ലക്ഷദ്വീപിൽ കടുത്ത തീരുമാനവുമായി അഡ്മിനിസ്ട്രേറ്റർ; 39 ഉദ്യോഗസ്ഥരെ ഫിഷറീസ് വകുപ്പിൽ സ്ഥലം മാറ്റി
- Posted on May 27, 2021
- News
- By Sabira Muhammed
- 314 Views
കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചിരുന്നു.

ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. അടിയന്തരമായി 39 ഉദ്യോഗസ്ഥരെയാണ് വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് നടപടി ഉണ്ടാവണമെന്നും ഉത്തരവിൽ ആവശ്യപെടുന്നു. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റർ എല്ലാ നിയമന രീതികളും പുനപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ദ്വീപിൽ ചില ഉദ്യോഗസ്ഥരെ 3 വർഷത്തിലൊരിക്കൽ സ്ഥലം മാറ്റുന്നത് പതിവാണ്. എന്നാൽ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുകയാണ്. അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകൾ ഏറ്റെടുക്കാൻ ഇവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുത്ത തീരുമാനവുമായി അഡ്മിനിസ്ട്രേറ്റർ നീങ്ങുന്നത്.