കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഇനി സംവിധായകൻ രഞ്ജിത്ത് നയിക്കും 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ അമരക്കാരനായി. സംവിധായകനും നടനും ആയ  രഞ്ജിത്താണ് ചെയർമാനായി ചുമതലയേറ്റത്.  ഇന്ന് രാവിലെ കേരള ചലച്ചിത്ര അക്കാദമിയുടെ കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തം ആണെന്നും മുന്നോട്ടു പോകാൻ പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും രഞ്ജിത്ത് പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായില്ലെങ്കിൽ ചലച്ചിത്ര മേള മുൻനിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കിയത്‌.

1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമാ രചനാ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെയും ഭാഗമായി. 1993ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘ദേവാസുരം’ എന്ന സൂപ്പർഹിറ്റ് സിനിമ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഒരു വൻ വഴിത്തിരിവായിരുന്നു.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളായ ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം, വല്യേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികതുമ്പിൽ നിന്നാണ് പിറന്നത്‌.

ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന സിനിമയിലൂടെ 2001ൽ രഞ്ജിത്ത് സംവിധായകന്റെ വേഷവും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. നടൻ എന്ന നിലയിലും പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ജനപ്രിയ സിനിമയിൽ പൃഥ്‌വിരാജിന്റെ അച്ഛനായും രഞ്ജിത്ത് എത്തിയിരുന്നു ഭീഷ്മപർവ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ജൂലൻ ഗോസ്വാമിയായി അനുഷ്‌ക ശര്‍മ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like