231 പേര്‍കൂടി ഭൂമിയുടെ അവകാശികളായി

അടുത്ത വര്‍ഷം നവംബര്‍ ഒന്നിനകം കേരളം അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബവുമില്ലാത്ത സംസ്ഥാനമായിമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതര്‍ക്ക് 3 സെന്റ് വീതം ഭൂമിയുടെ കൈവശാവകാശരേഖ കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആ പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 കുടുംബങ്ങള്‍ക്ക് 3 സെന്റ് വീതം ഭൂമി ലഭ്യമാകുന്നത്. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുവെപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


2016 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ മുന്നേട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ക്ഷേമ പദ്ധതി എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നതാണ്. അതിന്റെ ഭാഗമായി പട്ടയവിതരണം കാര്യക്ഷമമായി നിര്‍വ്വഹിച്ചു. ഇതോടൊപ്പം ലൈഫ് മിഷന്‍ ആരംഭിച്ചു. കഴിഞ്ഞ 8 വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് മൂന്നുലക്ഷത്തി അന്‍പത്തിയെട്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയവും നാലുലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം വീടുകളും നല്‍കാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഭൂമി വിതരണം നടത്തിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


സംസ്ഥാനത്ത് കഴിഞ്ഞ 3 വര്‍ഷങ്ങളിലായി 1,80,887 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 54,535 പട്ടയങ്ങളും രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 67,063 പട്ടയങ്ങളും മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 31,495 പട്ടയങ്ങളും നാലാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇതുവരെ 27,284 പട്ടയങ്ങള്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. 


സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അര്‍ഹതയുള്ളതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാത്തതുമായ ആളുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പട്ടിക തയ്യാറായാല്‍ അദാലത്ത് മാതൃകയില്‍ പട്ടയം മിഷന്‍ വഴി നടപടികള്‍ സ്വീകരിക്കും. വനഭൂമി, ആദിവാസി പട്ടയങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് വിവിധ വകുപ്പുകളുടെ കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യമാക്കുന്നതിന് പൊതുവായ പദ്ധതികള്‍ നടപ്പാക്കുന്നതിനോടൊപ്പംതന്നെ പ്രത്യേക ശ്രദ്ധവേണ്ട വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍കൂടി ഇതിനോടൊപ്പം നടപ്പിലാക്കും. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഏഴായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കി. ശേഷിക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭൂമിയുള്ള ഭവനരഹിതര്‍ക്കായി നടപ്പിലാക്കിവരുന്ന പി.എം.എ.വൈ. അര്‍ബന്‍ ലൈഫ് ഭവന പദ്ധതിയിലൂടെ 10 ഡി.പി.ആര്‍.കളിലായി 2403 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ 1860 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 543 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂമി ആര്‍ജ്ജിച്ച ഗുണഭോക്താക്കള്‍ക്ക് പി.എം.എ.വൈ. അര്‍ബന്‍ വഴി തുടര്‍ന്നും ഡി.പി.ആര്‍. കളില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കും.


കേരള സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി നിലവില്‍ 2017 ലും 2020 ലും ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവന രഹിതരുടേയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടികജാതി വകുപ്പ് മുഖേന 131 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിച്ചിട്ടുണ്ട്. 2017 ല്‍ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളില്‍ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കള്‍ക്ക് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭൂരഹിതഭവനരഹിതരുടെ പുനരധിവാസത്തിനായി വാങ്ങിയ മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കര്‍ സ്ഥലത്ത് 3 സെന്റ് വീതം കൈവശാവകാശം നല്‍കികൊണ്ടാണ് അനുവദിക്കുന്നത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 2020 ലെ ലൈഫ് ലിസ്റ്റ് പ്രകാരം ഭൂരഹിതഭവനരഹിതര്‍ 1717 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.


മാറ്റാംപുറത്ത് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സണ്ണി ചെന്നിക്കര, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറാമ്മ റോബ്‌സണ്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി. ആന്റണി, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Author

Varsha Giri

No description...

You May Also Like