സപ്ലൈകോ ഓണം ഫെയര്‍ - 2024 സെപ്റ്റംബർ അഞ്ചു മുതൽ
- Posted on September 03, 2024
- News
- By Varsha Giri
- 29 Views
സപ്ലൈകോ ഈ വര്‍ഷത്തെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് കിഴക്കേകോട്ട ഇ.കെ നായനാര്‍ പാര്‍ക്കില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫര്‍ നല്‍കി വില്‍പന നടത്തും. പഴം, പച്ചക്കറികള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, എം.എസ്.എം.ഇ ഉല്‍പ്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവ സപ്ലൈകോയുടെ സംസ്ഥാനതല ഫെയറില്‍ ലഭ്യമാകും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും.
ഓണം ഫെയറിലെ സാധനങ്ങളുടെ ലഭ്യതയെ സംബന്ധിച്ച്.
ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ സപ്ലൈകോ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി ആഗസ്റ്റ് മാസം വിവിധ തീയതികളില്‍ നടന്ന ടെണ്ടറില്‍ എല്ലാ ആവശ്യസാധനങ്ങളും ലഭ്യമായിട്ടുണ്ട്. 13 ഇനം അവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട് ലെറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നല്‍കിയിട്ടുണ്ട്. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വില്‍പന ശാലകളിലും എത്തിക്കും.
സപ്ലൈകോ സ്പെഷ്യല്‍ ഡിസ്ക്കൗണ്ട്
പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻവിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‍ലറ്ററീസ് തുടങ്ങി ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവ് നല്‍കുന്നു. 255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പായ്ക്കേജും ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുന്ന. ഓണം ഫെയറുകളിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും വിവിധ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കി വരുന്ന വിലക്കുറവിന് പുറമെ 10% വരെ അധിക വിലക്കുറുവ് നല്‍കുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് (Deep Discount Hours) എന്ന സെയില്‍സ് സ്കീം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേർസ്. കൂടാതെ പ്രമുഖ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍ ഉള്‍പ്പെടെയുള്ള ഓഫറുകളും (50% വരെ വിലക്കിഴിവില്‍) ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്. (വിശദാംശങ്ങള്‍ പ്രത്യേകമായി ഉള്ളടക്കം ചെയ്യുന്നു)
സപ്ലൈകോ ഔട്ട് ലെറ്റ് ഉദ്ഘാടനം
തിരുവനന്തപുരം ജില്ലയില്‍ ഓണത്തിനു മുമ്പ് സപ്ലൈകോയുടെ 5 പുതിയ വില്‍പന ശാലകള്‍ ആരംഭിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കളിപ്പാങ്കുളം, നെടുമങ്ങാട് താലൂക്കില്‍ കോട്ടൂര്‍, അയിരൂപ്പാറ എന്നിവിടങ്ങളില്‍ പുതിയ സൂപ്പര്‍ മാവേലി സ്റ്റോറുകളും കാട്ടാക്കട താലൂക്കില്‍ കുടപ്പനമൂട്ടില്‍ പുതിയ സൂപ്പര്‍ മാര്‍ക്കറ്റും പോത്തന്‍കോട് സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗില്‍ പുതിയ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറും ഇതില്‍ ഉള്‍പ്പെടുന്നു. കോട്ടയം ജില്ലയിലെ കൂരാളിയിലെ മാവേലി സ്റ്റോര്‍ അപ്ഗേഡ് ചെയ്ത് സൂപ്പര്‍ മാര്‍ക്കറ്റായി 31-08-2024ന് പ്രവര്‍ത്തനം ആരംഭിച്ചു.
എ.എ.വൈ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ്
സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സെപ്റ്റംബര്‍ 9 മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സെപ്റ്റംബര്‍ 10 മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. മുന്‍വര്‍ഷങ്ങളിലേതു പോലെ, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് കിറ്റിലെ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥപനമായ മില്‍മ ഉല്‍പാദിപ്പിക്കുന്ന നെയ്യ്, സേമിയ പായസം മിക്സ്, ക്യാഷ്യു ഡവലപ്പ്മെന്റ് കോർപ്പറേഷനില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പ്, കേരള കോക്കനട്ട് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ വെളിച്ചെണ്ണ (കേരജം), സഹകരണ സ്ഥാപനമായ റെയ്ഡ്കോയുടെ ശബരി ബ്രാന്റ് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ശബരി ബ്രാന്റ് തേയില എന്നിവ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും.
