ശ്രുതി പ്രാണന്നോട് ചേർത്ത് പിടിച്ച ജെൻസൻ യാത്രയായി
- Posted on September 12, 2024
- News
- By Varsha Giri
- 185 Views
കല്‍പ്പറ്റ:
സ്വന്തം പ്രാണനൊപ്പമെന്നും ചേർത്ത് പിടിച്ച ജീവിച്ച ജെൻസനും അപകടത്തിൽ പെട്ട് വിട ചൊല്ലിയപ്പോൾ
നാടൊട്ടും ആ സങ്കട കടലിൽ
പെട്ടുലഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 9 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന്റെ നോവോര്‍മ്മകള്‍ മായുംമുമ്പേ മുണ്ടക്കൈ സ്വദേശിനി ശ്രുതിക്ക് ദുരന്തം വിട്ടൊഴിയുന്നില്ല.
കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്വാകര്യ ബസും ഓംനി വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന പ്രതിശ്രുതവരന്‍ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു ജന്‍സണ്‍.
അപകടത്തില്‍ കാലിന് പരിക്കേറ്റ ശ്രുതിയുടെ ഓപറേഷന്‍ ഇന്നലെ നടന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ അങ്കിത്, ലാവണ്യ, മാധവി, രത്മ, അനൂപ്, അനില്‍ കുമാര്‍, കുമാര്‍, ആര്യ എന്നിവരും ചികിത്സയില്‍ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചക്ക് 3.30ഓടെയാണ് കല്‍പ്പറ്റടക്കടുത്ത് വെള്ളാരംകുന്നില്‍ അപകടം നടന്നത്. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസ് നടത്തുന്ന ബട്ടര്‍ഫ്‌ളൈ സും ഓംനി വാനുമാണ് അപകടത്തില്‍പ്പെട്ടത്. ഓമ്‌നി വാന്‍ വെട്ടി പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ജെന്‍സണ്‍ ഒഴികെയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. കല്‍പ്പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുകയാണ് ശ്രുതി.
DNA ടെസ്റ്റിലൂടെ അമ്മ സബിതയുടെ ബോഡി തിരിച്ചറിഞ്ഞശേഷം ആദ്യമായി അമ്മയെ അടക്കിയ സ്ഥലം കാണാൻ പുത്തുമലയിലെ പൊതുശ്മാശാനത്തിൽ കഴിഞ്ഞ ദിവസം ശ്രുതിയും ജെൻസനും എത്തിയിരുന്നു.
ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻ.എം.എസ്. എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്..
ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്.
ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.