എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷൻ

എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.  പി സതീദേവി. കേരള വനിതാ കമ്മീഷൻ കോഴിക്കോട് കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിന്റെ ഭാഗമായുള്ള ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ.



പോഷ് നിയമപ്രകാരം എല്ലാ തൊഴിൽ മേഖലയിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതനുസരിച്ച് സിനിമാ മേഖലയിലെ ഓരോ യൂണിറ്റിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എല്ലാ യൂണിറ്റിലും പ്രസ്തുത കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നിട്ടും പല യൂണിറ്റുകളിലും ഇത് രൂപീകരിച്ചിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനിതാ കമ്മിഷൻ ശക്തമായി ഇടപെടുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീകൾക്ക്  ചൂഷണവും അതിക്രമവും നേരിടേണ്ടിവരുന്നു. ഇതിനു കാരണം സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാടാണ്. ഐപിസി 498 എ പ്രകാരം സ്ത്രീകൾക്ക് രാജ്യത്ത് പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്. അത് ഉണ്ടാകാത്തതിനാൽ  ഗാർഹിക പീഡന നിരോധന നിയമം കൊണ്ടുവന്നു.  2012ൽ ഡൽഹിയിൽ ഉണ്ടായ ക്രൂര പീഡന കേസിനു ശേഷമാണ് ജസ്റ്റിസ് വർമ്മ കമ്മീഷൻ വന്നതും എല്ലാ വശങ്ങളും പഠിച്ചു പോഷ് നിയമം  തയ്യാറാക്കിയത്. 10 വർഷം കഴിഞ്ഞിട്ടും ഈ നിയമം പൂർണതോതിൽ നടപ്പിലാക്കാനായിട്ടില്ല എന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി


 തീരദേശ മേഖലകളിൽ  ഗാർഹിക പീഡന നിരക്ക് കൂടുതലാണെന്നും അവർ പറഞ്ഞു. തീരദേശ മേഖലയിൽ ഉള്ളവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.  ഈ പദ്ധതികളുടെ പ്രയോജനം വനിതകൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വനിതാ കമ്മിഷൻ. ഇക്കാര്യത്തിൽ വനിത കമ്മിഷൻ്റെ സഹായം തേടാവുന്നതാണെന്നും അഡ്വ : പി സതീദേവി പറഞ്ഞു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഏകോപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബി. അനുഷ അധ്യക്ഷയായി. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ ആർ  അർച്ചന, പ്രൊജക്റ്റ് ഓഫീസർ എൻ ദിവ്യ തുടങ്ങിയവർ സംസാരിച്ചു. 

തുടർന്നു നടന്ന ചർച്ചയിൽ വിവിധ വകുപ്പ്  പ്രതിനിധികൾ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർേദേശങ്ങൾ വനിതാ കമ്മീഷൻ റിപ്പോർട്ടാക്കി സർക്കാരിന് നൽകും.


രാവിലെ കടലുണ്ടി തീരദേശ മേഖലയിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി സതീദേവിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം  നടത്തി.

കിടപ്പുരോഗികളും ഒറ്റപ്പെട്ട് താമസിക്കുന്നതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്. അവരുടെ സുഖ വിവരങ്ങൾ ചോദിച്ചറിയുകയും ആവശ്യങ്ങൾ മനസിലാക്കുകയുമായിരുന്നു ലക്ഷ്യം.

ക്യാമ്പിൻ്റെ രണ്ടാം ദിനമായ സെപ്റ്റംബർ നാലിന് കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗാർഹിക പീഡന നിരോധന നിയമം 2005 എന്ന വിഷയത്തിൽ സെമിനാർ നടക്കും. വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അനൂഷ അധ്യക്ഷയായിരിക്കും.



                                                                                                                                                                          സ്വന്തം ലേഖിക

Author

Varsha Giri

No description...

You May Also Like