സുഭദ്രയുടെ ഘാതകരെ കണ്ടെത്തി.
- Posted on September 14, 2024
- News
- By Varsha Giri
- 73 Views
എറണാകുളം കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്ര(72)യെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആലപ്പുഴ കാട്ടൂർ സ്വദേശി നിധിൻ എന്ന മാത്യൂസ് (38), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള (36) എന്നിവരെ മണിപ്പാൽ പെറംപള്ളിയിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു.
സുഭദ്രയെ കാണാനില്ലെന്ന മകൻ രാധാകൃഷ്ണന്റെ പരാതിയിൽ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് ഏഴിന് രജിസ്റ്റർ ചെയ്ത പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കടവന്ത്ര പോലീസിന്റെ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കലവൂരിൽ കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ഒരു വാടകവീട്ടിൽ എത്തിയതായി മനസിലാക്കി. പോലീസ് സംഘം എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കേസ് ഫയൽ തുടരന്വേഷണത്തിനായി സെപ്റ്റംബർ ഏഴിന് ആലപ്പുഴ മണ്ണഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു.
മണ്ണഞ്ചേരി പോലീസിന്റെ തുടരന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ സുഭദ്ര ആ വാടകവീട് വിട്ടുപോയിട്ടില്ലെന്ന് മനസിലായി. വിശദമായ അന്വേഷണം മേസ്തിരിയായ അജയനെ കണ്ടെത്തി. ചോദ്യം ചെയ്യലിലും ഫോൺ പരിശോധനയിലും ഇയാൾക്ക് പ്രതിയായ മാത്യൂസ് പണം നൽകിയതായി മനസിലാക്കി. മാലിന്യം മൂടാനാണെന്നു തെറ്റിദ്ധരിപ്പിച്ച് അജയനെക്കൊണ്ട് മാത്യൂസ് കുഴി എടുപ്പിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം എത്തിയപ്പോൾ കുഴി മൂടിയ നിലയിലാണ് അജയൻ കണ്ടത്.
പോലീസ് സംഘം കുഴി തുറന്നു പരിശോധിച്ചപ്പോണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സാന്നിധ്യം മനസിലാക്കുന്നതിൽ പോലീസ് നായയുടെ സഹായവും ഉണ്ടായിരുന്നു.
പ്രതികളെന്നു സംശയിക്കുന്ന മാത്യൂസും ശർമിളയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലിസ് തിരച്ചിൽ നടത്തി. ഫോൺ, ട്രെയിൻ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ മംഗലാപുരം ഭാഗത്തുണ്ടെന്ന് മനസിലാക്കി. ഇതിൽ ശർമിളയുടെ സ്വദേശമായ ഉഡുപ്പിയിൽ നേരത്തെതന്നെ പോലീസ് സംഘം പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഈ സംഘമാണ് ഉഡുപ്പിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണു കൊലനടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രനാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. DySP മധു ബാബു എം ആർ ന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ രാജേഷ് എം കെ, സബ് ഇൻസ്പെക്ടർ കെ ആർ ബിജു, ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ നിവിൻ ടി ഡി, മോഹൻ കുമാർ ആർ, സുധീർ, സജികുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആർ, ഉല്ലാസ്, SCPO മാരായ ഷൈജു കെ എസ്, വിപിൻ ദാസ്, CPO മാരായ ശ്യാം ആർ, വിഷ്ണു, ശ്യാം കുമാർ ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.