എന്‍.പി.എസ്, എന്‍.പി.എന്‍.എസ് കാര്‍ഡുകാര്‍ക്ക് സ്പെഷ്യല്‍ അരി.
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എന്‍.പി.എസ് (നീല), എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും 10 കിലോ അരി 10.90/- രൂപ നിരക്കില്‍ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബര്‍ മാസത്തെ റേഷനോടൊപ്പമാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 29.76 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും ഉള്‍പ്പെടെ ആകെ 52.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സപ്ലൈകോ വഴിയുള്ള അരി വിതരണം 10 കിലോ ആയി വര്‍ദ്ധിപ്പിച്ചു.
സപ്ലൈകോ മുഖേന നിലവില്‍ നല്‍കി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വര്‍ദ്ധിപ്പിക്കും. ജയ, മട്ട, കുറുവ, പച്ചരി എന്നീ ഇനങ്ങള്‍ എല്ലാം ചേര്‍ത്ത് പരമാവധി 10 കിലോ അരി സപ്ലൈകോ വില്‍പന ശാലകളില്‍ നിന്നും വിതരണം നടത്തും.
റേഷന്‍ കടകളിലെ പഞ്ചസാര വിതരണം പുന:സ്ഥാപിക്കും.
മഞ്ഞക്കാര്‍ഡുടമകള്‍ക്ക് നല്‍കി വന്നിരുന്ന 1 കിലോ പഞ്ചസാര കഴിഞ്ഞ കുറേ മാസമങ്ങളായി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. സപ്ലൈകോ പൊതുവിപണിയില്‍ നിന്ന് പഞ്ചസാര വാങ്ങിയാണ് റേഷന്‍കടകളില്‍ വിതരണത്തിന് നല്‍കിയിരുന്നത്. പഞ്ചസാര വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം ഒരു കിലോ പഞ്ചസാര വാങ്ങി നല്‍കുമ്പോള്‍ സപ്ലൈകോയ്ക്ക് 4 രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ സപ്ലൈകോയ്ക്ക് പഞ്ചസാര വാങ്ങി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. (ഒരു കിലോ പഞ്ചസാര വിതരണത്തിനായി റേഷന്‍കടകളില്‍ എത്തിക്കുന്നതിന് സപ്ലൈകോയ്ക്ക് 43 രൂപ ചെലവ് വരും എന്നെ സപ്ലൈകോയ്ക്ക് തിരികെ ലഭിക്കുന്നത് 39 രൂപ മാത്രമാണ്. 18.50 രൂപ കേന്ദ്ര സബ്സഡി, റേഷന്‍ വ്യാപാരികള്‍ സപ്ലൈകോയിലേയ്ക്ക് അടവാക്കുന്ന 20.50 രൂപ) 03/08/2018 ലെ സര്‍ക്കാര്‍ ഉത്തരവ് 31/2018 പ്രകാരമാണ് അവസാനമായി റേഷന്‍കടകളിലൂടെയുള്ള പഞ്ചസാരയുടെ വില വര്‍ദ്ധിപ്പിച്ചത്. അന്ന് 13.50 രൂപയില്‍ നിന്നും 21 രൂപയായിട്ടാണ് വില വര്‍ദ്ധിപ്പിച്ചത്. അന്ന് സപ്ലൈകോ പഞ്ചസാര വാങ്ങിയിരുന്നത് കിലോയ്ക്ക് 31.61 രൂപ നിരക്കിലായിരുന്നു. നിലവില്‍ സപ്ലൈകോ പഞ്ചസാര വാങ്ങുന്നത് 41.90 രൂപയ്ക്കാണ്. ടി സാഹചര്യത്തില്‍ റേഷന്‍കടകളിലൂടെ വില്‍പന നടത്തുന്ന പഞ്ചസാരയുടെ വില വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
OMSS
