'നിസാരം'; 3 എയര്‍പോര്‍ട്ട്, മെട്രോ, 20 രൂപയ്ക്ക് പെട്രോള്‍; ജനങ്ങളെ പുളകം കൊള്ളിച്ച് തെരഞ്ഞെടുപ്പ് വാഗ്ദാനം!
ഗ്രാമത്തില്‍ മൂന്ന് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനും പെട്രോള്‍ വില ലിറ്ററിന് 20 രൂപയാക്കാനും താന്‍ ശ്രമിക്കുമെന്നുമാണ് ജയ്‍കരണിന്‍റെ അവകാശവാദം.

: തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് സ്ഥാനാര്‍ത്ഥികള്‍ പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്.നല്ല റോഡ്, സൗജന്യ അരി തുടങ്ങി ജനങ്ങളെ ചേര്‍ത്ത് കൂടെ നിര്‍ത്താനാണ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആ വാഗ്ദാനങ്ങള്‍ ഒക്കെ നടപ്പാക്കുന്ന കാര്യം മാത്രം പലപ്പോഴും പലരും മറക്കുമെന്ന് മാത്രം. എന്നാല്‍, ഹരിയാനയിലെ സിര്‍സാദ് എന്ന ഗ്രാമത്തില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇതിനകം തന്നെ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ജയ്‍കരണ്‍ ലത്‍വാള്‍ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പേര്. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേള്‍ക്കുന്ന ആരും ഒന്ന് ഞെട്ടി പോകും. ജയ്‍കരണിന്‍റെ പോസ്റ്റിലെ ആദ്യ ഭാഗം അദ്ദേഹത്തിന്‍റെ അനുഭവ സമ്ബത്തും വ്യക്തിത്വവും വിശദീകരിക്കുന്നതാണ്. താന്‍ വിദ്യാസമ്ബന്നനും കഠിനാധ്വാനിയും ദൃഢനിശ്ചയവും സത്യസന്ധനുമായ വ്യക്തിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
തുടര്‍ന്ന് അദ്ദേഹം പൊതുജനങ്ങളെ ബഹുമാനിക്കുമെന്നും കഠിനമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ അവിടെ ഒന്നും നില്‍ക്കിന്നതല്ല, പോസ്റ്ററിന്‍റെ രണ്ടാം ഭാഗമാണ് ഏറ്റവും ശ്രദ്ധേയം. ജയ്‍കരണിന്‍റെ വാഗ്ദാനം ജനങ്ങളെ പുളകം കൊള്ളിക്കുന്നതാണ്. ഗ്രാമത്തില്‍ മൂന്ന് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനും പെട്രോള്‍ വില ലിറ്ററിന് 20 രൂപയാക്കാനും താന്‍ ശ്രമിക്കുമെന്നുമാണ് ജയ്‍കരണിന്‍റെ അവകാശവാദം.
കൂടാതെ, താന്‍ ജിഎസ്ടി അവസാനിപ്പിക്കുമെന്നും ഗ്യാസ് സിലിണ്ടറിന്റെ വില 100 രൂപയായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. വാഗ്ദാനങ്ങളുടെ പട്ടിക അവിടെയും അവസാനിച്ചില്ല. ഗ്രാമീണര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, എല്ലാ സ്ത്രീകള്‍ക്കും മേക്കപ്പ് കിറ്റുകള്‍, എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ബൈക്കുകള്‍, ആവശ്യക്കാര്‍ക്ക് ദിവസവും ഒരു മദ്യക്കുപ്പി എന്നിവയും നല്‍കും.അല്‍പ്പം കൂടെ കടന്ന് ദില്ലിയുമായി ഗ്രാമത്തെ ബന്ധിപ്പിക്കാന്‍ മെട്രോ ലൈന്‍ സ്ഥാപിക്കുമെന്നും ഗോഹാനയിലേക്ക് ഓരോ 5 മിനിറ്റിലും പൊതുജനങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്രയാണ് പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. എന്തായാലും സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.