള സർക്കാർ മ്യൂസിയം & മൃഗശാലവകുപ്പ് ഏറ്റെടുത്തു നടത്തി വരികയാണ്.
സി.ഡി. സുനീഷ്
അടച്ചിട്ട കൂടുകളിൽ മൃഗങ്ങളെ പാർപ്പിച്ചിരുന്ന പഴയ ശൈലിയിൽ നിന്നും മാറി മൃഗങ്ങൾക്കു വേണ്ടി വിശാലമായ തുറന്ന പരിബന്ധനങ്ങൾ ഒരുക്കുക എന്ന ആശയം പ്രാവർത്തികമാക്കുന്നതിനു വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ ഘട്ടങ്ങളിലായി കൂടുകളുടെ നവീകരണ പദ്ധതികൾ കേരള സർക്കാർ മ്യൂസിയം & മൃഗശാലവകുപ്പ് ഏറ്റെടുത്തു നടത്തി വരികയാണ്. കേരള സർക്കാരിന്റെ നാലാം നൂറു ദിന പരിപാടിയുടെ ഭാഗമായി ആശുപത്രിയുടെ അനുബന്ധമായി മൃഗങ്ങളെ താത്കാലികമായി പാർപ്പിച്ചു നിരീക്ഷിക്കുന്നതിനായി ഒരു ക്വാറന്റൈൻ കേന്ദ്രത്തിന്റെ നിർമ്മാണവും പൂർത്തിയായിരിക്കുന്നു.
അതോടൊപ്പം മക്കാവു പോലെയുള്ള വിവിധയിനം പക്ഷികളെ പാർപ്പിക്കുന്നതിനുള്ള പരിബന്ധനവും തയ്യാറായിക്കഴിഞ്ഞു. ഇവ രണ്ടിന്റെയും ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ വി.കെ.പ്രാശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരവികസനം, മൃഗസംരക്ഷണം, മൃഗശാലാ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.
മുൻകാലങ്ങളിൽ പക്ഷികൾ പോലെയുള്ള ചെറിയ ജീവികളെ മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ചെറിയ കൂടുകളിലായിരുന്നു പാർപ്പിച്ചു വന്നിരുന്നത്. പക്ഷികൾക്ക് സ്വൈര്യവിഹാരം ഒരുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്, അവയ്ക്ക് യഥേഷ്ടം പറക്കാനും, ഇണ ചേരാനും, കളിയ്ക്കാനും ഉതകുന്ന വിധത്തിൽ മൂന്ന് അതി വിശാലമായ കൂടുകൾ ആണ് ഇതിന്റെ ഭാഗമായി ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. മൂന്ന് ഇനത്തിൽ പെട്ട മക്കാവു പക്ഷികളെ പാർപ്പിക്കുവാൻ കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയതാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ള പരിബന്ധനം. സന്ദർശകർക്ക് ഇരുമ്പഴികളിലൂടെ നോക്കിക്കാണുന്നതിന് പകരം വലിയ ഗ്ളാസ്സ് പാളികളിലൂടെ ഇവയെ നിരീക്ഷിക്കുവാൻ സാധിയ്ക്കും. കൂടിനുള്ളിൽ യാതൊരു വിധ തടസ്സങ്ങളും കൂടാതെ സ്വതന്ത്രമായി പറക്കുന്നതിനുള്ള സ്ഥലസൗകര്യവും നിർബാധം ഒഴുകുന്ന അരുവി, കുളം എന്നിവയും പക്ഷികൾക്ക് വിശ്രമിക്കുന്നതിലേയ്ക്കായി മരങ്ങളും ചെടികളും നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ കൂടിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. ഒരേ സമയം മുപ്പത്തിലധികം പക്ഷികളെ പാർപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
മറ്റു മൃഗശാലകളിൽ നിന്നും എത്തിക്കുന്ന മൃഗങ്ങളെയും അതോടൊപ്പം മെച്ചപ്പെട്ട ചികിത്സയ്ക്കായി എത്തിക്കുന്ന മൃഗങ്ങളെയും നിരീക്ഷിച്ചു ചികിത്സ നല്കുന്നതിനായുള്ള സംവിധാനമുള്ളതാണ് ക്വാറന്റൈൻ കേന്ദ്രം. കേരളത്തിന്റെ പല ഭാഗത്തു നിന്നും പരിക്കു പറ്റി എത്തിച്ച വിവിധയിനം മൃഗങ്ങളെ പരിപാലിക്കുന്നതിനായി വളരെ കുറഞ്ഞ സൗകര്യമാണ് മൃഗശാലാ ആശുപത്രിയോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്നത്. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തോടെ രണ്ടു നിലകളിലായി നിർമ്മിച്ചതാണ് ഇപ്പോൾ പൂർത്തീകരിച്ച ക്വാറന്റൈൻ കേന്ദ്രം. ഒന്നാം നിലയിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവിടെ മൃഗങ്ങളെ ചികിത്സയുടെ ആവശ്യത്തിനായി ഒരു സ്ക്വീസ് കേജ് ആണുള്ളത്. താഴത്തെ നിലയിൽ രണ്ടു സ്ക്വീസ് കേജുകളോടു കൂടിയ ആറ് കൂടുകളുമുണ്ട്.
മ്യൂസിയം മൃഗശാലാ വകുപ്പു ഡയറക്ടർ മഞ്ജുളാദേവി പി.എസ്, വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി, വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ കെ.ആർ., മൃഗശാലാ സൂപ്രണ്ട് രാജേഷ് വി എന്നിവർ സന്നിഹിതരായിരുന്നു.