കഴിഞ്ഞ ഒരു വർഷക്കാലമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം FCIമുഖേന നൽകിവന്നിരുന്ന ഭക്ഷ്യധാന്യവിതരണം കേന്ദ്രസർക്കാർ നിർത്തിവച്ചിരിക്കുകയായിരുന്നു. ഭക്ഷ്യ കമ്മി സംസ്ഥാനമായ കേരളത്തെ പ്രസ്തുത നടപടി ദോഷകരമായി ബാധിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ മന്ത്രിയെ നേരിൽ കണ്ടും കത്തുകൾ മുഖേനയുമുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേന്ദ്രസർക്കാർ OMSSപ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം 01/07/2024 മുതൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതി പ്രകാരം ഉള്ള പച്ചരി കിലോയ്ക്ക് 28 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. (ഗതാഗത കൈകാര്യ ചെലവുകൾ ഒഴികെ) എന്നാൽ OMSS പ്രകാരമുള്ള അരി വിട്ടെടുക്കുന്നതിനായി സപ്ലൈകോ അധികൃതർ FCIഗോഡൗണുകളിൽ എത്തിയപ്പോഴാണ് പല ഗോഡൗണുകളിലും ഇതിനായി മാറ്റി വച്ചിട്ടുള്ള അരി വിതരണ യോഗ്യമല്ല എന്ന് കണ്ടത്. സംസ്ഥാനത്തെ വിവിധ FCI ഗോഡൗണുകളില്‍ OMSS നായി നീക്കി വച്ചിട്ടുള്ള അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സപ്ലൈകോ ക്വാളിറ്റി അഷ്വറസ് മാനേജറെയും റേഷനിംഗ് കൺട്രോളറെയും ചുമതലപ്പെടുത്തുകയുണ്ടായി. ഇവരുടെ പരിശോധനയിൽ OMSS വിതരണത്തിനായി കഴക്കൂട്ടം FCI ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള അരി ഒഴികെ ബാക്കി ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള അരി വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തുകയുണ്ടായി. അരിയുടെ നിറവ്യത്യാസവും പൊടിയുടെ അമിതമായ സാന്നിധ്യവുമാണ് കാരണങ്ങളായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത്. കഴക്കൂട്ടം ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള അരി മാത്രമാണ് മില്‍ ക്ലീനിങ്ങിന് ശേഷം വിതരണം ചെയ്യാൻ കഴിയുന്നത്. ആയത് പ്രകാരം ആദ്യഘട്ടം എന്ന നിലയിൽ 200 MT അരി വിട്ടെടുക്കുന്നതിനുള്ള നടപടി സപ്ലൈകോ സ്വീകരിച്ചെങ്കിലും തുക അടയ്ക്കാൻ എത്തിയപ്പോൾ ഒരു കിലോ അരിക്ക് 31.73 രൂപ അടയ്ക്കണമെന്നാണ് FCI അധികൃതർ അറിയിച്ചത്. ഇതിനുപുറമെ ഗതാഗത കൈകാര്യചെലവ്, ക്ലീനിംഗ് ചെലവ് എന്നീ ഇനങ്ങളില്‍ കിലോയ്ക്ക് 3/- രൂപ ചിലവ് വരും. കൂടാതെ മിൽ ക്ലീനിങ് നടത്തുമ്പോൾ ഭക്ഷ്യധാനത്തിന്റെ അളവിൽ 10% വരെ കുറവുണ്ടാകും ഇങ്ങനെ വരുമ്പോൾ
FCIയിൽ നിന്നും വിട്ട് എടുക്കുന്ന ഒരു കിലോ അരിയുടെ വില - 31.73
സപ്ലൈകോ വഹിക്കേണ്ട ഗതാഗത കൈകാര്യച്ചിലവ്,
ക്ലീനിംഗ് ചാർജ്ജ് (ഒരു കിലോയ്ക്ക്) - 3.00
മില്‍ ക്ലീനിംഗ് നടത്തുമ്പോള്‍ നഷ്ടമാകുന്ന
ഭക്ഷ്യധാന്യത്തിന്റെ ഏകദേശ വില - 2.50
ഇത്തരത്തിൽ FCI യിൽ നിന്നും പച്ചരി വിട്ട് എടുക്കുമ്പോൾ സപ്ലൈകോക്ക് ഒരു കിലേയ്ക്ക് 37.23 ചെലവാകുന്നു. എന്നാൽ ഇ-ടെൻഡറിംഗിലൂടെ സപ്ലൈകോയ്ക്ക് ശരാശരി 35-36 രൂപയ്ക്ക് പച്ചരി ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ OMSS പ്രകാരം അനുവദിച്ച പച്ചരി വിട്ടുകൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചെങ്കിലും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ ഉണ്ടായിട്ടുള്ളത്.
