ടോട്ടോ - ചാൻ ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി, തെത് സുകൊ കുറോയാനഗി

ഒന്നാം ക്ലാസ്സിന്റെ തുടക്കത്തിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട വികൃതിയായൊരു കുട്ടി, അക്കാര്യം പറഞ്ഞു അവളെ ഒരിക്കലും ടെൻഷൻ അടിപ്പിക്കാതിരുന്ന അമ്മ, സ്കൂളിൽ എല്ലാ കുട്ടികളെയും ഒരുപോലെ കണ്ട്, അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു വളരാൻ അവരെ പ്രാപ്തരാക്കിയ കൊബായാഷി മാസ്റ്ററുടെ റ്റോമോ ഗാ ക്വൻ എന്ന സ്കൂൾ. കൊച്ചു ടോട്ടോയിൽ നിന്നും തെത്സുകൊ കുറോയാനഗി എന്ന എഴുത്തുകാരിയിലേക്കുള്ള വളർച്ച സാധ്യമാക്കിയത് ഇവയെല്ലാമാണ്.

വികൃതി കാണിച്ചതിന്റെ പേരിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ടോട്ടോ ചാൻ എന്ന കുസൃതിക്കുടുക്കയുടെ അമ്മ അവളെ തീവണ്ടി കോച്ചുകളിൽ പ്രവർത്തിക്കുന്ന 'റ്റോമോ ഗാ ക്വെൻ ' എന്ന പുതിയ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. തന്റെ പഴയ സ്കൂളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണീ പുതിയ സ്കൂൾ എന്ന് ടോട്ടോയ്ക്ക് ആദ്യ ദിവസം തന്നെ മനസ്സിലാവുന്നുണ്ട്. എന്നാൽ അമ്മയാവട്ടെ ഈ സ്കൂളിലെങ്കിലും ടോട്ടോ നല്ല കുട്ടിയായി പഠിക്കണേ എന്ന ചിന്തയിലാണ്. എന്നാൽ പോലും പഴയ സ്കൂളിൽ നിന്നും പുറത്താക്കിയതാണെന്നു പറഞ്ഞു മകളെ വിഷമിപ്പിക്കാൻ അമ്മ തയ്യാറാവുന്നില്ല.

റ്റോമോയിലെ പ്രധാനാധ്യാപകനായ കൊബായാഷി മാസ്റ്ററാവട്ടെ ആദ്യ ദിവസം തന്നെ ടോട്ടോയുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളുടെ കേൾവിക്കാരനായത് മണിക്കൂറുകളോളമാണ്. സ്കൂളിൽ പോയി ടോട്ടോ വരുന്നത് പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായിട്ടായി എന്ന് കണ്ടു അമ്മയൊരുപാട് സന്തോഷിച്ചു.

പോളിയോ ബാധിച്ച യാസ്വാക്കി ചാനെയും, കൃശഗാത്രനായ തകാഷിയെയും മറ്റു കുട്ടികളോടൊപ്പം സാധാരണരീതിയിൽ തന്നെ ഇടകലർത്തി പഠിപ്പിക്കുക വഴി കുട്ടികളിൽ ഉണ്ടായേക്കാവുന്ന അപകർഷതാ ബോധത്തെ പാടേ നീക്കാൻ റ്റോമോയ്ക്കും കൊബായാഷി മാസ്റ്റർക്കും സാധിച്ചു.

ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു മത്സരത്തിൽ സമ്മാനം കിട്ടിയ പുസ്തകമായിരുന്നു ടോട്ടോ ചാൻ. വീട്ടിൽ ചെന്ന പാടേ വായിച്ചു തീർക്കുകയും ചെയ്തു. റ്റോമോ യും കൊബായാഷി മാസ്റ്ററുമൊക്കെ കണ്മുന്നിൽ വന്നു നിൽക്കുന്ന പോലെയായിരുന്നു അന്നത്തെ ഒരു ഫീൽ. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് കുട്ടികളെ പരസ്പരം താരതമ്യം ചെയ്യാതെ അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു വളരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന്.

ഹൈസ്കൂൾ തുടക്കത്തിൽ പുസ്തകത്തിലെ ഒരു ഭാഗം വായിച്ചിട്ട് മനസ്സിലാകാതെ വന്നപ്പോൾ അടുത്ത ദിവസം പോയി ടീച്ചറോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി 'ഓവർ സ്മാർട്ട്‌ ആവല്ലേ ' എന്നായിരുന്നു. അതിനു ശേഷം ആ ടീച്ചർ പഠിപ്പിച്ച വിഷയത്തിൽ ഒരു സംശയവും ചോദിക്കാൻ ഞാൻ മെനക്കെട്ടില്ല  എന്നതാണ് വാസ്തവം.

