ലാജോ ജോസിന്‍റെ 'കോഫി ഹൗസ്' ബോളിവുഡിൽ സിനിമയാവുന്നു
- Posted on October 13, 2021
- Cinemanews
- By JAIMOL KURIAKOSE
- 201 Views
നഗരത്തിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി അഞ്ച് കൊലപാതകങ്ങള്‍ നടക്കുന്നതില്‍ നിന്നാണ് 'കോഫി ഹൗസ്' കഥയുടെ തുടക്കം

ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വായനക്കാരെ കയ്യിലെടുത്ത യുവ എഴുത്തുകാരന്‍ ലാജോ ജോസിന്‍റെ പുസ്‍തകം സിനിമയാവുന്നു. കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' ആണ് സിനിമയാവുന്നത്. ബോളിവുഡിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. നഗരത്തിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി അഞ്ച് കൊലപാതകങ്ങള്‍ നടക്കുന്നതില്‍ നിന്നാണ് 'കോഫി ഹൗസ്' കഥയുടെ തുടക്കം. എസ്‍തര്‍ ഇമ്മാനുവല്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ശ്രമത്തിന്റെ ഫലമായി സംഭവം വലിയ ജനശ്രദ്ധ നേടുന്നു . തുടര്‍ന്ന് നടക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
സിനിമയോടുള്ള താല്‍പര്യം മൂലം എഴുത്തിലേക്ക് എത്തിയ ആളാണ് ലാജോ ജോസ്. "ആദ്യസമയത്ത് സംവിധായകരോടും നടന്മാരോടും കഥ പറയാന്‍ അവരുടെ അപ്പോയിന്‍റ്മെന്‍റ് പോലും കിട്ടുന്നുണ്ടായിരുന്നില്ല. സിനിമയാക്കാന്‍ വച്ച കഥകളാണ് പുസ്തകങ്ങളായി എഴുതിയത്",എന്നും ലാജോ ജോസ് അഭിമുഖത്തിൽ വ്യക്തമാക്കി. റൂത്തിന്‍റെ ലോകം, ഹൈഡ്രാഞ്ചിയ, റെസ്റ്റ് ഇന്‍ പീസ് എന്നിവയാണ് ലാജോയുടെ മറ്റു നോവലുകള്‍.
ചിത്രത്തിലെ താരങ്ങളെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്ന് അറിയിച്ചു.