ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാൻ
- Posted on June 21, 2025
- News
- By Goutham prakash
- 136 Views
സി.ഡി. സുനീഷ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാർ വെളിപ്പെടുത്തി. ഒരു ടെലിവിഷൻ ചർച്ചയിലാണ് ധാറിൻ്റെ തുറന്നുപറച്ചിൽ.
ഇന്ത്യ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനു പിന്നാലെ പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്ന് ഇഷാഖ് ധർ വ്യക്തമാക്കി. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതിനെ തുടർന്ന് സൗദി രാജകുമാരനായ ഫൈസൽ തന്നെ വിളിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി താൻ നടത്തിയ സംഭാഷണത്തെപ്പറ്റി അറിഞ്ഞുവെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞുവെന്നും ധർ പറയുന്നു. ഇന്ത്യ ആക്രമണം നിർത്തുന്ന പക്ഷം പാകിസ്ഥാനും ആക്രമണം അവസാനിപ്പിക്കാൻ തയാറാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടാൻ തന്നെ അധികാരപ്പെടുത്തുമോയെന്ന് ഫൈസൽ ചോദിച്ചുവെന്നും താൻ അതിന് സമ്മതം മൂളിയെന്നും ജയശങ്കറിനെ വിവരം അറിയിച്ചശേഷം ഫൈസൽ രാജകുമാരൻ തന്നെ ആ വിവരം അറിയിച്ചുവെന്നും ധർ വ്യക്തമാക്കി.
സൈനിക ഹോട്ട്ലൈൻ ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധപ്പെടാൻ അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശിച്ചു. തുടർന്ന് പാകിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാസിഫ് അബ്ദുള്ള ഇന്ത്യൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായുമായി ബന്ധപ്പെടുകയായിരുന്നു. ഇക്കാര്യം പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.