പ്രൈമറി തലത്തിൽ ചോദ്യം ചോദിച്ചിട്ട് ഉത്തരം തൃപ്തികരമല്ലെങ്കിൽ അടി, നുള്ള് ഇത്തരം ശിക്ഷാ നടപടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹൈസ്കൂളിൽ എത്തിയപ്പോൾ ക്ലാസിനുള്ളിൽ തന്നെയോ പുറത്തോ ഇറങ്ങി നിൽക്കണം ആ ഒരു പീരിയഡ് കഴിയും വരെ. ഒരു റൗണ്ട് ചോദ്യം ചോദിച്ചു കഴിഞ്ഞു സമാധാനത്തിൽ ഇരിക്കുമ്പോൾ എന്തേലും കൊനഷ്ട് ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മുട്ടിച്ച ശേഷം അടിച്ചു കൈ പൊട്ടിച്ചിട്ടു പോകുന്നവരും ഉണ്ടായിരുന്നു.

ഒരിക്കലും കുട്ടികളെല്ലാവരും ഒരു കാര്യത്തിലും തുല്യരല്ലെന്ന് ട്രെയിനിങ് സമയത്ത് പഠിച്ചത് സൗകര്യപൂർവം മറക്കുന്നു എല്ലാവരും. അവനെ /അവളെ കണ്ടു പഠിക്കണമത്രേ. എന്തു കാര്യത്തിനാണോ ആവോ? അക്കാലത്തു മാതാപിതാക്കളും മോശമല്ല, ക്ലാസ്സിലെ പഠിപ്പിയെ മാതൃകയാക്കണം, അയലത്തെ അവനെ /അവളെ കണ്ടു അതുപോലെ മാർക്ക് വാങ്ങണം. ഹോ, ഈ വക എന്തൊക്കെ അഭ്യാസങ്ങളായിരുന്നു.

കാലങ്ങൾക്ക് ശേഷം ടോട്ടോ ചാൻ പുനർവായന നടത്തുമ്പോൾ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസമുണ്ട്. ഒരിക്കലും എന്റെ മക്കളെ ഞാൻ അവരോടൊപ്പമോ അല്ലാതെയോ ഉള്ള മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാറില്ല. അവരുടെ കഴിവിനനുസരിച്ചു പഠിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്. പുസ്തകപ്പുഴുക്കളെയല്ല, പഠിച്ച കാര്യം പ്രവർത്തികമാക്കാൻ കഴിവുള്ളവരെയാണ് സമൂഹത്തിനാവശ്യം.മക്കൾ ടോപ് സ്കോർ ചെയ്യുന്നവരല്ലെങ്കിൽ മറ്റുള്ളവരെന്തു വിചാരിക്കും എന്ന് ചിന്തിക്കാതെ അവരെ പ്രഷർ ചെയ്തു അവർക്കെന്തു സംഭവിക്കുമെന്ന് മാത്രം മാതാപിതാക്കൾ ചിന്തിക്കുക. നിർബന്ധിക്കാതിരുന്നാൽ അവരുടെ കഴിവ് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കും.

ഏതായാലും ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠന നിലവാരം മെച്ചപ്പെട്ടിട്ടുണ്ടാവും എന്നാണ് വിശ്വാസം. അധ്യാപകരെ പേടിച്ചു അല്ലാതെ, സംശയനിവാരണം വരുത്താനുള്ള ഉപാധികൾ ഇന്നുണ്ടെന്നു തീർച്ച.

ടോട്ടോ ചാനിലേക്ക് വീണ്ടും, 

ഒന്നാം ക്ലാസ്സിന്റെ തുടക്കത്തിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട വികൃതിയായൊരു കുട്ടി, അക്കാര്യം പറഞ്ഞു അവളെ ഒരിക്കലും ടെൻഷൻ അടിപ്പിക്കാതിരുന്ന അമ്മ, സ്കൂളിൽ എല്ലാ കുട്ടികളെയും ഒരുപോലെ കണ്ട്, അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു വളരാൻ അവരെ പ്രാപ്തരാക്കിയ കൊബായാഷി മാസ്റ്ററുടെ റ്റോമോ ഗാ ക്വൻ എന്ന സ്കൂൾ. കൊച്ചു ടോട്ടോയിൽ നിന്നും തെത്സുകൊ കുറോയാനഗി എന്ന എഴുത്തുകാരിയിലേക്കുള്ള വളർച്ച സാധ്യമാക്കിയത് ഇവയെല്ലാമാണ്.

©സ്വപ്ന

മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പി

Author
Citizen journalist

Swapna Sasidharan

No description...

You May Also Like