ഒരു വർഷം, ഒരു കോടി ഫയലുകള്‍ ഇ ഗവേണൻസില്‍ ചരിത്രം രചിച്ച് ഐ.എല്‍.ജി. എം.എസ്

  • Posted on March 23, 2023
  • News
  • By Fazna
  • 73 Views

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളില്‍ ഓൺലൈനില്‍ സേവനം ഒരുക്കുന്ന ഐഎല്‍ജിഎംഎസ് വഴി ഇതിനകം കൈകാര്യം ചെയ്തത് ഒരു കോടിയിലധികം ഫയലുകളാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2022 ഏപ്രില്‍ 4നാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെന്‍റ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഒരു വർഷം പൂർത്തായാകാൻ രണ്ട് ആഴ്ച ബാക്കി നിൽക്കെയാണ് ഒരു കോടി ഫയലുകളെന്ന നേട്ടം ഐഎല്‍ജിഎംഎസ് സ്വന്തമാക്കിയത്. ഇന്ന് (മാർച്ച് 22) ഉച്ചവരെ 1,00,05,051 ഫയലുകളാണ് ഐഎല്‍ജിഎംഎസ് വഴി കൈകാര്യം ചെയ്തത്.  ഇവയിൽ 89.13 ലക്ഷം ഫയലുകളും (89.08%) തീർപ്പാക്കിക്കഴിഞ്ഞു. 264 സേവനങ്ങളാണ് ഐഎല്‍ജിഎംഎസ് വഴി നിലവില്‍ ലഭ്യമാക്കുന്നത്. അഭിമാനകരമായ നേട്ടമാണ് ഐഎല്‍ജിഎംഎസ് വഴി ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നേട്ടത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎല്‍ജിഎംഎസ് രൂപകല്‍പ്പന ചെയ്ത ഇൻഫര്‍മേഷൻ കേരളാ മിഷനെയും മന്ത്രി അഭിനന്ദിച്ചു. 

പൊതുജനങ്ങള്‍ ഓൺലൈനിലൂടെ സേവനം തേടുന്ന സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ചത് 14.43 ലക്ഷം അപേക്ഷകളാണ്. ഇതിൽ 13.13 ലക്ഷം ഫയലുകളും (91.01%) തീര്‍പ്പാക്കി. പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സേവനങ്ങള്‍ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎല്‍ജിഎംഎസ് സംവിധാനം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. പണമടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുള്‍പ്പെടെ വെബ്സൈറ്റിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ നേരിട്ട് വരാതെ, വെബ്സൈറ്റിലൂടെ അപേക്ഷകള്‍ നല്‍കുന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

നഗരസഭകളിൽ ഏപ്രിൽ 22 മുതൽ കെ സ്മാർട്ട് നഗരസഭകളിലെ സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കാനുള്ള  പ്ലാറ്റ്ഫോം കെ-സ്മാർട്ട് ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ സ്മാര്‍ട്ടിൽ ജനന-മരണ രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതുപരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങള്‍ ആദ്യഘട്ടത്തിൽ ലഭ്യമാകും. നവംബര്‍ ഒന്നിന് എല്ലാ സേവനങ്ങളോടെയും പൂര്‍ണതോതിൽ കെ സ്മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിലും ലഭ്യമാകും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like