ഇനി സ്‌പേസ് ടൂറിന്റെ കാലം; വിനോദസഞ്ചാര മേഖലയില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ത്ത് റിച്ചാര്‍ഡ് ബ്രാന്‍സണ്‍

'ആയിരക്കണക്കിന് ബഹിരാകാശയാത്രികരെ അടുത്ത ഏതാനും വര്‍ഷത്തിനിടെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ ആകാശത്തിന്റെ ഉയരങ്ങളിലിരുന്ന് ഭൂമിയുടേയും കോടാനുകോടി നക്ഷത്രങ്ങളുടേയും മനോഹാരിത ആസ്വദിക്കാനുള്ള നിരവധി പേരുടെ സ്വപ്‌നം  സാധ്യമാകും. ഭാരമില്ലായ്മ എന്ന വിസ്മയകരമായ അവസ്ഥയിലൂടെ അല്‍പനേരമെങ്കിലും അവര്‍ക്ക് കടന്നു പോകാനാവും' 

വിനോദസഞ്ചാര മേഖലയില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ത്ത് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. 2004ലാണ് വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്‌പേസ് ഫ്‌ളൈറ്റ് കമ്പനി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ആരംഭിച്ചത്. പ്രതിബന്ധങ്ങള്‍ കാരണം കമ്പനിയുടെ ലക്ഷ്യപ്രാപ്തി നീണ്ടുപോയെങ്കിലും പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രാന്‍സണ്‍ എഴുതിച്ചേര്‍ത്തത് ബഹിരാകാശ വിനോദസഞ്ചാര മേഖലയില്‍ പുതിയൊരധ്യായമാണ്.

മൂന്ന് മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും ആസ്വദിച്ച് തന്റെ പതിനൊന്ന് മിനിറ്റ് നീണ്ട യാത്ര കഴിഞ്ഞ് ഭൂമിയിലില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബ്രാന്‍സണ്‍. ഈ ചരിത്രപ്രധാന യാത്ര നടത്തിയത് ഇന്ത്യന്‍ വംശജയായ സിരിഷ ബാന്‍ഡ്‌ലയടക്കം ആറംഘസംഘമാണ്. വിനോദസഞ്ചാരമെന്ന നിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘവും ഇവര്‍ തന്നെ. ഈ യാത്രയെ കുറിച്ച് എഴുപതുകാരനായ ബ്രാന്‍സന്റെ പ്രതികരണം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ്.


2004ലാണ്  വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്‌പേസ്ഷിപ്പ് കമ്പനി ഭാരം കുറഞ്ഞ ആകാശയാനങ്ങളുടെ നിര്‍മാണത്തിലൂടെ പ്രശസ്തനായ ബര്‍ട്ട് റൂട്ടന്‍ എന്ന അമേരിക്കന്‍ എയറോസ്‌പേസ് എന്‍ജിനീയര്‍ക്കൊപ്പം ബ്രാന്‍സണ്‍ ആരംഭിച്ചത്.  പരീക്ഷണങ്ങള്‍ക്കിടെയുണ്ടായ റോക്കറ്റ് മോട്ടോര്‍ സ്‌ഫോടനത്തില്‍  മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതോടെ 2007 ല്‍ ആദ്യസംഘത്തെ അയക്കണമെന്ന ബ്രാന്‍സന്റെ ആഗ്രഹം തടസ്സപ്പെട്ടു. ഓരോ തവണത്തെ പരീക്ഷണപ്പറക്കിലിനൊടുവിലും അടുത്തു തന്നെ വിനോദസഞ്ചാര ബഹിരാകാശയാത്ര സാധ്യമാകുമെന്ന് ബ്രാന്‍സണ്‍ തുടരെ പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ 2012 ജൂലായ് 11 ന് ബ്രാന്‍സന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. 

ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ബഹിരാകാശവും ബഹികാരാകാശത്തിനപ്പുറത്തെ കാഴ്ചകളും എന്നും കൗതുകമുണര്‍ത്തുന്ന വസ്തുതകളാണ്. ഈ കാഴ്ചകൾ നേരിൽ കാണാനായി ദിവസേന ബഹിരാകാശ യാത്രാവിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വെര്‍ജിന്‍ ഗാലക്റ്റിക് അറിയിച്ചിട്ടുള്ളത്. കമ്പനിയുടെ ലക്ഷ്യം വര്‍ഷത്തില്‍ 400 ഓളം വിമാനങ്ങള്‍ പറത്തുക എന്നതാണ്.  ഇതിനോടകം അറുപത് രാജ്യങ്ങളില്‍ നിന്നായി അറുനൂറോളം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ടിക്കറ്റ് ചാര്‍ജ്.


'ബഹിരാകാശം എല്ലാവര്‍ക്കും സ്വന്തമാണ്, പക്ഷെ നിലവില്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രമേ അത് ആസ്വദിക്കാനാവൂ' ബ്രാന്‍സണ്‍ പറഞ്ഞു. എങ്കിലും കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ ചെലവില്‍ ബഹിരാകാശയാത്രയ്ക്കുള്ള അവസരം ഒരുക്കുമെന്നും ബ്രാന്‍സണ്‍ ഉറപ്പു നല്‍കി. ഭാവിയില്‍ ചിലപ്പോള്‍ താന്‍ സ്‌പേസ് എക്‌സിന്റെ വിമാനത്തില്‍ ബഹിരാകാശ യാത്ര നടത്തുമെന്നും ഞായറാഴ്ച ഒരഭിമുഖത്തിനിടെ ബ്രാന്‍സണ്‍ പറഞ്ഞു.

ആകാശത്തും ഭൂമിക്ക് പുറമേ വ്യവസായ ഭീമന്മാര്‍ ആധിപത്യത്തിനൊരുങ്ങുകയാണ്. ബഹിരാകാശ യാത്ര സാധാരണക്കാര്‍ക്കും സാധ്യമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം...

നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന മക്ഡൊണെൽ തടാകം

Author
Sub-Editor

Sabira Muhammed

No description...

You May Also Like