1000 കെ -സ്റ്റോറുകള്‍ എന്ന ലക്ഷ്യം പൂർത്തിയാകുന്നു.
സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റേഷന്‍കടകളെ ആധുനീകവത്കരിച്ച് പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ആരംഭിച്ച കെ-സ്റ്റോറുകള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭ്യമായത്. 2023 മെയ് മാസം ആരംഭിച്ച കെ-സ്റ്റോർ പദ്ധതി ഓണത്തിനു മുമ്പ് 1000 കെ-സ്റ്റോറുകള്‍ എന്ന ലക്ഷ്യം പൂർത്തിയായി വരികയാണ്. 1000- ാമത്തെ റേഷന്‍കട സെപ്റ്റംബർ 6-ാം തീയതി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കില്‍ അമ്പൂരിയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി 46 ഉദ്ഘാടനം ചെയ്യും. റേഷന്‍കടകളിലൂടെ ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍, CSC സേവനങ്ങള്‍, ഛോട്ടു ഗ്യാസ്, വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള MSMEഉല്‍പ്പന്നങ്ങള്‍ എന്നിവ കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കി വരുന്നു. സാധാരണക്കാർക്ക് മികച്ച സേവനങ്ങളും റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനമാർഗ്ഗം എന്ന ലക്ഷ്യത്തോടെയുമാണ് കെ-സ്റ്റോർ ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷിക്കത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 100 ദിന കർമ്മപരിപാടിയുടെ ഭാഗമാണ് ഓണത്തിനു മുമ്പ് 1000 കെ-സ്റ്റോറുകള്‍ എന്ന പദ്ധതി.
ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ നല്‍കുന്ന പ്രധാനപ്പെട്ട ഓഫറുകളില്‍ ചിലത് .
ITC Sunfeast, Sweat & Salt biscuit 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കും. ITC Sunfeast Yippee Noodles 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
ITC Moms Magic 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
Safola Oats 1 KG യ്ക്ക് 300 ഗ്രാം 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
Kelots Oats 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിണ്‍സ് അപ്പം/ഇടിയപ്പംപൊടി 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക് ലഭിക്കും.
ഡാബർ ഹണി ഒരു ബോട്ടില്‍ 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് ലഭിക്കും കൂടാതെ ഒന്ന് ഫ്രീ.
ഏരിയല്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് രണ്ട് ലിറ്റർ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക് ലഭിക്കും കൂടാതെ 500 മി.ലി ഫ്രീ.
നമ്പീശന്‍സ് നെയ്യ് 500 ഗ്രാം 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക് ലഭിക്കും.
നമ്പീശന്‍സ് നല്ലെണ്ണ 500 ഗ്രാം 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിണ്‍സ് ഫ്രൈഡ് റവ 1 കിലോ 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിണ്‍സ് ചമ്പാപുട്ടുപൊടി 1 കിലോ 140 രൂപ വിലയുള്ളത് 118 രൂപയ്ക്ക് ലഭിക്കും.
ഈസ്റ്റേണ്‍ കായം സാമ്പാര്‍ പൊടി 52 രൂപ വിലയുള്ളഥ് 31.36 രൂപയ്ക്ക് ലഭിക്കും.
സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ 4 കിലോ 450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് ലഭിക്കും കൂടാതെ ഒരു ബക്കറ്റ് ഫ്രീ.
സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ 4 കിലോ 445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ലഭിക്കും കൂടാതെ 2 കിലോ ഫ്രീ.
ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകള്‍) 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക് ലഭിക്കുന്നു
സ്വന്തം ലേഖകൻ