തൊഴിൽ നൈപുണ്യമുള്ള യുവസമൂഹമായി മാറണം: മന്ത്രി ഡോ. ആർ. ബിന്ദു
- Posted on September 04, 2024
- News
- By Varsha Giri
- 17 Views
സംസ്ഥാനത്തു ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽ നൈപുണിയുള്ള യുവസമൂഹമായി മാറണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിദ്യാർഥികളോട് ആവശ്യപ്പെട്ടു. വ്യവസായവത്കരണത്തിന്റെ ഈ കാലത്തു പോളിടെക്നിക് വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ 2024-25 അധ്യയന വർഷം അനുവദിച്ച വനിതാ പോളിടെക്നിക് കോളേജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്. ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ശാലീജ് പി.ആർ അധ്യക്ഷത വഹിച്ചു. സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ശാഖകളിൽ 60 സീറ്റുകളിൽ ഈ അധ്യയന വർഷം പ്രവേശനം നടത്തി. കൊൽക്കത്തയിൽ നടന്ന രണ്ടാമത് ഏഷ്യൻ ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 55 കിലോഗ്രാം കാറ്റഗറിയിൽ സ്വർണ മെഡലും ടൈറ്റിൽ ബെൽറ്റും കരസ്ഥമാക്കിയ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അരുന്ധതി ആർ. നായരെ അനുമോദിച്ചു. 2023 ൽ എൽ.ബി.എസ് സെന്ററിനു കീഴിൽ ആരംഭിച്ച സ്കിൽ സെന്ററിലെ വിവിധ ഫ്രാഞ്ചൈസി യൂണിറ്റുകളിൽ മികച്ച പ്രകടം കാഴ്ച വച്ച ആറ് യൂണിറ്റുകളെ ചടങ്ങിൽ അനുമോദിച്ചു.
സ്വന്തം ലേഖിക