*2025 ൽ സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെടുത്തും: മന്ത്രി വീണാ ജോർജ്*





2025 മാർച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. 


പറവൂര്‍ നിയോജക മണ്ഡലത്തിലെ 74 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. എഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായും മന്ത്രി നിര്‍വഹിച്ചു. 


25 താലൂക്ക് ആശുപത്രികളിലാണ് ഡയാലിസിസ് ചികിത്സ ആരംഭിക്കാനുള്ളത്. 


സർക്കാർ ആശുപതികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. താലൂക്ക് തല ആശുപത്രി മുതലാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ ആരംഭിക്കുന്നത്. മാമോഗ്രാം ഉൾപ്പടെയുള്ള സേവനങ്ങൾ ചില താലൂക്ക് ആശുപത്രികളിലുണ്ട്. 28 ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സ ആരംഭിച്ചിട്ടുണ്ട്. 


കളമശേരി മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിസ്റ്റുകളുടേത് ഉൾപ്പടെ 46 പുതിയ തസ്തികകൾ അനുവദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയാക് തെറാസിക് സർജൻ്റെ തസ്തിക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.


രോഗീ സൗഹൃദമായി ആരോഗ്യ കേന്ദ്രങ്ങൾ മാറണം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, വരാപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചു റാണി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ

തുടങ്ങിയവർ പങ്കെടുത്തു.


                                          സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like