ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം.
- Posted on September 16, 2024
- News
- By Varsha Giri
- 80 Views
ടൂർണ്ണമെന്‍റ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഒന്നിനു പിറകെ ഒന്നായി മികച്ച ഇന്നിങ്സുകൾ പിറക്കുകയാണ്. സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും രോഹൻ കുന്നുമ്മലിനും പിറകെ ലീഗിലെ നാലാം സെഞ്ച്വറിയാണ് ആനന്ദ് കൃഷ്ണൻ തന്‍റെ പേരിൽ കുറിച്ചത്. 66 പന്തിൽ നിന്ന് 138 റൺസുമായി പുറത്താകാതെ നിന്ന ആനന്ദ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്. സെമി കാണാതെ പുറത്താകുമ്പോൾ, അവസാന മല്സരത്തിൽ കൊച്ചിക്ക് ആശ്വാസം കൂടിയായി ആനന്ദ് കൃഷ്ണൻ്റെ സെഞ്ച്വറിയും വിജയവും.
കൊച്ചിയുടെ ഇന്നിങ്സിനെ ഒരു പരിധി വരെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു ആനന്ദ് കൃഷ്ണൻ. ജോബിൻ ജോബിയുമായി ചേർന്ന് മികച്ച തുടക്കമായിരുന്നു ആനന്ദ് കൊച്ചിക്ക് നല്കിയത്. കിരൺ സാഗർ എറിഞ്ഞ അഞ്ചാം ഓവർ മുതലാണ് ആനന്ദ് ആഞ്ഞടിച്ചത്. ആ ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 15 റൺസ് നേടി. 31 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ആനന്ദ് കളി അവസാന ഓവറുകളിലേക്ക് കടക്കവെ ഇന്നിങ്സിന്‍റെ വേഗത വീണ്ടും കൂട്ടി. 17ആം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കിയ ആനന്ദ് തുടർന്നും മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. ഒടുവിൽ 66 പന്തിൽ ഒൻത് ഫോറും 11 സിക്സുമായി 138 റൺസോടെ പുറത്താകാതെ നിന്നു.
ടൂർണ്ണമെന്‍റിൽ നേരത്തെ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മല്സരത്തിലും ആനന്ദ് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സി കെ നായിഡു ട്രോഫിയിലും അന്തർ സംസ്ഥാന അണ്ടർ 25 ടൂർണ്ണമെന്‍റിലും മികച്ച പ്രകടനങ്ങളിലൂടെ ആനന്ദ് ശ്രദ്ധേയനായിരുന്നു. ഈ രണ്ട് ടൂർണ്ണമെന്‍റുകളിലും കേരളത്തിന് വേണ്ടി സെഞ്ച്വറിയും നേടിയിട്ടുണ്ട്